കൊച്ചി: മഹാരാജാസ് കോളേജില്‍ കസേര കത്തിച്ച സംഭവത്തിനു പിന്നിൽ പ്രിൻസിപ്പാളിന്റെ അതി തീവ്ര നിലപാടുകളാണെന്ന് രൂക്ഷ വിമര്‍ശനവുമായി അന്വേഷണ റിപ്പോര്‍ട്ട്.
പ്രിന്‍സിപ്പാള്‍ എന്‍എല്‍ ബീനയുടെ കടുംപിടിത്തവും അതിതീവ്രമായ നിലപാടുകളുമാണ് വിദ്യാര്‍ത്ഥികളെയും ഒരു വിഭാഗം അദ്ധ്യാപകരേയും പ്രിന്‍സിപ്പാളിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദളിത് വിദ്യാര്‍ത്ഥികള്‍ ഉള്പെടെയുള്ളവര് ഭക്ഷണം പോലും കഴിക്കാനാകാതെ വിഷമിച്ചു. വിദ്യാര്‍ത്ഥിനികളോടുള്ള പ്രിന്‍സിപ്പാളിന്റെ സമീപനം മോശമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കസേര കത്തിച്ച സംഭവം യാദൃശ്ചികമായി ഉണ്ടായതല്ല. ക്യാംപസിലുണ്ടായിരുന്നു അസ്വസ്ഥതകള്‍ കാലക്രമേണ വന്‍പ്രതിഷേധമായി മാറുകയായിരുന്നു. മഹാരാജാസ് കോളേജ് രാമവര്‍മ്മ മെന്‍സ് ഹോസ്റ്റല്‍ പൂട്ടിയതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ടായിരുന്നതായും അന്വേഷണറിപ്പോർട്ടിൽ പറയുന്നു.
പ്രിന്‍സിപ്പാളുടെ കസേര കത്തിച്ച് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകരുടെ നടപടി ന്യായീകരിക്കാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കോളേജിലെ പഠനാന്തരീക്ഷം തകര്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ ഉചിത നടപടി സ്വീകരിക്കണം. ചില അദ്ധ്യാപകരുടെ പെരുമാറ്റത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയുണ്ട്. ഇവര്‍ മഹാരാജാസില്‍ തുടരുന്നത് ഉചിതമല്ലെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.