മത്സ്യ സബ്‌സിഡികൾ ഫലപ്രദമോയെന്ന്  നീതി ആയോഗ് ഉപദേശകൻ 

0
91
മത്സ്യമേഖലയിൽ നിലവിൽ നൽകിവരുന്ന സബ്‌സിഡികൾ ഫലപ്രദമാണോ എന്നത് പഠനവിധേയമാക്കണമെന്ന് നീതി ആയോഗ് ഉപദേശകൻ ഡോ അശോക് ജെയിൻ പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ആരംഭിച്ച ദേശീയ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടൽ സമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗം ഉറപ്പുവരുത്തുന്നതിന് സബ്‌സിഡികളെ കുറിച്ച് പഠനം നടത്തേണ്ടത് ആവശ്യമാണ്. സബ്‌സിഡികൾ നൽകുന്നത് അനധികൃത മത്സ്യബന്ധനരീതികൾ വർധിക്കാൻ കാരണമായിട്ടുണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെയെങ്കിൽ അവ നിർത്തലാക്കണം. മത്സ്യമേഖലയ്ക്ക് ഗുണകരമാണെങ്കിൽ അവ നിലനിർത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ച സാങ്കേതിക വിദ്യകൾ നടപ്പിലാക്കുന്നതിൽ മിക്ക സംസ്ഥാനങ്ങളും ജാഗ്രത കാണിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും നീതി ആയോഗ് നിർദ്ദേശങ്ങൾ അയക്കും.  ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കും. കടൽ സമ്പത്ത് ഉപയോഗിച്ച് ‘ബ്ലൂ ഇക്കോണമി’ വികസിപ്പിക്കുന്നതിന് സുസ്ഥിര പരിപാലനം അനിവാര്യമാണ്. കടൽ ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കടൽ സമ്പത്ത് സുസ്ഥിരമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ കർമ്മ പദ്ധതി രൂപപ്പെടുത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച ദ്വദിന ശിൽപശാലയിൽ കേന്ദ്രമന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ, സമുദ്രശാസ്ത്രജ്ഞർ, പരിസ്ഥിതി വിദഗ്ധർ, വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ്, വനം, പരിസ്ഥിതി, തീരദേശ പരിപാലനം, വ്യവസായം, സമുദ്രവികസനം തുടങ്ങിയ വകുപ്പുകളിലെ മുതിർന്ന ഉദ്യാഗസ്ഥർ തുടങ്ങിയവരാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്.
ചടങ്ങളും നിയന്ത്രണങ്ങളും എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ ബാധകമാക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. സുസ്ഥിര വികസനം ഉറപ്പുവരുത്തുമ്പോൾ മത്സ്യത്തൊഴിലാളികളുടെ താൽപര്യങ്ങൾ കൂടി സംരക്ഷിക്കേണ്ടതുണ്ട്. അമിതവും അശാസത്രീയവുമായ മത്സ്യബന്ധന രീതികൾ തടയുന്നതിന് നിയമം കർക്കശമാക്കണമെന്നും ശിൽപശാലയിൽ നിർദ്ദേശമുയർന്നു.
സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്-ഇന്ത്യ പ്രോഗ്രാം ഡയറക്ടർ സേജൽ വോറ, സിഫ്റ്റ് ഡയറക്ടർ ഡോ സി എൻ രവിശങ്കർ, ഡോ പ്രവീൺ പുത്ര തുടങ്ങിയവർ സംസാരിച്ചു.
നീതി ആയോഗ്, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് എന്നിവയുമായി സഹകരിച്ചാണ് സിഎംഎഫ്ആർഐ ശിൽപശാല നടത്തുന്നത്. ഇന്ന് (ബുധൻ) സമാപിക്കും.