വിവാദ പരാമര്‍ശം: സെന്‍കുമാറിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി തച്ചങ്കരി

0
60

മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെതിരെ നിയമ നടപടിക്കൊരുങ്ങി എഡിജിപി: ടോമിന്‍ ജെ.തങ്കച്ചരി. വിവിധ മാധ്യമങ്ങളിലായി തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയച്ചതിനെതിരെയാണ് നിയമ നടപടി. പ്രസ്താവനകള്‍ക്കെതിരെ പ്രതികരിക്കാന്‍ സര്‍ക്കാര്‍ സേവകനായതിനാല്‍ തനിക്ക് നിയമ തടസങ്ങളുണ്ടെന്നും, എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ ആറു വര്‍ഷവും ആറുമാസവും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള പൊലീസ് അസോസിയേഷന്‍ സംഘടിപ്പിച്ച കൊല്ലം റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പദവിയില്‍ നിന്നു വിരമിച്ച ശേഷം ഉദ്യോഗസ്ഥര്‍ക്കെതിരെ പരോക്ഷമായ വിമര്‍ശനങ്ങളുമായി സെന്‍കുമാര്‍ രംഗത്ത് എത്തിയിരുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. ‘ന്യൂറോ സര്‍ജനു പകരം വന്നതു കശാപ്പുകാരന്‍’ എന്ന അര്‍ഥത്തിലായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം.

ന്യൂറോ സര്‍ജന്റെ ചികില്‍സയില്‍ കഴിയുന്ന മനോരോഗികള്‍ക്ക് മാത്രമേ തച്ചങ്കരിയെ ചിക്കന്‍കറിയെന്ന് പറയാനാകൂ. പോലീസ് സര്‍വീസിന്റെ മുഴുവന്‍ സൗഭാഗ്യങ്ങളും സൗന്ദര്യങ്ങളും അനുഭവിച്ചശേഷം വകുപ്പിനെ ആക്ഷേപിച്ച് വഴിയില്‍ പ്രസംഗിച്ചു നടക്കുന്നത് ശരിയല്ല. തനിക്കുശേഷം ഭൂകമ്പം എന്നു പറയുന്നതു തെറ്റാണ്. മുമ്പുണ്ടായിരുന്നവരെയും പിന്നീട് വന്നവരെയും അപകീര്‍ത്തിപെടുത്തുന്നതും ശരിയല്ലെന്നും പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി തച്ചങ്കരി കൂട്ടിച്ചേര്‍ക്കുന്നു.

അധികാരത്തെ ബാലന്‍സ് ചെയ്ത് പ്രവര്‍ത്തിക്കണം. കരിങ്കുരങ്ങിനെ പ്രദര്‍ശിപ്പിച്ച് രസായനം വില്‍ക്കുന്നത് പോലെയാണ് ചിലര്‍ പുസ്തകം എഴുത്തുമായി മുന്നോട്ട് വരുന്നത്. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പല വിവരങ്ങളും പബ്ലിസിറ്റിക്കായി പുറത്തു വിടും. ഇതു മാധ്യമങ്ങളുടെ സഹായത്തോടെ ആഘോഷിക്കും. എറ്റവും മനോരോഗികളുള്ള വകുപ്പ് ഏതെന്ന ചോദ്യത്തിന് പലപ്പോഴും ഒരു ഉത്തരമാണുള്ളത്. ഞാന്‍ മാത്രം ശരി, മറ്റെല്ലാവരും തെറ്റെന്ന വാദം ശരിയല്ല. പലരുടെയും കുടുംബപശ്ചാത്തലം നോക്കുമ്പോള്‍ ഈ വാദം തെറ്റായി വരുമെന്നും തച്ചങ്കരി അഭിപ്രായപ്പെട്ടു.

നമുക്ക് ലഭിക്കുന്ന അധികാരം വ്യക്തിപരമല്ല. കസേര മാറുന്നതോടെ അധികാരം പോകുമെന്ന് എല്ലാവരും മനസിലാക്കണം. മാധ്യമശ്രദ്ധയ്ക്കു വേണ്ടിയാണ് പലതും ചെയ്യുന്നത്. മനുഷ്യന്‍ പട്ടിയെ കടിച്ചാല്‍ വാര്‍ത്തയാണ്. പക്ഷെ പതിവായി കടിച്ചാല്‍ വാര്‍ത്ത അല്ലാതാകും. പിന്നീട് ജനങ്ങള്‍ പറയും അത് മനുഷ്യനല്ല, കുരങ്ങനാണെന്ന്. ശ്രീബുദ്ധനോട് വഴക്കിട്ട കാടന്റെ അവസ്ഥയും തച്ചങ്കരി ഓര്‍മ്മിപ്പിച്ചു. ഒരു വനത്തില്‍വച്ച് കാടന്‍ ശ്രീബുദ്ധനോട് പലതവണ കയര്‍ത്തു, ചീത്ത പറഞ്ഞു. ശ്രീബുദ്ധന്‍ ആദ്യം പ്രതികരിച്ചില്ല. ഒടുവില്‍ പറഞ്ഞു, ‘നീ ഒരുപാട് സമ്മാനം എനിക്കു തന്നു. പക്ഷെ ഞാന്‍ വാങ്ങാതിരുന്നാല്‍ അതു സമ്മാനമാകുമോ? ഇല്ലെന്നായിരുന്നു കാടന്റെ മറുപടി. അപ്പോള്‍ ശ്രീബുദ്ധന്‍ പറഞ്ഞു. ഞാന്‍ നീ പറഞ്ഞത് സ്വീകരിക്കുന്നില്ല. നീ തന്നെ വച്ചോ’. ഇതാണ് തനിക്കും സമകാലിക പ്രതികരണങ്ങളോടുള്ള മറുപടിയെന്നും തച്ചങ്കരി പറഞ്ഞു.