കേന്ദ്രമന്ത്രി-ഗവര്‍ണര്‍ സ്ഥാനങ്ങള്‍ വലുതെന്ന നിലപാടില്‍ കെ.എം.മാണി
by മനോജ്
കെ.എം.മാണി-ബിജെപി കൂട്ടുകെട്ട് കേരളാ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ സാധ്യത. ബിജെപിയുമായി ധാരണയായി കെ.എം.മാണി മുന്നോട്ട് പോകുകയാണെങ്കില്‍ കേരളാ കോണ്‍ഗ്രസ് വീണ്ടും പിളരുമെന്ന് പാര്‍ട്ടിയുടെ അഭ്യുദായകക്ഷികള് ചൂണ്ടിക്കാട്ടുന്നു.
ഒരു മുന്നണിയിലും ഇല്ലെങ്കിലും രാഷ്രീയ ധാരണകള്‍ വഴി കേരളാ കോണ്‍ഗ്രസിന് നിലവില്‍ കേരളാ രാഷ്ട്രീയത്തില്‍ പിടിച്ച് നില്‍പ്പ് സാധ്യമാണ്. യുഡിഎഫില്‍ നിന്നാണ് കേരളാ കോണ്‍ഗ്രസ് പടിയിറങ്ങിയത്. പക്ഷെ എല്‍ഡിഎഫ് മുന്നിലുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ വന്‍ നേട്ടമാണ് എല്‍ഡിഎഫ് കൂട്ടുകെട്ട് വഴി കേരളാ കോണ്‍ഗ്രസ് നേടിയത്.
ജില്ലാ പഞ്ചായത്ത് ചെയര്മാന് സ്ഥാനം യുഡിഎഫ് ആണ് നിലവില്‍ അലങ്കരിക്കേണ്ടതെങ്കിലും പിന്നില്‍ നിന്ന് യുഡിഎഫിനെ കുത്തി വീഴ്ത്തി എല്‍ഡിഎഫ് പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസ് നിലനിര്‍ത്തുകയായിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ ഈ വഞ്ചനയില്‍ യുഡിഎഫ് പക്ഷത്ത് നിന്ന് ഉയര്‍ന്ന വന്‍ എതിര്‍പ്പാണ് കെ.എം.മാണിക്ക് യുഡിഎഫിനു മുന്നില്‍ എന്നെന്നേക്കുമായി വഴിയച്ചത്. അതോടെ പാര്‍ട്ടി ആകാംക്ഷയോടെ നോക്കിയത് എല്‍ഡിഎഫിലേക്കാണ്. എല്‍ഡിഎഫ് ഈ സഖ്യത്തിനു അനുകൂലമായിരുന്നു. സിപിഐയുടെ എതിര്‍പ്പ് കൂടി കാര്യമാക്കാതെയാണ് സിപിഎം കെ.എം.മാണിയുമായുള്ള കൂട്ടുകെട്ടില്‍ ഉറച്ചു നിന്നത്.
പാര്‍ട്ടിയിലെ നിലവിലെ അണികളില്‍ 75 ശതമാനവും ആഗ്രഹിക്കുന്നത് എല്‍ഡിഎഫിലേക്കുള്ള കേരളാ കോണ്‍ഗ്രസ് എന്‍ട്രിയാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് മത്സരിക്കാനാണ് നിലവില്‍ കേരളാ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. മുന്‍പ് എല്‍ഡിഎഫിലേക്ക് ചേക്കേറാന്‍ മാണിയുടെ ഭാഗത്ത് നിന്നും ശ്രമം വന്നപ്പോള്‍ അതിനു ഇടനിലയായി പി.സി.ജോര്‍ജ് നിലകൊണ്ടപ്പോള്‍ ആ വാതില്‍ അടച്ചത് ജോസ്.കെ.മാണിയും ഭാര്യയും കൂടി ചേര്‍ന്നാണ്.
അന്ന് രാഹുല്‍ കേന്ദ്രമന്ത്രി പദവി ജോസ്.കെ.മാണിക്ക് വാഗ്ദാനം നല്കി എന്ന് പറഞ്ഞാണ് ജോസ് കെ മാണിയുടെ ഭാര്യ ആ വഴി അടച്ചത്. പി.സി.ജോര്‍ജ് 24 കേരളയോട് വെളിപ്പടുത്തിയിരുന്നു ആ വലിയ ചതിയുടെ കാര്യം. ജോസ് കെ മാണി എംപിയുടെ ഭാര്യയെയാണ് അന്ന് ജോര്‍ജ് പഴിചാരിയത്. ഇന്നിതാ വീണ്ടും പാര്‍ട്ടിയുടെ ആഗ്രഹങ്ങളെ വഴിയില്‍ തള്ളി കെ.എം.മാണി നേരിട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി ബന്ധം ഉണ്ടാക്കിയിരിക്കുന്നു.
മാണി ഗവര്‍ണര്‍, ജോസ് കെ മാണി കേന്ദ്രമന്ത്രി എന്നാണു ഈ ഇടപാടില്‍ മാണിക്കും, ജോസ് കെ മാണിക്കും നേട്ടം എന്നാണു അണിയറ വാര്‍ത്തകള്‍ വന്നിരിക്കുന്നത്. നിലവില്‍ പാര്‍ട്ടി അണികള്‍ ഇടത് മുന്നണിയിലേക്ക് നീങ്ങാന്‍ ആഗ്രഹിക്കുകയാണ്. പക്ഷെ ജോസഫ് ഗ്രൂപ്പ് ഒപ്പം പോകാന്‍ സാധ്യതയില്ല. ഇടതിലേക്കും, ബിജെപിയിലേക്കും ഇല്ലാത്ത അവസ്ഥയിലാണ് ജോസഫ് ഗ്രൂപ്പ് കേരളാ കോണ്‍ഗ്രസില്‍ നിലയുറപ്പിക്കുന്നത്.
നിലവില്‍ ജോസഫ് ഗ്രൂപ്പ് യുഡിഎഫിനൊപ്പം, കേരളാ കോണ്‍ഗ്രസ് അണികള്‍ എല്‍ഡിഎഫിനൊപ്പം, മാണിയും ജോസ് കെ മാണിയും ബിജെപിക്കൊപ്പം എന്നതാണ് നിലവിലെ കേരളാ കോണ്‍ഗ്രസ് അവസ്ഥ. മാണി ബിജെപിയിലേക്ക് നീങ്ങിയാല്‍ അണികള്‍ എല്‍ഡിഎഫിലേക്കും, ജോസഫ് ഗ്രൂപ്പ് യുഡിഎഫിലെക്കും നീങ്ങും. സ്ഥിതിഗതികള്‍ ഇങ്ങിനെയായിരിക്കെയാണ് കെ.എം.മാണി ഡല്‍ഹിയില്‍ പോയി വളരെ ധൃതിയിലുള്ള ഒരു നീക്കം അരുണ്‍ ജെയ്റ്റിലി വഴി നടത്തിയത്.
ആ നീക്കത്തില്‍ കെ.എം.മാണി ഗവര്‍ണര്‍, ജോസ് കെ മാണി കേന്ദ്രമന്ത്രി എന്നാണു ധാരണ വന്നത്. പ്രധാനമന്ത്രിയെയും, അമിത് ഷായെയും നേരിട്ട് കണ്ടുള്ള നീക്കമാണ് കെ.എം.മാണി നടത്തിയത്. പിന്തുണയ്ക്കുന്ന ബിഷപ്പ്മാരുടെ ലിസ്റ്റ് ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്ക് കെ.എം.മാണി കൈമാറി എന്നാണു വന്നിട്ടുള്ള വാര്‍ത്തകള്‍. ജോസ് കെ. മാണിക്ക് കേന്ദ്ര മന്ത്രി സ്ഥാനവും അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകളും ഉറപ്പിച്ച മാണി ഡല്‍ഹിയില്‍ തങ്ങുകയാണ്. ബന്ധം ഉറച്ചാല്വളരും തോറും പിളരുകയും പിളരുംന്തോറും വളരുകയും ചെയ്യും എന്ന് കെ.എം.മാണി തന്നെ പ്രഖ്യാപിച്ചിട്ടുള്ള കേരളാ കോണ്‍ഗ്രസ് വീണ്ടും ഒരു പിളര്‍പ്പിലേക്ക് മൂക്കുകുത്തുകയാകും ഫലം.