by ബാലു ബാലചന്ദ്രന്
കല്യാണവും അതിന്റെ ആഘോഷങ്ങളും കഴിഞ്ഞാല്‍ അടുത്ത ആചാരപരമായ ചടങ്ങാണ് ഹണിമൂണിനു പോകുക എന്നത്. ഹണിമൂണ്‍ എന്നു പറയുമ്പോള്‍ തന്നെ ഒട്ടുമിക്ക ആളുകളുടേയും മനസില്‍ ആദ്യം എത്തുക വിദേശ രാജ്യങ്ങളുടെ ഒരു ലിസ്റ്റാണ്. എല്ലാവരും എപ്പോഴും പറയുന്ന കുറേ സ്ഥലങ്ങള്‍…
എന്നാല്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ക്കായ് അധികമാരും കടന്നു ചെല്ലാത്ത മനോഹരങ്ങളായ സ്ഥലങ്ങള്‍ നമ്മുടെ ഇന്ത്യയിലെ പല ഭാഗങ്ങളിയായുണ്ട്.
1. ചക്രാത, ഉത്തരാഖണ്ഢ്
മുസൂറിയും നൈനിറ്റാളും മാത്രമല്ല, ഉത്തരാഖണ്ഢില്‍ ഹണിമൂണിനു പോകാന്‍ പറ്റിയ മറ്റൊരു സ്ഥലവുമുണ്ടെന്ന് അധികമാര്‍ക്കും അറിയില്ലാത്ത ഒരു കാര്യമാണ്.മലനിരകളാല്‍ ചുറ്റപ്പെട്ട മനോഹരമായ ഒരു പ്രദേശമാണ് ചക്രാത. മഞ്ഞുകാലത്ത് ഇവിടുത്തെ റോഡുകളും നടപ്പാതകളും മഞ്ഞാല്‍ മൂടപ്പെട്ടിരിക്കും. ഓക്ക് മരങ്ങള്‍ ധാരാളമായി കാണപ്പെടുന്ന ഇവിടം നിബ്ഡവന മേഖലയില്‍ ഉള്‍പ്പെടുന്ന ഒരു പ്രദേശം കൂടിയാണ്.
ചക്രാതയിലെ ഏറ്റവും വലിയ ആകര്‍ഷണം ടൈഗര്‍ ഫാള്‍ എന്നറിയപ്പെടുന്ന വെള്ളച്ചാട്ടമാണ്. 312 അടി ഉയരത്തിലുള്ള വെള്ളച്ചാട്ടമാണിത്. കൂടാതെ ഇവിടെ നിന്ന് നോക്കിയാല്‍ ഹിമാലയത്തിന്റെ മനോഹരമായ ദൃശ്യവും കാണാന്‍ സാധിക്കും.സൈന്യത്തിന്റെ നിയന്ത്രണത്തിനു കീഴിലുള്ള ഇവിടെ പ്രത്യേക അനുമതിയോടു കൂടിയേ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ഡല്‍ഹിയില്‍ നിന്ന് ചക്രാത വരെ 326 കി.മീ റോഡ് മാര്‍ഗം സഞ്ചരിക്കേണ്ടതുണ്ട്. ഡറാഡൂണില്‍ എത്തിച്ചേര്‍ന്നാല്‍ 4 മണിക്കൂര്‍ കൊണ്ട് ചക്രതയില്‍ എത്താന്‍ സാധിക്കും.
വിമാന മാര്‍ഗമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ജോളി ഗ്രാന്‍ഡ് എയര്‍പോര്‍ട്ടാണ് ചക്രാതയില്‍ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. ഇവിടെ 113 കി.മീറ്റര്‍ സഞ്ചരിച്ചാല്‍ ചക്രാതയില്‍ എത്തിച്ചേരാം.ട്രെയിന്‍ മാര്‍ഗമാണ് ഇവിടെയെത്താന്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ ഡറാഡൂണ്‍ റെയില്‍വെ സ്റ്റേഷനിലാണ് നമുക്ക് ഇറങ്ങേണ്ടി വരുക. ഇവിടെ നിന്നു 87 കി.മീറ്റര്‍ സഞ്ചരിച്ചാല്‍ ചക്രാതയില്‍ എത്താം. കൂടാതെ ടാക്സി സൗകര്യവും ലഭ്യമാണ്.
