ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇഗ്നോയില്‍ ഇനി മുതല്‍ ഫ്രീയായി പഠിക്കാം. ഇത്തരം വിദ്യാര്‍ത്ഥികളെ ഫീസില്‍ നിന്ന് ഒഴിവാക്കിയുള്ള വിജ്ഞാപനം ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി പുറത്തിറക്കി. ഇഗ്നോ നടത്തുന്ന എല്ലാ കോഴ്സുകള്‍ക്കും ഈ ഫീസിളവ് ബാധകമാണ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ മെഡിക്കല്‍ ഓഫീസറോ നല്കുന്ന സര്‍ട്ടിഫിക്കറ്റോ ആധാര്‍ കാര്‍ഡോ ഹാജരാക്കിയാല്‍ ഫീസളവ് നേടാം. ഇത് സംബന്ധിച്ച് എല്ലാ മേഖലാ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പല കാരണങ്ങള്‍ കൊണ്ടും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ട്രാന്‍ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്ക് പുതിയ നടപടി സഹായകരമാകുമെന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം അഭിപ്രായപ്പെട്ടു. ഇത് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്കുന്ന തീരുമാനമാണെന്നും ശീതള്‍ പറഞ്ഞു.