ഐ.എന്‍. എ മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു; നഴ്‌സിങ് സമരം തുടരും

0
108

തൊഴിൽ മന്ത്രിയുമായി ഇന്ത്യൻ നഴ്‌സസ് അസോസിയേഷന്‍ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നഴ്‌സിങ് സമരം തുടരുന്നു.വിഷയത്തിൽ പത്താം തീയ്യതി വീണ്ടും ചർച്ച നടക്കും. ഇന്ന് നടന്ന ചർച്ചയിൽ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുത്തിട്ടില്ല. പത്താം തീയ്യതി നടക്കുന്ന ചർച്ചയിൽ മാനേജ്‌മെന്റ് പ്രതിനിധികളെയും ഉൾപ്പെടുത്തും.
ജൂൺ 27ന് തൊഴിൽ വകുപ്പിന് കീഴിലുള്ള വ്യവസായ ബന്ധ സമിതി നഴ്‌സുമാരുടെ സമരം പരിഹരിക്കാൻ ചർച്ച നടത്തിയെങ്കിലും പരിഹാരമാകാത്തതിനെ തുടർന്നാണ് മന്ത്രിയുമായി ഇന്ന് ചർച്ച നടന്നത്. പ്രീംകോടതിയുടെയും സർക്കാർ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും നിർദേശമുണ്ടായിട്ടും ശമ്ബള വർധന നടപ്പാക്കാത്ത സ്വകാര്യ ആശുപത്രി നിലപാടിനെതിരെയാണ് നഴ്‌സുമാർ സമരം പ്രഖ്യാപിച്ചത്.
ശമ്ബള വർദ്ധനയുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ കഴിഞ്ഞ ഏഴ് ദിവസമായി നഴ്‌സുമാർ സമരം നടത്തി വരികയാണ്. നഴ്‌സുമാർ ഈ മാസം 11ന് പണിമുടക്ക് നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് സർക്കാർ ഇന്ന് ചർച്ചയ്ക്ക് വിളിച്ചത്.
നേരത്തെ നഴ്‌സുമാരുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായും സർക്കാർ ഈ മാസം 20നാണ് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. മാസശമ്ബളം 22,000 രൂപയാക്കണമെന്നതാണ് നഴ്‌സുമാരുടെ ആവശ്യം. ലേബർ കമ്മീഷണറുമായി നാല് തവണ ചർച്ച നടത്തിയെങ്കിലും മാനേജ്‌മെന്റിന്റെ നിലപാട് കാരണം ചർച്ച പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് സർക്കാർ തലത്തിലെക്ക് ചർച്ച നടത്താൻ തീരുമാനിച്ചത്.
വേതന വർധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ നടത്തുന്ന സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 13000 രുപ അടിസ്ഥാന ശമ്ബളം ഇരുപതിനായിരത്തിനു മുകളിലേക്കുയർത്തണമെന്നാണ് നഴ്‌സുമാരുടെ ആവശ്യങ്ങളിൽ പ്രധാനം. ജൂലായ് 8 മുതൽ സംസ്ഥാന വ്യാപകമായി സമരം നടത്താനായിരുന്നു നഴ്‌സുമാർ തീരുമാനിച്ചിരുന്നത്. പത്താം തീയ്യതി നടന്ന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ മാത്രം സംസ്ഥാന വ്യാപകമായ സമരത്തിലേക്ക് നീങ്ങാമെന്ന് നഴ്‌സുമാർ തീരുമാനിച്ചു. ഇന്ന് നാലുമണിക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായും ചർച്ചയുണ്ട്. പതിനൊന്നാം തീയ്യതി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.