മുന്‍‌കൂര്‍ ജാമ്യം തേടില്ല, ദിലീപും നാദിർഷായും നിയമോപദേശം തേടി 

0
264

യുവനടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച പൊലീസിന്റെ അന്വേഷണം ശക്തമായതോടെ കേസിൽ വിശദമായ മൊഴി നൽകിയ നടൻ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിർഷായും നിയമോപദേശം തേടി. മുന്‍‌കൂര്‍ ജാമ്യത്തിന് വേണ്ടി ശ്രമിക്കാന്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിര്‍ബന്ധം പിടിക്കുന്നുണ്ട് എങ്കിലും തെറ്റ് ചെയ്തിട്ടില്ല എന്നും മുന്‍‌കൂര്‍ ജാമ്യം അനാവശ്യം ആണെന്നുമുള്ള നിലപാടിലാണ് ദിലീപ്.

നടൻ ദിലീപിന്റെ സഹായിയായ അപ്പുണ്ണിയുടെ ഫോണിൽ ജയിലിനുള്ളിൽ നിന്നു മുഖ്യപ്രതി സുനിൽകുമാർ വിളിച്ചപ്പോൾ സംസാരിച്ചതു ദിലീപാണെന്ന നിഗമനത്തിലാണു പൊലീസ് എത്തിയിരിക്കുന്നത്. നിയമപരമായി ഇതു കോടതി മുൻപാകെ സമർഥിക്കാനുള്ള തെളിവുകൾ തേടുകയാണ് അന്വേഷണ സംഘം. ഇതു സംബന്ധിച്ച ഒരു മൊഴി മാത്രമാണ് ഇപ്പോൾ പൊലീസിന്റെ പക്കലുള്ളത്.

സംശയിക്കപ്പെടുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഇതുവരെയുള്ള കേസ് ഡയറി കഴിഞ്ഞ ദിവസം പരിശോധിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിർണായക അറസ്റ്റിനുള്ള സാധ്യത ധ്വനിപ്പിക്കുന്ന പ്രതികരണമാണു നടത്തിയത്. നടൻ ദിലീപിന്റെ പരാതി അന്വേഷണ സംഘം വീണ്ടും പരിശോധിക്കുന്നുണ്ട്. പരാതിക്കൊപ്പം നൽകിയ ടെലിഫോൺ സംഭാഷണ ശബ്ദരേഖകൾ അന്വേഷകർ സൈബർ ഫൊറൻസിക്കു പരിശോധനയ്ക്കു വിധേയമാക്കും.

രണ്ടു വർഷം മുൻപു കുമരകത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കലിനുള്ള ക്വട്ടേഷൻ സുനിൽ കുമാർ ഏറ്റെടുത്തതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. ഈ റിയൽ എസ്റ്റേറ്റ് ഇടപാട് ആർക്കു വേണ്ടിയെന്നാണു പ്രാഥമിക അന്വേഷണം.