പള്‍സര്‍ ഇന്ന് കോടതിയില്‍, ബി.എ. ആളൂര്‍ വക്കാലത്തിനായി എത്തും

0
138

 

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പൾസർ സുനിയെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. റിമാൻഡ് കാലാവധി പൂർത്തിയാകുന്നതിനെ തുടർന്നാണു നടപടി. പ്രതിയുടെ വക്കാലത്ത് ഏറ്റെടുക്കാനായി രംഗത്തത്തിയ അഡ്വ ബി.എ ആളൂർ ഇന്ന് കോടതിയിലെത്തിയേക്കും. സുനി മാധ്യമങ്ങളോടു വെളിപ്പെടുത്തൽ നടത്താനും സാധ്യതയുണ്ട്.

കുറ്റകൃത്യവുമായി ബന്ധപ്പെട്ടു നാലുപേർ അന്നുമുതൽ ഗൂഢാലോചനകൾ നടത്തിയതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു. അന്വേഷണം പൂർത്തിയാവുന്നതോടെ നടിയെ ഉപദ്രവിച്ച സംഭവത്തിന്റെ ഗൂഢാലോചനയിൽ ആറു പേർ പ്രതികളാവുമെന്നാണു സൂചന. ഇതിൽ സ്ത്രീകളും ഉൾപ്പെടാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.അതേസമയം, കേസിലെ അന്വേഷണം ദിലീപിന്റെ സഹായി എ.എസ്. സുനിൽരാജിലേക്കു (അപ്പുണ്ണി) കേന്ദ്രീകരിക്കാനും പൊലീസ് നീക്കമുണ്ട്. കേസിൽ നിർണായക അറസ്റ്റിനു തടസ്സമായി നിൽക്കുന്ന ചില കണ്ണികൾ കൂട്ടിയോജിപ്പിക്കാൻ സംവിധായകൻ നാദിർഷായെയും നടൻ ദിലീപിനെയും പൊലീസ് വീണ്ടും ചോദ്യംചെയ്യും. അപ്പുണ്ണിയെ തിങ്കളാഴ്ച അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ ഫോൺ വിളികൾ സംബന്ധിച്ച ചില സംശയങ്ങൾ നീക്കിയശേഷമാകും അറസ്റ്റ് എന്നാണു പൊലീസ് നൽകുന്ന സൂചന.

നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്താനുള്ള ഗൂഢാലോചന നാലു വർഷം മുൻപു തുടങ്ങിയതായാണു സുനിൽ കുമാറിന്റെ മൊഴി. എന്നാൽ, ഫെബ്രുവരി 17നു നടന്ന അതിക്രമത്തിനു കഴിഞ്ഞ നവംബർ 23 മുതൽ ഒരുക്കങ്ങൾ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു കേസിൽ ജയിലിലെത്തിയ സഹതടവുകാരൻ ജിൻസന്റെ രഹസ്യമൊഴികളും കേസിൽ നിർണായകമായി. സുനിൽ കുമാർ ജയിലിനുള്ളിൽ നിന്നു ഫോണിൽ പുറത്തേക്കു വിളിച്ചു സംസാരിച്ചതിന്റെ വിശദാംശങ്ങൾ ജിൻസന്റെ മൊഴിയിലുണ്ട്.ഫോണിൽ സംസാരിച്ചയാളോടു പണം ആവശ്യപ്പെട്ടതും ഇതിന്റെ തുടർച്ചയായി ‘എന്തോ ഒന്ന്’ കാക്കനാട്ടെ കടയിൽ എത്തിച്ചതായി പറഞ്ഞതും ജിൻസൻ ഓർമിക്കുന്നു. ജയിലിൽനിന്നു സുനിൽ പുറത്തേക്കു വിളിച്ചു സംസാരിച്ചിരുന്നത് ഏറെ സൗഹാർദപരമായാണെന്നും ജിൻസൻ മൊഴി നൽകി. പണം ആവശ്യപ്പെടുമ്പോഴെല്ലാം അനുകൂല മറുപടിയാണു സുനിലിനു ലഭിച്ചിരുന്നതെന്നാണു തുടർന്നുള്ള പെരുമാറ്റത്തിൽ മനസ്സിലാക്കിയിരുന്നത്.

നാദിർഷായോടും അപ്പുണ്ണിയുടെ ഫോണിൽ വിളിച്ചു നടൻ ദിലീപിനോടും സംസാരിച്ചിരുന്നതായാണു സുനിലിന്റെ വെളിപ്പെടുത്തൽ. പ്രതി നടത്തുന്ന ഇത്തരം വെളിപ്പെടുത്തലുകൾക്കു ശക്തമായ ശാസ്ത്രീയ തെളിവുകളുണ്ടെങ്കിൽ മാത്രമേ കോടതിയിൽ സാധൂകരണം ലഭിക്കൂ. സുനിൽ ജയിലിൽനിന്നു നാദിർഷായെയും അപ്പുണ്ണിയെയും വിളിച്ചു പണത്തിനുവേണ്ടി ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിയുടെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി പൊലീസിനു ബോധ്യപ്പെടേണ്ടതുണ്ട്.

മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ മൊഴിമാറ്റങ്ങളാണു കേസിൽ വഴിത്തിരിവുണ്ടാക്കിയത്. പണത്തിനു വേണ്ടി താനാണു കുറ്റം ചെയ്തതെന്ന് ആദ്യം മൊഴി നൽകിയ സുനി, രണ്ടു മാസം മുൻപാണു ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തൽ ആദ്യം നടത്തിയത്. ആദ്യഘട്ടത്തിൽ സുനിലിന്റെ മൊഴി പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. എന്നാൽ, മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ പുറത്തു വരാൻ തുടങ്ങിയതോടെ അന്വേഷണ സംഘം നടൻ ദിലീപ്, സംവിധായകൻ നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരെ ചോദ്യം ചെയ്തു.

തുടർന്ന് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടത്തി. സുനിലിന്റെ മൊഴിയനുസരിച്ചാണ് ഇതെന്നായിരുന്നു പൊലീസ് നൽകിയ സൂചന. ദിലീ?പ് നായകനായി പുറത്തിറങ്ങിയ അവസാന ചിത്രം ‘ജോർജേട്ടൻസ് പൂര’ ത്തിന്റെ ലൊക്കേഷനിൽ സുനിൽകുമാർ എത്തിയതിന്റെ തെളിവുകളും ലഭിച്ചു.