പത്മനാഭസ്വാമി ക്ഷേത്രത്തിലെ വജ്രങ്ങൾ കാണാനില്ല; റിപ്പോർട്ട് സുപ്രീംകോടതിയിൽ

0
74

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയിൽ ഐപിഎസ് ഉദ്യോഗസ്ഥനായ എച്ച് വെങ്കിടേഷിനെ നിയമിക്കണമെന്ന അമിക്കസ് ക്യൂറിയുടെ ആവശ്യവും കോടതി ഇന്ന് പരിഗണിച്ചേക്കും. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹർ അദ്ധ്യക്ഷനായ ബെഞ്ച് ഇതുസംബന്ധിച്ച കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയിരിക്കുന്നത്.

എൺപത് വർഷത്തോളം പഴക്കമുള്ള വജ്രങ്ങളാണ് കാണാതായിരിക്കുന്നത്. 2015 ഓഗസ്റ്റിലാണ് വജ്രങ്ങൾ കാണാതായത്. എക്സിക്യൂട്ടിവ് ഓഫീസറുടെ റിപ്പോർട്ടിൽ 21 ലക്ഷം രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നെങ്കിലും കാണാതായ വജ്രങ്ങളുടെ യഥാർത്ഥ മതിപ്പുവില ഇതിനെക്കാൾ കൂടുതലാകും എന്നാണ് കരുതുന്നത്.

വജ്രങ്ങൾക്ക് കേടുപാടുണ്ടായി എന്നാണ് ഇതുസംബന്ധിച്ച ഫയലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കാണാതായ സംഭവം കേടുപാടുണ്ടായി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഗൗരവകരമായ പിഴവാണെന്നും ഇതുസംബന്ധിച്ച് കോടതി അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം നൽകിയ 26 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്.

വജ്രം കാണാതായതുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞ ഓഗസ്റ്റ് ആറിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചിട്ടുണ്ട്. ഈ സംഭവം പരിശോധിക്കുന്നതിൽ അന്നത്തെ ഭരണസമിതിക്ക് വീഴ്ച സംഭവിച്ചു. അതിനാൽ വജ്രം കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണത്തിന്റെ റിപ്പോർട്ട് തേടുകയോ സമഗ്രമായ അന്വേഷണത്തിന് കോടതി ഉത്തരവിടുകയോ ചെയ്യണമെന്നാണ് അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്.