മുഖ്യനെ ചുറ്റിക്കുന്നത് മൂവര്‍ സംഘം : സെന്‍കുമാര്‍ 

0
518

ഔദ്യോഗീക യാത്രയയപ്പ് തടയാനും ശ്രമം നടന്നു 

by വെബ്‌ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയനെയും തന്നെയും തെറ്റിക്കാന്‍ ശ്രമിച്ചത്‌ മൂവര്‍ സംഘമാണ്സ്ഥാ എന്ന് മുന്‍ ഡി.ജി.പി സെന്‍കുമാര്‍. സ്ഥാനമൊഴിഞ്ഞ പോലീസ് മേധാവി ടി പി സെൻകുമാറിനെതിരെ അദ്ദേഹം വിരമിക്കുന്നതിനു മുമ്പ് ഒരു കേസെടുക്കാൻ മൂവര്‍ സംഘം ശ്രമിച്ചെങ്കിലും പിണറായി  താൽപര്യം കാട്ടാതിരുന്നതുകൊണ്ടു മാത്രമാണ് അത് നടക്കാതെ പോയതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

ചീഫ് സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ, എഡിജിപി ടോമിൻ ജെ തച്ചങ്കരി എന്നിവർ ചേർന്നാണ് സെൻകുമാറിനെതിരെ കേസെടുപ്പിക്കാൻ നീക്കം നടത്തിയത്. തച്ചങ്കരിയെ കൈയേറ്റം ചെയ്തുവെന്ന കേസോ പോലീസ് ആസ്ഥാനത്തെ ആരോടെങ്കിലും മോശമായി പെരുമാറിയെന്ന കേസോ ഉൾപ്പെടെയാണ് പരിഗണിച്ചത്. എന്നാൽ മുഖ്യമന്ത്രി അതിനു കൂട്ടുനിന്നില്ല. ശരിക്കുമുള്ള കേസാണെങ്കിൽ ആലോചിച്ചാൽ മതിയെന്നും തട്ടിക്കൂട്ടു കേസൊന്നും വേണ്ടെന്നും അദ്ദേഹം ശക്തമായി താക്കീതു ചെയ്തത്രേ. ഇവർ മൂന്നുപേരുംകൂടി മുഖ്യമന്ത്രിയെ നേരിട്ടു കണ്ടുവെന്നാണ് സെൻകുമാർ പറയുന്നത്. തച്ചങ്കരിയെ കൈയേറ്റം ചെയ്തുവെന്ന പരാതിയിൽ നേരത്തേ സെൻകുമാർ ചീഫ് സെക്രട്ടറിക്ക് മറുപടി നൽകിയിരുന്നു.

സെൻകുമാറിന് യാത്രയയപ്പ് നൽകാതിരിക്കാനും ശ്രമമുണ്ടായി. തച്ചങ്കരിയായിരുന്നത്രേ അതിനും പിന്നിൽ. അവിടെയും ഇടപെട്ടത് മുഖ്യമന്ത്രിയാണ്. മറ്റേത് ഡിജിപിക്കും കൊടുത്തതുപോലെ എല്ലാ ഔദ്യോഗിക മര്യാദകളോടെയും സെൻകുമാറിനും യാത്രയയപ്പ് നൽകണമെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചത് എന്നാണ് വിവരം. അങ്ങനെ ചെയ്യാതിരിക്കുന്നത് ഈ സർക്കാരിനെതിരെ ഏറ്റവും വലിയ വിമർശനമായി മാറുമെന്നും പിണറായി ഓർമിപ്പിച്ചു. രണ്ടാമത് ഡിജിപിയായി ചുമതലയേറ്റ ശേഷമുള്ള 55 ദിവസത്തിനിടെ പതിനഞ്ച് വട്ടം മുഖ്യമന്ത്രിയുമായി സെൻകുമാർ കൂടിക്കാഴ്ച നടത്തി. അതെല്ലാം സൗഹാർദപരമായിരുന്നുവെന്നും സെൻകുമാർ പറയുന്നു. ‘മൂവർ സംഘം’ആണത്രേ പിണറായിക്ക് തെറ്റായ വിവരങ്ങൾ നൽകിക്കൊണ്ടിരുന്നത്.