മോദി ഇസ്രയേലിൽ

0
210

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ ഇസ്രയേൽ സന്ദർശനത്തിന് തുടക്കമായി. വിമാനത്താവളത്തിൽ പ്രോട്ടോക്കോൾ മറികടന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് മോദിയെ സ്വീകരിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഗംഭീരമായ വരവേൽപ്പ് നൽകാനാണ് ഇസ്രയേലിന്റെ തീരുമാനം. ജൂതരാഷ്ട്രമായ ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇസ്രായേലിലെ മോദിയുടെ മിക്ക പരിപാടികളിലും പങ്കെടുക്കുമെന്നും നെതന്യാഹു അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ജി.20 ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി ഹാംബർഗിലേക്ക് തിരിക്കും.

ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന നിലയിൽ ഈ അവസരം ഇന്ത്യയെയും ഇസ്രയേലിനെയും കൂടുതൽ അടുപ്പിക്കുമെന്നും പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ഇസ്രയേൽ പ്രസിഡന്റ് റൂവെൻ റൂവി റിവ്‌ലിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളിലെയും സി.ഇ.ഒമാരെയും ഇസ്രയേലിലെ ഇന്ത്യൻ പ്രവാസികളെയും പ്രധാനമന്ത്രി കാണും. ഭീകരവാദവും സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താനുള്ള നടപടികളും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച ചെയ്യും.

1918ൽ ഹൈഫാ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികർക്ക് മോദി ആദരാഞ്ജലി അർപ്പിക്കും. ഇന്ത്യ- ഇസ്രയേൽ നയതന്ത്ര ബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനം. നാളെയാണ് മോദി-നെതന്യാഹു നയതന്ത്രചർച്ചയും സംയുക്ത വാർത്താസമ്മേളനവും. സൈബർ സുരക്ഷ, കൃഷി, ആരോഗ്യം, വാണിജ്യം, ഭീകരവിരുദ്ധ നീക്കങ്ങൾ എന്നിവയെക്കുറിച്ച് ചർച്ചചെയ്യും.