2. ഖജ്ജാര്‍ (ഹിമാചല്‍ പ്രദേശ് )
പച്ചപ്പു നിറഞ്ഞ ഉയര്‍ന്ന സമതലത്തില്‍ മനോഹരമായ ഒരു കൊച്ചുവീട്. പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ചുറ്റുമുള്ള മലനിരകള്‍. അതിനിടയ്ക്കുള്ള ശാന്തമായ തടാകം..ഇങ്ങനെയുള്ള ഒരു സ്ഥലത്ത് ആരാണ് പോകാന്‍ ആഗ്രഹിക്കാത്തത്?
വിദേശ രാജ്യങ്ങളില്‍ മാത്രമല്ല നമ്മുടെ ഇന്ത്യയിലുമുണ്ട് ഇത്തരത്തില്‍ മനോഹരമായ പ്രദേശങ്ങള്‍. ഹിമാചല്‍ പ്രദേശിലെ ചമ്പാ ജില്ലയിലാണ് ഇത്തരം വിശേഷണങ്ങള്ക്ക്് ഏറ്റവും യോജിച്ച ഖജ്ജാര്‍ എന്ന സ്ഥലം. ഒരു ചെറിയ സ്വിസ്സര്‍ലാന്റ് എന്നറിയപ്പെടുന്ന ഇവിടം പുല്‍ത്തകിടികളാലും വനത്താലും ചുറ്റപ്പെട്ട മേഖലയാണ്.വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ട്രക്കിങ് ഉള്‍പ്പെടെയുള്ള വിനോദങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടാക്സി മാര്‍ഗത്തിലൂടെ ഖജ്ജയിലേക്ക് ഏറ്റവും പെട്ടെന്ന് എത്തിച്ചേരാം. പഠാന്‍കോട്ടാണ് ഏറ്റവും അടുത്ത റെയില്‍വെ സ്റ്റേഷന്. അവിടെ നിന്നും ടാക്സി മാര്‍ഗവും ഖജ്ജാറിലെത്താം.ഖജ്ജാറിലേക്ക് നേരിട്ടെത്താന്‍ വിമാന മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല. ധര്‍മ്മശാലയിലെ ഗജ്ജാര്‍ എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നു 120 കി.മീ ദൂരമുണ്ട് ഖജ്ജാറിലേക്ക്.
3. ലോണാവാലാ (മഹാരാഷ്ട്ര)
മഹാരാഷ്ട്രയിലെ പുണെ ജില്ലയില്‍ വരുന്ന ഒരു ഹില്‍സ്റ്റേഷനാണ് ലോണാവാല. പുണെ പട്ടണത്തില്‍ നിന്നും ഏകദേശം 64 കി.മി ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതായത് മുംബൈ പട്ടണത്തില്‍ നിന്നും ഏകദേശം 96 കി.മി ദൂരത്തില്‍.നഗര തിരക്കില്‍ നിന്നും മാറിയുള്ള പ്രശാന്ത സുന്ദരമായ ഒരിടം. മനോഹരമായ പൂന്തോട്ടങ്ങളും, ഉയരം കൂടിയ മരങ്ങളായ നിറഞ്ഞ ലോണാവാലയിലെ പ്രത്യേകതകളാണ്. ചിക്കി എന്ന മിഠായുടെ പേരില്‍ ഈ സ്ഥലം വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ മനോഹരമായ കാലാവസ്ഥ ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കാരണമാകുന്നു.
രാജ്മാചി പോയ്ന്റ്, ലോണാവാലാ തടാകം, ഭുഷി ഡാം എന്നിവയെല്ലാം ഇവിടുത്തെ മറ്റു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. മണ്‍സൂണ്‍ കാലഘട്ടത്തിലാണ് വിനോദ സഞ്ചാര കാലം തുടങ്ങുന്നത്.പുണെ എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. അവിടെ നിന്നും ടാക്സി വഴി ലോണാവാലയില്‍ എത്താം. മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ലോണാവാലയിലെത്താന് ട്രയിന്‍, ബസ് സൗകര്യങ്ങളുണ്ട്.
