എന്നെങ്കിലും വീഡിയോ ക്ലിപ്പ് പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നവരുടെ ചോദനകളെ മാത്രമാണ് നിങ്ങള്‍ പരിപോഷിപ്പിക്കുന്നത്

0
558

 

എം. അബ്ദുൾ റഷീദ്
അത്യന്തം ആക്രമണോൽസുകമായ ഈ മാധ്യമക്കോടതികളിലൂടെ നമ്മുടെ വാർത്താവതാരകർ എന്താണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്? തങ്ങൾ കോടതിക്കും മീതേ നിൽക്കും കോടതികൾ ആണെന്നോ?
ശരാശരി മലയാളിയുടെ ഒളിനോട്ട ഭാവനകളെ പൊലിപ്പിക്കാൻവേണ്ട സകല ചേരുവകളുമുള്ള ഈ മസാലക്കഥയുടെ അതിവർണ്ണന വലിയൊരു പ്രേക്ഷകസമൂഹത്തിന്റെ ഉദ്വേഗത്തെ ശമിപ്പിക്കുന്നു എന്നാണോ റേറ്റിങ് റിപ്പോർട്ടുകൾ നിങ്ങളോടു പറയുന്നത്? എങ്കിൽ റേറ്റിംഗിൽ പതിയാത്ത ഒന്ന്, മാധ്യമങ്ങളെ ഇപ്പോഴും ഗൗരവത്തോടെ കാണുന്ന ശേഷിക്കുന്ന ചെറിയൊരു വിഭാഗത്തെ അകറ്റാൻകൂടി ഇതേ മസാലവിശകലനം കാരണമാകുന്നുണ്ട് എന്നതാണ്.
വാർത്താവതാരകന്റെ പരിഹാസ ചോദ്യമാണ് ശത്രുരാജ്യത്തിനു നേരെ സർജിക്കൽ സ്ട്രയ്ക് നടത്താൻ പ്രേരിപ്പിച്ചതെന്ന് മുൻ പ്രതിരോധ മന്ത്രി മനോഹർ പരീകർ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. മാധ്യമആക്രോശങ്ങളിൽ പ്രലോഭിതരാകുന്ന ഭരണകൂടവും സൈന്യവും അപകടം പിടിച്ചൊരു പ്രവണതയാണ്. അതുപോലെ അപകടമാണ് നീതിന്യായകോടതികൾക്കു മുമ്പേയും മുകളിലും സ്ഥാപിക്കപ്പെടുന്ന മാധ്യമക്കോടതികളും. രണ്ടും സമൂഹത്തെയും ജനാധിപത്യത്തെയും ദുർബലമാക്കും. നീതിയെ പരിഹാസ്യമാക്കും.
”X എന്ന വിവാഹമോചിതനായ നടൻ, തന്റെ ശത്രുവായ Y എന്ന നടിയെ Z എന്ന ഗുണ്ടയെ വിട്ടു പീഡിപ്പിച്ചു” എന്ന നിങ്ങളുടെ ഈ കഥ സത്യമാകാം, അല്ലായിരിക്കാം. പക്ഷെ അത് നീതിന്യായ സംവിധാനത്തിലൂടെ തെളിയട്ടെ. അതുവരെ നിങ്ങളുടെ ഈ ഹിംസാത്മകത വിചാരണയൊന്നു നിയന്ത്രിക്കൂ.
കാരണം ഇതേ മുൻധാരണാ മാധ്യമവിചാരണകളാണ്, പിൽക്കാലത്ത് കോടതികൾ നിരപരാധികൾ എന്ന് കണ്ടെത്തിയ പലരുടെയും ജീവിതം തകർത്തത്. കേട്ടിട്ടില്ലേ, പത്തും ഇരുപതും കൊല്ലമൊക്കെ ജയിലറകളിൽ കഴിഞ്ഞിട്ടു ഒടുവിൽ നിരപരാധിയെന്ന് തെളിഞ്ഞു പുറത്തുവരേണ്ടി വരുന്ന നിസ്സഹായരുടെ കഥകൾ. ഇവിടെ ഈ സംഭവത്തിൽ അങ്ങനെയാണെന്നല്ല.
പക്ഷെ, കുറ്റം തെളിയുവോളം ഏതു ആരോപണവിധേയനും നിരപരാധിയാണെന്ന് തിരിച്ചറിയാനുള്ള വിവേകം മാധ്യമങ്ങൾക്കെങ്കിലും വേണം.
ഇനി അതല്ല, ഒരു സ്ത്രീയ്ക്ക് അന്തസ്സോടെ തൊഴിലെടുക്കാനും ജീവിക്കാനുമുള്ള സാമൂഹികാന്തരീക്ഷത്തിനായുള്ള വലിയ പോരാട്ടത്തിന്റെ ഭാഗമായാണോ നിങ്ങളുടെ ഈ അമിതാവേശം? എങ്കിലും നിങ്ങൾ കാമറ തിരിക്കാൻ സമയമായി. പണവും കള്ളപ്പണവും ആണധികാരവും കൊടിയ പെൺവിരുദ്ധതയും താരാധിപത്യവും നിറഞ്ഞ മലയാള ചലച്ചിത്ര ലോകത്തുനിന്നും ഈ ഒരൊറ്റ സംഭവം മാത്രമാണോ നിങ്ങൾക്ക് ചർച്ച ചെയ്യാനുള്ളത്? എന്താണ് ചലച്ചിത്രവ്യവസായ മേഖലയിലെ പെൺജീവിതത്തിന്റെ കൂടുതൽ അന്വേഷണങ്ങളിലേക്കും ജീവിതാവസ്ഥകളിലേക്കും നിങ്ങളുടെ വാർത്താആകാംക്ഷ നീണ്ടുപോകാത്തത്?
