ഫെനിയുടെ മൊഴി : മഞ്ജുവിന്റെയോ റിമയുടെയോ പേരു പറയാൻ സമ്മർദമുണ്ടായി

0
3824

മാഡം ആരെന്ന ചോദ്യത്തിന്  മഞ്ജു വാര്യരുടെയോ റിമാ കല്ലിങ്കലിന്റെയോ പേരു പറയാൻ ചിലർ സമ്മർദം ചെലുത്തിയെന്ന് ഫെനി ബാലകൃഷ്ണൻ. ആലുവ പൊലീസ് ക്ലബ്ബിലെത്തി മൊഴി നൽകവെയാണ് ഫെനി ഇക്കാര്യം പറഞ്ഞത്. തനിയ്ക്കറിയാവുന്നവരും പരിചയമില്ലാത്ത ചിലരും തന്നെ നേരിട്ട് വന്ന് കണ്ടാണ് സമ്മർദം ചെലുത്തിയതെന്നും ഫെനി മൊഴി നൽകി.
പൾസർ സുനിയ്ക്ക് കീഴടങ്ങാൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സുനിയുടെ രണ്ട് സുഹൃത്തുക്കൾ തന്നെ സമീപിച്ചിരുന്നതായി ഫെനി ബാലകൃഷ്ണൻ നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. മാവേലിക്കര കോടതിയിൽ കീഴടങ്ങാൻ സൗകര്യമൊരുക്കാമെന്ന് അവരെ അറിയിച്ചപ്പോൾ അത് മാഡത്തിനോട് ചോദിച്ച ശേഷം അറിയിക്കാം എന്നാണ് അവർ പറഞ്ഞതെന്നും ഫെനി സൂചിപ്പിച്ചിരുന്നു. ഇക്കാര്യങ്ങൾ ദിലീപിനെ വിളിച്ച് പറഞ്ഞിരുന്നുവെന്നും ഫെനി വ്യക്തമാക്കിയിരുന്നു.
ഫെനി വിളിച്ച കാര്യം ദിലീപും അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഫെനി ബാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചപ്പോഴാണ് ചിലർ തന്നെ വന്നു കണ്ടതായി ഫെനി പറഞ്ഞിരിക്കുന്നത്. സുനിയുടെ സുഹൃത്തുക്കൾ സംസാരത്തിനിടെ പരാമർശിച്ച മാഡം ആരാണെന്ന് പൊലീസ് ചോദിക്കുമ്‌ബോൾ മഞ്ജു വാര്യരുടെയോ റിമാ കല്ലിങ്കലിന്റെയോ പേര് പറയാൻ അവർ സമ്മർദം ചെലുത്തി. തനിക്ക് നേരിട്ടറിയാവുന്നവരും പരിചയമില്ലാത്തവരും സമ്മർദം ചെലുത്തിയവരുടെ കൂട്ടത്തിലുണ്ട്. അവരെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനോട് വിശദമായി സംസാരിച്ചിട്ടുണ്ടെന്നും ഫെനി പറഞ്ഞു.സിനിമാ രംഗത്തുള്ളവർ സമ്മർദം ചെലുത്തിയവരുടെ കൂട്ടത്തിൽ ഉണ്ടോ എന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്താൻ ഫെനി തയ്യാറായില്ല. ഫെനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവർക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.