ചോദ്യം ചെയ്യലിന് ഹാജരാകാൻ കാവ്യക്ക് നിര്‍ദേശം

0
494

ചോദ്യം ചെയ്യല്‍ അമ്മയുടെ കൈയ്യിലെത്തിയ മെമ്മറി കാര്‍ഡും ഭൂമി ഇടപാടും സംബന്ധിച്ച് 

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ചോദ്യംചെയ്യലിന് അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാൻ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന് നിർദേശം. മുഖ്യപ്രതി പൾസർ സുനിയുെടയും സഹതടവുകാരനായിരുന്ന ജിൻസണിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിൽ കാവ്യ താമസിക്കുന്നിടത്ത് അവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ആലുവയിലെ ദിലീപിന്റെ വസതിയിൽ എത്തിയാണ് പൊലീസ് നിർദേശം നൽകിയത്.

കാവ്യാ മാധവന്റെ പേരിലുള്ള കാക്കനാട് മാവേലിപുരത്തെ ”ലക്ഷ്യ” എന്ന ഓണ്‍ലൈന്‍ വസ്ത്രവിപണന സ്ഥാപനത്തിൽ നിന്നു ലഭിച്ച തെളിവുകൾ കേസിൽ നിർണായകമാകും എന്നാണ് കരുതുന്നത്. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ഈ കടയിൽ ഏൽപ്പിച്ചെന്നാണ് പൾസർ സുനി പോലീസിനോടു പറഞ്ഞത്. സ്ഥാപനത്തിൽ നിന്നു രണ്ടു ലക്ഷം രൂപ തന്നതായും മൊഴിയിലുണ്ടായിരുന്നു. അന്ന് രണ്ടു ലക്ഷം രൂപയുടെ പണമിടപാട് നടന്നതിന്റെ തെളിവ് പോലീസിനു കിട്ടിക്കഴിഞ്ഞു.ലക്ഷ്യയിൽ മൂന്നു തവണ പോയിട്ടുണ്ടെന്നാണ് പൾസർ സുനി പോലീസിനോടു പറഞ്ഞത്. രണ്ടു തവണ പോയത് നടി ആക്രമിക്കപ്പെടുന്നതിനു മുമ്പും ഒരു തവണ അതിനു ശേഷവുമാണ്. അവസാനം പോയത് മെമ്മറി കാർഡ്‌ കൈമാറാനായിരുന്നു എന്നാണ് സുനിൽ പറഞ്ഞത്.

മൂന്നു മെമ്മറി കാർഡുകളിൽ ഒന്നാണ് കാവ്യയുടെ അമ്മയ്ക്കു കൈമാറിയതെന്നു പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. ശേഷിക്കുന്നതിൽ ഒന്ന് പോലീസ് നേരത്തേ കണ്ടെടുത്തിരുന്നു. ആലപ്പുഴയിൽ വച്ചാണ് ഇവ പകർത്തിയത്. സ്ഥാപനം കാവ്യയുടെ പേരിലാണെങ്കിലും അമ്മ ശ്യാമള മാധവനാണു നടത്തുന്നത്.ലക്ഷ്യയിൽ നിന്നു ശേഖരിച്ചിട്ടുള്ള സി.സി. ടിവി ദൃശ്യങ്ങളടങ്ങിയ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കിൽ നിന്ന് പഴയ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ശ്രമം നടക്കുകയാണ്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനായാണ് ശ്യാമളയെ ചോദ്യം ചെയ്യുന്നത്.
നാദിർഷയുടെ നിർദേശപ്രകാരമാണ് താൻ കാവ്യയുടെ സ്ഥാപനത്തിൽ പോയതെന്നും പൾസർ സുനി പൊലീസിനോടു പറഞ്ഞു. നടിയെ ആക്രമിച്ച് പകർത്തിയ വീഡിയോ അടങ്ങിയ മെമ്മറി കാർഡ് കാനയിലെറിഞ്ഞെന്നാണ് സുനി ആദ്യം പറഞ്ഞത്. കായലിൽ എറിഞ്ഞെന്നും അഭിഭാഷകനെ ഏൽപിച്ചെന്നും പിന്നീട് മാറ്റിപ്പറഞ്ഞു. കാവ്യയുടെ സ്ഥാപനത്തിൽ ഏൽപ്പിച്ചെന്നാണ് ഒടുവിൽ നൽകിയ മൊഴി. ദിലീപ്, നാദിർഷ എന്നിവരുടെയും ആക്രമിക്കപ്പെട്ട നടിയുടെയും റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സംബന്ധിച്ച് ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റും പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇവരുടെ സാമ്പത്തീക ഇടപാടുകളും അന്വേഷിക്കും.ആരോപണവിധേയനായ സിനിമാ പ്രവർത്തകന്റെ കുമരകത്തെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും പൾസർ സുനി ക്വട്ടേഷൻ ഏറ്റെടുത്തിരുന്നതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. കുമരകത്തെ ഭൂമി ഇടപാടിൽ സമീപത്തുള്ള രണ്ടു കുടുംബങ്ങളുടെ ഭൂമിയും സ്വന്തമാക്കാൻ പൾസർ സുനിയോടു രൂപസാദൃശ്യമുള്ള ആൾ ഭീഷണിപ്പെടുത്തിയതായാണു വിവരം. ഈ ഭൂമി രണ്ടു വർഷം മുന്‍പ് മറിച്ചുവിറ്റതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ, പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള  നിർദേശം നൽകിയിട്ടില്ലെന്ന് ദിലീപിന്റെ കുടുംബാംഗങ്ങൾ പറയുന്നു. വീട്ടിലെ ടെലിഫോണിലേക്ക് ദിലീപിനെയും കാവ്യയെയും അന്വേഷിച്ച് പതിവായി കോളുകൾ എത്താറുണ്ടെന്നും ഇവർ പറയുന്നു. ഏതു അന്വേഷണവുമായും സഹകരിക്കാൻ സന്നദ്ധമാണെന്ന് കാവ്യയുടെ കുടുംബം അറിയിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിൽപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.