‘ദ ഗ്രേറ്റ് ഇന്ത്യൻ ബാൻ സർക്കസ്’ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് അമൽ നീരദ്

0
144


ചിലരുടെ സിനിമകൾക്ക് വിലക്കേർപ്പെടുത്തിയ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ നടത്തുന്ന ‘ദ ഗ്രേറ്റ് ഇന്ത്യൻ ബാൻ സർക്കസ്’ ഇനിയെങ്കിലും അവസാനിപ്പിക്കണമെ ന്ന്‌നിർമാതാവും സംവിധായകനുമായ അമൽ നീരദ്. തന്നെപ്പോലെ നിർമാതാവിന്റെയും സംവിധായകന്റെയുമൊക്കെ റോൾ നിർവഹിക്കുന്നവർക്ക് വിലക്ക് കനത്തനഷ്ടമാണ് വരുത്തുന്നത്.

അമൽ നിർമാണവും സംവിധാനവും നിർവഹിച്ച ദുൽഖർസൽമാൻ ചിത്രം ‘സിഐഎ’ 60-ാം ദിവസമായ തിങ്കളാഴ്ചയും സംസ്ഥാനത്തെ നാല് മൾട്ടിപ്‌ളക്‌സുകളിലും തിരുവനന്തപുരം ശ്രീവിശാഖിലും പ്രദർശനം തുടരുന്നു. 49 തീയറ്ററുകളിൽക്കൂടി സിനിമ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അസോസിയേഷൻ സമ്മതിച്ചില്ല. ‘സിഐഎ’യ്ക്ക് വിതരണത്തിന് വിലക്കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ മാധ്യമങ്ങളോട് പറഞ്ഞതുവിശ്വസിച്ച് തങ്ങളുടെ തീയറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കാൻ തയ്യാറായി ചിലർ മുന്നോട്ടുവന്നു. എന്നാൽ, അവരോട് സിയാദ് കോക്കർ പറഞ്ഞത് ‘മാധ്യമങ്ങളോട് പലതും പറയും, അമലിന്റെ സിനിമയ്ക്ക് വിലക്കുണ്ട്, ആ സിനിമയെടുത്താൽ ഭാവിയിൽ നിങ്ങൾ ദു:ഖിക്കേണ്ടിവരും’ എന്നാണെന്നും അമൽ ആരോപിച്ചു.

പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന 49 തിയറ്റർ ഏതൊക്കെയെന്ന് ചൂണ്ടിക്കാട്ടി അമൽ നീരദ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ തിങ്കളാഴ്ച പോസ്റ്റിട്ടു. എന്നാൽ, പരമ്പരാഗതമായി നിർമാതാക്കളല്ലാത്തവരുടെ സിനിമ പ്രദർശിപ്പിക്കാനനുവദിക്കില്ലെന്നു പറയുന്നതിന്റെ ന്യായം മനസിലാകുന്നില്ല. ചെറിയ പെരുന്നാളിന് നല്ല കളക്ഷൻ കിട്ടേണ്ടിയിരുന്നതാണ്. അതിന്റെ നഷ്ടം ഇവർ നികത്തുമോയെന്നും അദേഹം ചോദിച്ചു.