മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി വിപണി വിലയേക്കാള്‍ പകുതി വിലയുള്ളതും സാധാരണക്കാര്‍ക്ക് ലഭ്യമായതുമായ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം പദ്ധതിയിടുന്നു. പുതിയ ടെലികോം സെക്രട്ടറിയായി ചുമതലയേറ്റ അരുണാ സുന്ദരരാജനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കൂടാതെ പുതിയ ടെലികോം നയം ഈ വര്‍ഷം അവസാനത്തേടെ പുറത്തിറക്കുമെന്നും, ടെലികോം-ഐ.ടി. സാങ്കേതികമേഖലയില്‍ വനിതകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് പുതിയ പദ്ധതിക്ക് ഡിജിറ്റല്‍ ഇന്ത്യയുടെ കീഴില്‍ രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
5 ജി ഉള്‍പ്പെടെയുള്ള നവീന സാങ്കേതികത, സൈബര്‍ സുരക്ഷ, യൂണിവേഴ്സല്‍ മൊബൈല്‍ കണക്ടിവിറ്റി, പുതിയ സര്‍വീസുകള്‍, ടെലികോം മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള അന്തരീക്ഷം തുടങ്ങിയവ പരിഗണിച്ചുകൊണ്ടുള്ള ടെലികോം നയമായിരിക്കും ആവിഷ്കരിക്കുന്നത്.
ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി സ്ത്രീകളുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ വഴി സാങ്കേതിക സഹായം, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനുള്ള സഹായം, വെഞ്ച്വര്‍ ഫണ്ടിങ് വഴി സഹായധനം തുടങ്ങിയവയാണ് സ്ത്രീകള്‍ക്ക് നല്‍കുന്നത്.
ഭാരത് നെറ്റ് വഴി രണ്ട് ലക്ഷം ഗ്രാമങ്ങളില്‍ ഉടന്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കും. 21,000 ഗ്രാമപ്പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
ഇരുപതിനായിരം ഗ്രാമങ്ങളില്‍ ഇത് പൂര്‍ത്തിയായി വരുന്നു. ടെലികോം സേവനങ്ങള്‍ ഇതുവരെ ലഭ്യമല്ലാത്ത ഗ്രാമങ്ങളെ ടെലികോം ശൃംഖലയില്‍ എത്തിക്കുന്നതിനുള്ള പദ്ധതിയും ഉടന്‍ നടപ്പാക്കുമെന്ന് ടെലികോം സെക്രട്ടറി അറിയിച്ചു.