കൂടുതൽ ചോദ്യംചെയ്യലുണ്ടാകും; നടിയുടെ മൊഴി വീണ്ടുമെടുക്കും

0
193


നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ വിലയിരുത്തിയതായി പൊലീസ് ഉന്നതതലയോഗത്തിനുശേഷം റൂറൽ എസ്പി എ.വി. ജോർജ്. വേണ്ടിവന്നാൽ കൂടുതൽ ചോദ്യംചെയ്യലുണ്ടാകും. അറസ്റ്റ് സംബന്ധിച്ച് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലുവ പൊലീസ് ക്ലബിൽ ഐജി ദിനേന്ദ്ര കശ്യപിൻറെ നേതൃത്വത്തിൽ ചേർന്ന യോഗം മൂന്നു മണിക്കൂറിലധികം നീണ്ടുനിന്നു.ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും സാധ്യതയുണ്ട്. മൊഴിയിലെ വൈരുധ്യങ്ങളെക്കുറിച്ചുള്ള സംശയം നീക്കുന്നതിനാണിത്.

കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൊലീസ് നോട്ടമിട്ടവരെ എപ്പോൾ അറസ്റ്റ് ചെയ്യണമെന്നതു സംബന്ധിച്ച് യോഗത്തിൽ ചർച്ചയായെന്നാണ് വിവരം. എല്ലാ പഴുതുകളും അടച്ചശേഷം അറസ്റ്റിലേക്കു നീങ്ങിയാൽ മതിയെന്നാണു പൊലീസിനു കിട്ടിയിരിക്കുന്ന നിർദേശം. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എഡിജിപി: ബി. സന്ധ്യ തിരുവനന്തപുരത്തായതിനാൽ യോഗത്തിൽ പങ്കെടുത്തില്ല.അന്വേഷണം  സംവിധായകന്‍ നാദിര്‍ഷ, നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ കൂടാതെ ഒരു നടിയിലേക്കുകൂടി കേന്ദ്രീകരിച്ചതായി സൂചനയുണ്ട്.

കൊച്ചിയിൽ യുവനടി അതിക്രമത്തിന് ഇരയായ സംഭവത്തിൽ കേസ് അന്വേഷണം നീളുന്നതിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസിന്റെ സുപ്രധാന യോഗം ചേർന്നത്. കേസ് അന്വേഷിക്കുന്ന ഐജി ദിനേന്ദ്ര കശ്യപ്, മേൽനോട്ടം വഹിക്കുന്ന എഡിജിപി: ബി.സന്ധ്യ എന്നിവരെ വിളിച്ചുവരുത്തിയ ബെഹ്‌റ, കേസ് അന്വേഷണത്തിന്റെ പുരോഗതി ചോദിച്ചറിഞ്ഞിരുന്നു. അന്വേഷണം കൃത്യമായി മുന്നോട്ടുപോകണമെന്നും എത്രയുംവേഗം പൂർത്തിയാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

അന്വേഷണം മികച്ച നിലയിലാണു മുന്നോട്ടുപോകുന്നതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്. എഡിജിപി: ബി.സന്ധ്യ മേൽനോട്ടം വഹിക്കുന്നു. മികച്ച ഉദ്യോഗസ്ഥരാണു സംഘത്തിലുള്ളത്. ദിനേന്ദ്ര കശ്യപ് സിബിഐയിൽ തനിക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. സംഘത്തിൽ പുതിയതായി ആരെയെങ്കിലും ഉൾപ്പെടുത്തണമെങ്കിൽ അതു ചെയ്യുമെന്നും ബെഹ്‌റ പറഞ്ഞു.