റെയില്‍വേ പാളത്തിലെ സിഗ്നൽപെട്ടി: അന്വേഷണം ഊർജ്ജിതം

0
69

കായംകുളം: റെയില്‍വേ പാളത്തില്‍ സിഗ്‌നല്‍പ്പെട്ടി വച്ച സംഭവത്തില്‍ പൊലിസും റെയില്‍വേ സുരക്ഷാസേനയും അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ അട്ടിമറി സാധ്യത മുന്‍ നിര്‍ത്തിയുള്ള അന്വേഷണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കായംകുളം റെയില്‍വേ സ്റ്റേഷന് തെക്ക് ചേരാവള്ളി ലെവല്‍ ക്രോസിന് സമീപം വച്ചായിരുന്നു സംഭവം.

ചെന്നൈ എക്‌സ്പ്രസ് കടന്നുപോയ പാളത്തിലാണ് സിഗ്നല്‍പ്പെട്ടി വച്ചിരുന്നത്. 80 കിലോയോളം തൂക്കമുള്ള സിഗ്‌നല്‍പെട്ടി വന്‍ ശബ്ദത്തോടെ തീവണ്ടി തട്ടി പൊട്ടിച്ചിതറുകയായിരുന്നു. തുടര്‍ന്ന് ലോക്കോ പൈലറ്റ് വണ്ടി നിര്‍ത്തി വിവരം കായംകുളം സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചു. റെയില്‍വേ സംരക്ഷണ സേനയും ഉന്നത പൊലിസ് സംഘവും ഉടന്‍ സ്ഥലത്തെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തി.

പാളത്തിനരികിലെ സിഗ്‌നല്‍ ബോക്‌സാണ് ഇളക്കി വച്ചിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി. അട്ടിമറി സാധ്യതയാണെന്ന് ഇതുവരെ സ്ഥിരികരിക്കാറായില്ലെന്നാണ് റെയില്‍വേ സംരക്ഷണസേന പറയുന്നത്. സമാന രീതിയില്‍ മുമ്പും ചില സംഭവങ്ങള്‍ കായംകുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ റെയില്‍ പാളങ്ങളില്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ ഗൗരവതരമായ അന്വേഷണമാണ് നടക്കുന്നത്. ആര്‍.പി.എഫ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എസ്.ഗോപകുമാര്‍, കൊല്ലം സി.ഐ ആര്‍.എസ് രാജേഷ്, എസ്.ഐ മീന എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ ഇന്നലെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ചേരാവള്ളി ലെവല്‍ ക്രോസിന് സമീപം വളവുള്ള ഭാഗത്തായിരുന്നു സംഭവം. പൊട്ടിത്തെറിച്ച സിഗ്‌നല്‍ പെട്ടി ഭാഗങ്ങള്‍ പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി.