കൂടുതൽ സ്രാവുകൾ കുടുങ്ങാനുണ്ടെന്ന് പൾസർ സുനി

0
345

പള്‍സര്‍ സുനിക്ക് വേണ്ടി അഡ്വ. ബി.എ ആളൂര്‍ ഹാജരായി 

ജാമ്യാപേക്ഷ നല്‍കില്ലെന്ന് ആളൂര്‍ 

നടിയെ ആക്രമിച്ച കേസിൽ കൂടുതൽ സ്രാവുകൾ കുടുങ്ങാനുണ്ടെന്ന് പൾസർ സുനി. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ മാധ്യമപ്രവർത്തകരോടാണ് പൾസർ സുനി ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ ഗൂഢാലോചനയുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് സുനി മറുപടി നൽകിയത്. കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് സുനിയെ കോടതിയിൽ ഹാജരാക്കിയത്. അങ്കമാലി ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സുനിക്ക് വേണ്ടി അഡ്വ.ബി എ ആളൂർ ഹാജരായി.

കേസിൽ ജാമ്യാപേക്ഷ നൽകേണ്ടതില്ല എന്ന നിലപാടാണ് സുനി തന്റെ അഭിഭാഷകനായ അഡ്വ. ബി എ ആളൂരിനെ അറിയിച്ചതെന്ന് പറയുന്നു. ജയിലിന് പുറത്തിറങ്ങിയാൽ ആരെങ്കിലും അപായപ്പെടുത്തുമെന്ന് സുനിക്ക് ഭയമുള്ളതിനാലാണ് ജാമ്യാപേക്ഷ നൽകേണ്ടതില്ല എന്ന നിലപാട് സുനി സ്വീകരിച്ചതെന്ന് അഡ്വക്കേറ്റ് ബി എ ആളൂർ പറഞ്ഞു.പൾസർ സുനിയുടെപേരിലുള്ള പഴയ കേസുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട നിർണ്ണായക ശാസ്ത്രീയ തെളിവുകൾ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. നടിയെ ആക്രമിച്ചത് പൾസർ സുനിയാണെന്ന് തെളിയിക്കുന്ന ഫോറൻസിക് ഫലങ്ങളാണ് പുറത്തുവന്നത്. ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന വസ്ത്രങ്ങളിൽ നിന്നും പൾസർ സുനിയുടെ ശരീര സ്രവങ്ങൾ ഫോറൻസിക് വിഭാഗത്തിന് ലഭിച്ചിരുന്നു.അതേസമയം കേസിൽ നടൻ ദിലീപിനേയും സംവിധായകൻ നാദിർഷായേയും പൊലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും. അന്വേഷണം ദീലിപിന്റെ മാനേജർ അപ്പുണ്ണിയിലേക്കും കേന്ദ്രീകരിക്കുന്നുണ്ട്. പൾസർ സുനി അപ്പുണ്ണിയുമായി നടത്തിയ ഫോൺ വിളികളെ കുറിച്ചുള്ള അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് പറയുന്നു. വ്യക്തമായ തെളിവുകൾ അപ്പുണിയെ കസ്റ്റഡിയിലെടുത്തേക്കും. സമഭവത്തിന് ശേഷം നാദിർഷായോടും അപ്പുണ്ണിയോടും ഫോണിൽ സംസാരിച്ചതായി പൾെസർ സുനി നൽകിയ മൊഴിയിലുണ്ട്. ജയിലിൽ സുനിയുടെ സഹ തടവുകാരനായ ജിൻസനും ഇക്കാര്യം വെളിപെടുത്തിയിട്ടുണ്ട്.