മൂന്നാറിലെ സ്വകാര്യ ഹോംസ്റ്റേയായ ലൗഡേൽ ഒഴിപ്പിക്കലിന് എതിരെ ഉടമ വി.വി. ജോർജ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കാനുള്ള ദേവികുളം സബ്കളക്ടറുടെ ഉത്തരവ് കോടതി ശരിവെച്ചു. ലൗഡേൽ സ്ഥിതി ചെയ്യുന്ന കെട്ടിടവും 22 സെന്റ് സ്ഥലവും സർക്കാരിന് ഏറ്റെടുക്കാം.
ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് റവന്യൂമന്ത്രി അറിയിച്ചു. ഈ റിസോർട്ട് ഒഴിപ്പിക്കാനുള്ള നോട്ടീസ് നൽകിയതിന് പിന്നാലെയാണ് മൂന്നാറിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ദേവികുളം സബ്കളക്ടർക്കെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും മുഖ്യമന്ത്രി യോഗം വിളിക്കുകയും ചെയ്തത്. ഈ റിസോർട്ട് ഉടമയും പരാതി നൽകിയിരുന്നു. കയ്യേറ്റക്കാരുടെ പരാതിയിൽ യോഗം വിളിക്കുന്നത് ശരിയല്ലെന്ന് കുറ്റപ്പെടുത്തിയ സിപിഐയുടെ നിലപാടിനെ തുടർന്ന് റവന്യു മന്ത്രി ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
ഒഴിപ്പിക്കലിനെതിരായ പരാതിയിൽ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ സർവകക്ഷി യോഗം നടന്നിരുന്നു. റെവന്യൂ പ്രിൻസിപ്പൾ സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് റവന്യൂമന്ത്രി ഒഴിഞ്ഞുനിന്നിരുന്നു. കുത്തകപ്പാട്ട ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു യോഗത്തിലെ തീരുമാനം.