4. പശ്ച്മര്ഹി, മഹാരാഷ്ട്ര
പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപപ്പെട്ട മനോഹരമായ ഗുഹാചിത്രങ്ങള്‍ ആസ്വദിച്ചു കൊണ്ടുള്ള ഒരു യാത്ര. ചുറ്റിനും മനോഹരമായ പൂന്തോട്ടങ്ങള്‍..ഇതാണ് പശ്ച്മര്ഹി. ”സത്പുരയുടെ രാജ്ഞി” എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ മനോഹരമായ സ്ഥലം. ശാന്തമായ കാലവസ്ഥ പശ്ച്മര്ഹിയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.ആസ്വാദ്യകരമായ തരത്തിലുള്ള ചൂടും തണുപ്പു നിറഞ്ഞ കാലാവസ്ഥ ഇവിടേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാന കാരണമാണ്. മഞ്ഞു കാലത്തെ അപേക്ഷിച്ച് വേനല്‍ക്കാലത്താണ് ഇവിടെ കൂടുതല്‍ മഴ പെയ്യുക.
ഇവിടുത്തെ സൂര്യോദയവും അസ്ഥമയവും വളരെ പ്രസിദ്ധമാണ്. രണ്ടായിരത്തി എണ്ണൂറിലധികം ഉയരത്തില്‍ നിന്നും വീഴുന്ന രജത് പ്രപാത് വെള്ളച്ചാട്ടം ആകാശത്തു വെള്ളിനൂല് പോലെ താഴേക്കൊഴുകുന്നതു കൊണ്ട് സില്‍വര്‍ ഫോള്‍ എന്നും അറിയപ്പെടുന്നു. ഡുച്ചീസ് വെള്ളച്ചാട്ടം, പനാര്പാനി വെള്ളച്ചാട്ടം തുടങ്ങിയ ധാരാളം വെള്ളച്ചാട്ടങ്ങള്‍ ഇവിടുത്തെ പ്രത്യേകതകളാണ്.പിപ്പാരിയയാണ് ഏറ്റവും അടുച്ച് സ്ഥിതിചെയ്യുന്ന റെയില്‍വെ സ്റ്റേഷനാണ്. ഇവിടെ നിന്നും ടാക്സി മാര്‍ഗം പശ്ച്മര്ഹിയിലെത്താം. 47 കി.മീ ആണ് ദൂരം. ഭോപ്പാല്‍ എയര്‍പോര്‍ട്ടില്‍ എത്തിയവര്‍ക്കാണെങ്കില്‍ ടാക്സിയില്‍ 195 കി.മീ സഞ്ചരിച്ചാല്‍ പശ്ച്മര്ഹിയിലെത്തിച്ചേരാം.
5. ഡ്വാര്സ്
വലിയ മലയുടെ താഴ്വരയിലുള്ള കുന്ന്. ചുറ്റിനും കിഴക്കന്‍ ഹിമാലയത്തിന്റെ മനോഹരമായ പശ്ചാത്തലത്തില്‍ ഇടതൂര്‍ന്ന കാട്. ഇതിനിടയില്‍ മനോഹരമായ തേയില തോട്ടങ്ങളും തടാകങ്ങളും…ഇതാണ് ഡ്വാര്സ്..പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ ഹിമാലയത്തിലെ അതിമനോഹരമായ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്ന്. പ്രക്യതിരമണീയത ആസ്വദിക്കുന്നവര്‍ക്ക് വരാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം. ഇങ്ങനേയും ഡ്വാര്സിനെ വിശേഷിപ്പിക്കാം.
ഉയര്‍ന്ന കുന്നിലെ മനോഹരങ്ങളായ പൂന്തോട്ടം ആരുടേയും കണ്ണുകളെ കുളിരണിയിക്കും.തേയില തോട്ടങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. മഹാനദാ വന്യജീവി സംരക്ഷണ കേന്ദ്രം, ചപ്രമാരി വന്യജീവി സംരക്ഷണ കേന്ദ്രം, മഹാനദാ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും മുകളില്‍ സ്ഥിതിചെയ്യുന്ന ലറ്റ്പാന്കോര് എന്ന ഗ്രാമവുമെല്ലാം ഡ്വാര്സിന്റെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്നു.ഡ്വാര്സിലേക്കെത്താന് നിരവധി മാര്‍ഗങ്ങളാണുള്ളത്. ബാഗ്ഡോഗ്രയാണ് ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്. ഇവിടെ നിന്നു 12 കി.മീ സഞ്ചരിച്ചാല്‍ ഡ്വാര്സിലെത്താം. ഡ്വാര്‍സി ടൗണിനു അടുത്തായി ന്യൂജല്പൈഗുരി റെയില്‍വെ സ്റ്റേഷന് സ്ഥിതിചെയ്യുന്നു. ഇവിടെ നിന്നു വളരെ പെട്ടന്നു തന്നെ ഡ്വാര്സിയിലെത്താം.