ന്യൂഡൽഹി: 26 ആഴ്ച വളർച്ചയുള്ള ഭ്രൂണം നശിപ്പിക്കുവാൻ യുവതിക്ക് സുപ്രീം കോടതിയുടെ അനുമതി. ഗർഭസ്ഥ ശിശുവിന്റെ ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളതിനാലും കുട്ടി ജീവിച്ചിരിക്കാൻ ഇടയില്ലെന്നുമുള്ള ആശുപത്രി റിപ്പോർട്ട് പരിഗണിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എം. ഖാൻവികർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ഭ്രൂണത്തിന്റെ ഹൃദയത്തിന് ഗുരുതരമായ പ്രശ്നങ്ങളുള്ളതിനാൽ ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണ്. അഥവാ ജീവനോടെ ജനിച്ചാലും കുട്ടിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. ഇതോടൊപ്പം മാതാവിനും മാനസികപ്രശ്നങ്ങൾ ഉണ്ടാകുമെന്ന മെഡിക്കൽ ബോർഡിന്റേയും കോൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയുടേയും റിപ്പോർട്ട് പരിഗണിച്ചാണ് ഭ്രൂണം നശിപ്പിക്കുവാൻ അനുമതി കൊടുത്തത്.
പരാതിക്കാരിയുടെ ജീവന് സംരക്ഷിക്കാനുള്ള അവകാശം മുന്‍ നിര്‍ത്തി മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് അനുസരിച്ചാണ് ദന്പതികൾ ഭ്രൂണഹത്യക്ക് അനുമതി തേടിയത്.