ജൂലൈ 11ന് പെട്രോൾ പമ്പുകൾ അടച്ചിടും

0
91

പമ്പുകളിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന മാറ്റുന്ന രീതിയിൽ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോൾ പമ്പ് ഉടമകൾ 24 മണിക്കൂർ പമ്പുകൾ അടച്ചിട്ട് സമരംചെയ്യുമെന്ന് സംയുക്ത സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനവ്യാപകമായി 10ന് അർധരാത്രി തുടങ്ങുന്ന സമരം 11ന് അർധരാത്രി അവസാനിക്കും. പെട്രോളിയം ഡീലേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.

പ്രതിഷേധത്തിന്റെ ഭാഗമായി തിങ്കളാഴ്ചമുതൽ പ്രീമിയം ഉൽപ്പന്നങ്ങൾ എടുക്കുന്നത് പമ്പുകൾ നിർത്തിവെച്ചു. എട്ടുമുതൽ 10വരെ തീയതികളിൽ സ്റ്റോക്കെടുക്കാതെ 11ന് സമരം നടത്താനാണ് കമ്മിറ്റിയുടെ തീരുമാനമെന്നും അവർ പറഞ്ഞു. പനമ്പിള്ളിനഗറിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സംസ്ഥാന ഓഫീസിന് മുന്നിൽ വായ മൂടിക്കെട്ടി ധർണയും 11ന് സംഘടിപ്പിക്കും. വാങ്ങിയവിലയേക്കാൾ കുറഞ്ഞവിലയ്ക്കും ഓരോ ദിവസവും വിൽക്കാൻ നിർബന്ധിതമാകുന്നതോടെ നഷ്ടം കൂടി വരികയാണെന്നും അവർ പറഞ്ഞു.

മൂന്നു പൊതുമേഖലാ കമ്പനികളും പമ്പുടമകളെ വഞ്ചിക്കുന്ന നിലപാടാണു സ്വീകരിക്കുന്നത്. പെട്രോളിയം മന്ത്രാലയം ഇതിനു കൂട്ടുനിൽക്കുകയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസരിച്ചു പമ്പുകളിൽ മാറ്റം വരുത്തുന്നതാണ് പുതിയ രീതിയെന്നാണ് കമ്പനികൾ പറയുന്നത്. എന്നാൽ രാജ്യാന്തര മാർക്കറ്റിൽ വില മാറാത്ത ശനിയും ഞായറും പമ്പുകളിൽ വില മാറ്റാൻ ആവശ്യപ്പെടുന്നത് എന്തിനാണെന്ന് എണ്ണ കമ്പനികൾ വ്യക്തമാക്കണം. ദിവസവും വില മാറുന്ന രീതിയെ എതിർക്കുകയല്ലെന്നും മറിച്ചു ഡീലർമാർക്കു നഷ്ടംവരാത്ത രീതിയിൽ ശാസ്ത്രീയമായി നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പെട്രോളിയം ഡീലേഴ്‌സ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാർ ആർ ശബരിനാഥ് പറഞ്ഞു.

ദൈനംദിന വിലമാറ്റത്തിൽ സുതാര്യത ഉറപ്പാക്കുന്നതു കൂടാതെ അഞ്ച് ആവശ്യങ്ങൾ ഉന്നയിച്ചാണ് പമ്പുടമകളുടെ സംയുക്ത കമ്മിറ്റി പ്രക്ഷോഭത്തിലേക്കു കടക്കുന്നത്. കമ്പനികൾ ഏർപ്പെടുത്തിയിരിക്കുന്ന മാർഗനിർദേശ രേഖകൾ പരിഷ്‌കരിക്കുക, ഡീലർമാരുടെ കമീഷൻ വർധിപ്പിക്കുക, കാലങ്ങളായി ആവശ്യപ്പെടുന്ന അപൂർവചന്ദ്ര കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണു ഉന്നയിക്കുന്നത്.