സിനിമയിൽ മാത്രമല്ല, ഏതു മേഖലയിലും ജോലിയുള്ള പെണ്ണിന്റെ ജീവിതം ഇരട്ടിനരകമാണ്. കേരളത്തിലെ ചീഞ്ഞ ആണധികാര കുടുംബ വ്യവസ്ഥയ്ക്കുള്ളിൽ പ്രേത്യേകിച്ചും.
”നീ വീടിനുള്ളിൽ ശമ്പളമില്ലാത്ത നിന്റെ എണ്ണമറ്റ പണികൾ എല്ലാം തീർത്തിട്ടു വേണമെങ്കിൽ ശമ്പളം കിട്ടുന്ന ജോലിയ്ക്ക് കൂടി പൊയ്‌ക്കോ..” എന്നതാണ് കുടുംബത്തിന്റെ മനോഭാവം. ഔദ്യോഗിക ജീവിതവും ഗാർഹികജീവിതവും ഒന്ന് ചേർത്തുപിടിച്ചു കൊണ്ടുപോകാൻ പെണ്ണ് അനുഭവിക്കുന്നൊരു നെട്ടോട്ടമുണ്ട്. അത് കണ്ടുതന്നെ അറിയണം. ഇതൊക്കെ അനുഭവിച്ചാലും സ്വന്തം അധ്വാനത്തിന് എണ്ണി വാങ്ങുന്ന ശമ്പളത്തിൽപോലും പെണ്ണിന് ഇനിയും അവകാശമില്ല പല കുടുംബങ്ങളിലും. ഏതു ഓഫീസിനുമുന്നിൽ കാമറവെച്ചാലും കിട്ടുന്ന കഥയാണിത്. ന്യുസ് വാല്യൂ എത്രയുണ്ടെന്നു മാത്രം അറിയില്ല.
എല്ലാ കഴിവും അറിവും ഉണ്ടെങ്കിലും ഓരോ ഓഫീസുകളിലെയും ആൺസിംഹങ്ങൾക്കു മുന്നിൽ ഒന്നു പിടിച്ചുനിൽക്കാനായി മിടുക്കികളായ പെണ്ണുങ്ങൾപോലും നടത്തേണ്ടിവരുന്ന ഒരു സമരമുണ്ട്. ഒരു അഭിനന്ദനം കേൾക്കാൻ, ഒരു ടീം ലീഡറാവാൻ അനുഭവിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളും പരിഹാസങ്ങളുമുണ്ട്. അതും തൊഴിലിടത്തെ പെണ്ണിന്റെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്ത കഥയാണ്. ഇതിലേക്കുകൂടി കാമറ തിരിക്കാൻ നിങ്ങൾ ചാനലുകൾ തയാറാണോ? അതോ Y എന്ന നടൻ അറസ്റ്റിലാവുന്നതിന്റെ ബ്രെയ്ക്കിങ് ലൈവോടെ തീർന്നുപോകുന്ന ആവേശമാണോ ഇത്?
കേരളത്തിൽ പോലിസ് കണക്കിൽ മാത്രം ഒരു വർഷം 2600 പെണ്ണുങ്ങൾ ശാരീരികമായി പീഡിപ്പിക്കപ്പെടുന്നു. അതിന്റെ പകുതിയും തൊഴിലിടത്തിലോ, തൊഴിൽ സ്ഥലത്തേയ്ക്കുള്ള യാത്രയിലോ ആണ്. ഇത്രത്തോളം പുരോഗമനം നടിക്കുന്ന കേരളത്തിൽപ്പോലും ഉദ്യോഗസ്ഥയായ, ജോലിചെയ്യുന്ന പെണ്ണ് നേരിടുന്ന നൂറു നൂറു നീതിനിഷേധങ്ങളിലേക്കും പീഡനങ്ങളിലേക്കും ജനശ്രദ്ധ എത്തിക്കാനുള്ള ഒരു സംഭവമായാണോ നിങ്ങൾ ഈ വാർത്തയെ കാണുന്നത്. എങ്കിൽ നിങ്ങളുടെ ഈ ആവേശം ശരിയാണ്. എങ്കിൽ മാത്രമേ ഈ രാത്രിചർച്ചാ ആവേശം സാധൂകരിക്കപ്പെടുന്നുള്ളൂ.
അല്ലാത്തിടത്തോളം നിങ്ങൾ എത്രയൊക്കെ പെൺപക്ഷം അഭിനയിച്ചാലും വ്യക്തമാണ്, സകല എരിവും പുളിയുമുള്ള ഒന്നാന്തരം ആൺസമൂഹ ആസ്വാദന വാർത്താചരക്കാണിതെന്ന്. ഇന്നല്ലെങ്കിൽ നാളെ ആ വീഡിയോക്ലിപ് ടീവിയിലോ യുട്യൂബിലോ വരുമെന്ന ‘പ്രതീക്ഷയോടെ’ കാത്തിരിക്കുന്ന നെറികെട്ട ഒരു ആൺസമൂഹത്തിന്റെ ചോദനകളെ മാത്രമാണ് ഇപ്പോൾ നിങ്ങൾ ചാനലവതാരകർ പരിപോഷിപ്പിക്കുന്നത്.