ജി.എസ്.ടിയുമായി ബന്ധപ്പെട്ട് അമിത വില: 95 വ്യാപാരസ്ഥാപനങ്ങൾക്കെതിരെ കേസ്

0
84

ജി.എസ്.ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് അമിതവില ഈടാക്കുന്നെന്ന പരാതിയെത്തുടർന്ന് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ 95 വ്യാപാരികൾക്കെതിരെ കേസെടുത്തു. അരി, നിത്യോപയോഗ സാധനങ്ങൾ എന്നിവയിൽ എം.ആർ.പിയേക്കാൾ വില ഈടാക്കുക, പാക്കറ്റിലെ വില തിരുത്തുക, മായ്ക്കുക, അളവിലും തൂക്കത്തിലും കുറവ് വരുത്തി വിൽക്കുക എന്നിങ്ങനെയുള്ള ക്രമക്കേടുകളാണ് പ്രത്യേക പരിശോധനയിൽ കണ്ടെത്തിയത്. പരിശോധനകൾ വൈകിയും തുടർന്നു. ഇരുനൂറിലധികം സ്ഥാപനങ്ങൾ പരിശോധിച്ചു. ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമന്റെ നിർദേശപ്രകാരമാണ് മിന്നൽ പരിശോധന സംഘടിപ്പിച്ചതെന്ന് ലീഗൽ മെട്രോളജി കൺട്രോളർ ആർ. റീനാ ഗോപാൽ അറിയിച്ചു. ദക്ഷിണമേഖലാ ഡെപ്യൂട്ടി കൺട്രോളർ എസ്. ലഡ്സൺ രാജ്, മധ്യമേഖലാ ഡെപ്യൂട്ടി കൺട്രോളർ ആർ. റാംമോഹൻ, ഉത്തരമേഖലാ ഡെപ്യൂട്ടി കൺട്രോളർ ഐ. രാമപ്രസാദഷെട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.