നഴ്‌സുമാരുടെ സമരം: മന്ത്രിയുമായി ചര്‍ച്ച ഇന്ന്

0
73

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന സാഹചര്യത്തില്‍ നഴ്സുമാരുടെ സംഘടനകളുമായി തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ 11 നും വൈകുന്നേരം നാലിനുമാണ് ചര്‍ച്ച. മന്ത്രിയുടെ ചേംമ്പറിലാണ് ചര്‍ച്ച നടക്കുന്നത്.

കഴിഞ്ഞ ഏഴു ദിവസമായി സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് സെക്രട്ടറിയറ്റിന് മുന്നില്‍ നഴ്സുമാര്‍ സമരം നടത്തുന്നത്. അനിശ്ചിതമായി സമരം നീളുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാറിന്റെ ഇടപെടല്‍.

നിരാഹാര സമരത്തിലുള്ള ഇന്ത്യന്‍ നഴ്സസ് അസോസിയേഷനുമായി രാവിലെ പതിനൊന്നിനും സമരത്തിലുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായി വൈകുന്നേരം നാലിനുമാണ് ചര്‍ച്ച നടക്കുക. എന്നാല്‍ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല.

ആദ്യഘട്ടത്തില്‍ നഴ്സുമാരുടെ ആവശ്യങ്ങള്‍ പരിശോധിച്ച ശേഷമാകും മാനേജ്മെന്റുമായി പിന്നീട് ചര്‍ച്ചയുണ്ടാവുക. ജൂണ്‍ 27ന് തൊഴില്‍ വകുപ്പിന് കീഴിലുള്ള വ്യവസായ ബന്ധ സമിതി നഴ്സുമാരുടെ സമരം പരിഹരിക്കാന്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് മന്ത്രിയുമായി ഇന്ന് ചര്‍ച്ച നടക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് സമര രംഗത്തുള്ളത്. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ജൂലായ് 11 ന് സംസ്ഥാന വ്യാപകമായി സൂചന പണിമുടക്ക് നടത്തുമെന്ന് നഴ്സുമാരുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.