നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന്

0
196

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവ്. ഓടുന്ന വാഹനത്തിൽ നടിയെ പ്രതി പൾസർ സുനി ശാരീരികമായി അപമാനിക്കുന്നതിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലാണ് പോലീസ്. തന്നെ സുനി ഉപദ്രവിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന് നടി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. നടിയെ ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പുഴയിലെറിഞ്ഞെന്നും അഭിഭാഷകനെ ഏൽപിച്ചെന്നുമൊക്കെയാണ്
ചോദ്യംചെയ്യലിൽ സുനി ആദ്യം പറഞ്ഞിരുന്നത്. കൂട്ടുപ്രതിവഴി നടി കാവ്യാമാധവന്റെ കാക്കനാട്ടുള്ള വ്യാപാരസ്ഥാപനത്തിലേൽപ്പിച്ചെന്ന് പിന്നീട് പറഞ്ഞു. ഈ സ്ഥലങ്ങളിലൊക്കെ പോലീസ് തിരച്ചിൽ നടത്തിയിരുന്നു. മെമ്മറികാർഡ് കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നടിയെ അപമാനിക്കുന്നതിന്റേതെന്നു സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചതായി സമ്മതിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആക്രമണത്തിന് ഇടയാക്കിയതെന്നുമുള്ള അനുമാനത്തിലാണ് പോലീസ്. കേസിൽ അന്വേഷണം വേഗത്തിലാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. അന്വേഷണപുരോഗതി വിലയിരുത്താൻ പോലീസ് ആസ്ഥാനത്ത് ഞായറാഴ്ച യോഗംവിളിച്ചിരുന്നു.