കൊച്ചിയില്‍ പനാമ കപ്പൽ ബോട്ടിൽ ഇടിച്ചത് അറിഞ്ഞിരുന്നുവെന്ന് ക്യാപ്റ്റൻ

0
112


കൊച്ചി: പുറംകടലിൽ പനാമ ചരക്ക് കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചത് അറിഞ്ഞിരുന്നുവെന്ന് ആംബർ എൽ കപ്പലിന്റെ ക്യാപ്റ്റൻ ജോർജിയാനാക്കിസ് പൊലീസിനോട് പറഞ്ഞു. ഇടിച്ച ശേഷം കപ്പൽ മുന്നോട്ട്‌പോയെന്നും മത്സ്യത്തൊഴിലാളികൾ മരിച്ചത് അറിഞ്ഞില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ ക്യാപ്റ്റന്റെ വിശദീകരണം. കോസ്റ്റൽ പൊലീസ് സിഐ ടി എം വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കപ്പൽ ജീവനക്കാർ മറുപടി നൽകിയത്.

ക്യാപ്റ്റനെ കൂടാതെ സെക്കൻറ് ഓഫീസർ ഗാൽനോസ് അത്‌നോയസ്, ഡെക്ക് സീമാൻ മ്യാന്മാർ സ്വദേശി സെവാന എന്നിവരെയും ചോദ്യം ചെയ്തു. കപ്പൽ ബോട്ടിലിടിച്ചത് അറിഞ്ഞിരുന്നില്ലെന്നാണ് ക്യാപ്റ്റൻ നേരത്തെ നൽകിയ മൊഴി. അപകടത്തിനുശേഷം ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി കപ്പൽ കസ്റ്റഡിയിൽ എടുത്തതായി അറിയിച്ചപ്പോഴാണ് വിവരം അറിയുന്നതെന്നുമായിരുന്നു ക്യാപ്റ്റന്റെ വിശദീകരണം. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി വ്യാഴാഴ്ച അവസാനിക്കുന്നതോടെ ഇവരെ തോപ്പുംപടി കോടതിയിൽ ഹാജരാക്കുമെന്ന് സിഐ ടി എം വർഗീസ് പറഞ്ഞു.

ഇതിനിടെ ക്യാപ്റ്റൻ അടക്കം മൂന്ന് പ്രതികൾ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷ വെള്ളിയാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. ജൂൺ 30നാണ് ക്യാപ്റ്റർ ജോർജിയാനാക്കിസ്, ഗാൽനോസ് അത്‌നോയസ്,  സെവാന എന്നിവരെ കപ്പലിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് വിയ്യൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തിരുന്നു. കേസിൽ കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമാണ് ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങിയത്.

ജൂൺ 11ന് പുലർച്ചെ 2.30നാണ് 14 നോട്ടിക്കൽ മൈൽ അകലെ പുറംകടലിