സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

0
93

 

 തലശ്ശേരിയില്‍  സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. ഓട്ടോഡ്രൈവറായ ശ്രീജന്‍ബാബു (43)വിനെയാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. തലക്കും കൈകാലുകള്‍ക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ശ്രീജനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായനാര്‍ റോഡ് ഓട്ടോസ്റ്റാന്‍ഡില്‍ വെച്ചാണ് വെട്ടിയത്.
തിങ്കളാഴ്ച പകൽ രണ്ടേകാലോടെ പൊന്ന്യം നായനാർ റോഡിലാണ് അക്രമം. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റും ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ എ കെ രമ്യയുടെ ഭർത്താവാണ് ശ്രീജൻ. സമാധാനാന്തരീക്ഷം നിലനിൽക്കുമ്പോഴാണ് കണ്ണൂരിനെ വീണ്ടും കുരുതിക്കളമാക്കാനുള്ള ആർഎസ്എസ്സ് ഗൂഢനീക്കം.നായനാർ റോഡ് ഓട്ടോസ്റ്റാൻഡിൽ യാത്രക്കാരെ കാത്ത് ഓട്ടോറിക്ഷയിൽ ഇരിക്കവെ സംഘടിച്ചെത്തിയ ആർഎസ്എസ്- ബിജെപി ക്രിമിനൽ സംഘം ശ്രീജനെ വെട്ടുകയായിരുന്നു.
ഇറങ്ങിയോടവേ അക്രമികൾ പിന്തുടർന്ന് തലങ്ങും വിലങ്ങും വെട്ടി. കൈകളിൽ ആഴത്തിലുള്ള എട്ട് മുറിവുണ്ട്. വലതു കാൽ അറ്റുതൂങ്ങി. തലക്കും നെഞ്ചത്തും വെട്ടേറ്റു. തലശേരി സഹകരണ ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയ നടത്തിയാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.
സ്വാതന്ത്യ്രസമരസേനാനിയും കർഷക- കമ്യൂണിസ്റ്റ് നേതാവും ദീർഘകാലം എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റുമായ കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്ററുടെ മകൻ ശ്രീനിവാസന്റെ മകനാണ് ശ്രീജൻ. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ എൻ ഷംസീർ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ, ഏരിയാ സെക്രട്ടറി എം സി പവിത്രൻ, പുഞ്ചയിൽ നാണു, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ തുടങ്ങിയവർ ഉടൻ ആശുപത്രിയിലെത്തി. തലശേരി ഡിവൈഎസ്പി പ്രിൻസ് അബ്രഹാം, സിഐ കെ ഇ പ്രേമചന്ദ്രൻ എന്നിവരും ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.