നടുവേദനക്ക് മാര്‍ജാരാസനം

0
210

 

സ്ത്രീ-പുരുഷ-പ്രായ ഭേദമന്യേ എല്ലാ മനുഷ്യരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് നടുവേദന. മണിക്കൂറുകളോളം കംപ്യൂട്ടറിന്റെ മുന്നിലിരുന്നു ജോലി ചെയ്യുന്നവര്‍ക്ക് കാലക്രമേണ നടുവേദന വരാന്‍ സാധ്യത കൂടുതലാണ്. സ്വന്തം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടുകൂടി ക്രമീകരിക്കേണ്ടത് നമ്മുടെ കടമതന്നെയാണ്. കഴുത്തിന്റെയും ഇടുപ്പിന്റെയും ഭാഗം ുന്നോട്ടു തള്ളിയും നടുഭാഗം പുറകോട്ടു തള്ളിയുമാണ് നട്ടെല്ലിന്റെ ഘടന. സുദീര്‍ഘമായ ഇരുന്നുള്ള ജോലി പേശികളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും അവയ്ക്ക് ആയാസമുണ്ടാക്കി ദുര്‍ബലമാകുകയും ചെയ്യുന്നു.

കുനിഞ്ഞുനിന്ന് ജോലിചെയ്യുന്നതും ഹൈഹീല്‍ഡ് പോയിന്റ്ഡ് പാദരക്ഷകള്‍ ഉപയോഗിക്കുന്നതും ഭാരമുള്ള വസ്തുക്കള്‍ എടുത്തുയര്‍ത്തുന്നതും നട്ടെല്ലിന് ക്ഷതമുണ്ടാകാന്‍ കാരണമാകുന്നു.

കാല്‍ത്സ്യത്തിന്റെ അളവ് കുറയുന്നത് നട്ടെല്ലിന് ക്ഷതമേല്‍പ്പിക്കുന്നു. മാറിവരുന്ന ജീവിതസാഹചര്യങ്ങളും അമിതഭാരവും പേശികളെയും സന്ധികളെയും സമ്മര്‍ദ്ദത്തിലാക്കുകയും അത് നട്ടെല്ലിന് വേദന ഉളവാക്കുകയും ചെയ്യുന്നു. ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ സ്ത്രീഹോര്‍മോണായ ഈസ്ട്രജന്റെ അളവു കുറയുന്നതോടെ എല്ലില്‍ കാത്സ്യം അടിയുന്നതിന്റെ തോത് കുറയുന്നു.

മാര്‍ജാരാസനം എന്ന യോഗാസനങ്ങളിലൂടെ നടുവേദനയ്ക്ക് പരിഹാരം കാണാവുന്നതാണ്. ഇരുകാലുകളും പുറകോട്ടു മടക്കിവച്ചു പൃഷ്ഠഭാഗം കാലുകളുടെ ഉപ്പൂറ്റിയില്‍ വരത്തക്കവണ്ണം ഇരിക്കുക. അതോടൊപ്പം രണ്ടു കൈകളും മുന്നോട്ടുകയറ്റി തറയില്‍ ഉറപ്പിച്ചുകുത്തി പൃഷ്ഠഭാഗം കാലുകളില്‍ നിന്നുയര്‍ത്തുക. കാല്‍മുട്ടുകള്‍ തമ്മിലുള്ള അകലവും കൈമുട്ടുകള്‍ തമ്മിലുള്ള അകലവും ഒരടിയോളം ആയിരിക്കണം. ഇനി സാവധാനം ശ്വാസം എടുത്തുകൊണ്ട് നട്ടെല്ല് അടിയിലേക്കു വളച്ച് തല മുകളിലേക്കുയര്‍ത്തുക. അതേപോലെതന്നെ ശ്വാസം വിട്ടുകൊണ്ട് നടു മുകളിലേക്കുയര്‍ത്തുകയും തല താഴ്ത്തുകയും ചെയ്യുക.

ബുദ്ധിമുട്ടു വരുമ്പോള്‍ പൂര്‍വസ്ഥിതിയെ പ്രാപിക്കാവുന്നതാണ്. ഇതുപോലെ തന്നെ ഒന്നോ രണ്ടോ തവണ കൂടി ആവര്‍ത്തിക്കുക. ഈ ആസനം ചെയ്യുമ്പോള്‍ കൈമുട്ടുകള്‍ മടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പുറത്തെയും കഴുത്തിലെയും പേശികള്‍ ദൃഢമാകുന്നു. അരക്കെട്ടിനും അടിവയറിനും ശരിയായ പ്രവര്‍ത്തനം കിട്ടുകയും ആ ഭാഗങ്ങളിലേക്ക് നല്ല രീതിയില്‍ പോഷകരക്തം ലഭിക്കുകയും ചെയ്യുന്നു.

പിടലിവേദന, നടുവേദന എന്നിവയുള്ളവര്‍ ഒരു കാരണവശാലും മുന്നോട്ടു കുനിഞ്ഞുള്ള ആസനങ്ങള്‍ പരിശീലിക്കാന്‍ പാടില്ല.

പ്രഭാത സമയത്ത് പേശികള്‍ വലിഞ്ഞുമുറുകിയിരിക്കുന്നതിനാല്‍ യോഗാസനങ്ങള്‍ പരിശീലിക്കുന്നതു ശിഥിലീകരണ വ്യായാമത്തിനു ശേഷമോ പ്രഭാതനടനത്തിനു ശേഷമോ അല്ലെങ്കില്‍ ഉണര്‍ന്നെണീറ്റതിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞോ ആയിരിക്കണം ആസനങ്ങള്‍ പരിശീലിക്കാന്‍. രാവിലെയുള്ള ചെറിയ ചലനങ്ങള്‍ക്കു പോലും ശ്രദ്ധിക്കേണ്ടതാണ്. ഉളുക്ക് ഉണ്ടാക്കുന്നതിനു ഇത് കാരണമാകുന്നു.