പുതുവൈപ്പ് സമരം ശക്തമാക്കാന്‍  എൽപിജി വിരുദ്ധ ജനകീയ സമിതി

0
100

പുതുവൈപ്പ് ഐഒസി ടെർമിനലിനെതിരായ സമരം കൂടുതൽ ശക്തമാക്കി എൽപിജി വിരുദ്ധ ജനകീയ സമിതി. ഇതിന്റെ ഭാഗമായി ഹൈക്കോടതി ജംഗ്ഷനിൽ ഇന്ന് എട്ട് മണിക്കൂർ പ്രതിഷേധ സംഗമം നടത്താൻ സമിതി തീരുമാനിച്ചു. അതിനിടെ, പുതുവൈപ്പ് എൽപിജി ടെർമിനലുമായി ബന്ധപ്പെട്ട് ഐഒസി നൽകിയ പത്രപരസ്യം വാസ്തവവിരുദ്ധമാണെന്നും സമരസമിതി ആരോപിച്ചു.

ഒരാഴ്ചത്തെ വിശ്രമത്തിനുശേഷമാണ് പുതുവൈപ്പ് എൽപിജി വിരുദ്ധസമരക്കാർ പ്രതിഷേധവുമായി വീണ്ടും നഗരത്തിലേക്ക് എത്തുന്നത്. രാവിലെ പത്തു മണിമുതൽ വൈകിട്ട് ആറു വരെയാണ് പുതുവൈപ്പ് എളങ്കുന്നപ്പുഴ പഞ്ചായത്തുകളിലെ നൂറ് കണക്കിന് ആളുകളെ അണിനിരത്തിയുള്ള പ്രതിഷേധ സംഗമം.

പുതുവൈപ്പിലെ പാചകവാതക ഇറക്കുമതി ടെർമിനൽ പദ്ധതി സംബന്ധിച്ച വസ്തുതകൾ എന്ന പേരിൽ ഐഒസി നൽകിയ മുഴുനീള പത്രപരസ്യത്തിനെതിരെയും പ്രദേശവാസികൾ അമർഷത്തിലാണ്. വസ്തുതാപരമായി അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പരസ്യത്തിലൂടെ വിവരിച്ച് ജനവികാരം പുതുവൈപ്പുകാർക്ക് എതിരാക്കാനാണ് ഐഒസി ശ്രമിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

എൽപിജി സംഭരണകേന്ദ്രവുമായി സംബന്ധിച്ച ആശങ്കകളെകുറിച്ച പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നായിരുന്നു ജൂൺ 21ന് തിരുവന്തപുരത്ത് നടന്ന ചർച്ചയിൽ സമരക്കാർ മുഖ്യമന്ത്രി നൽകിയ ഒരു ഉറപ്പ്. പക്ഷേ അത് പാലിക്കാനും സർക്കാർ തയാറായിട്ടില്ല.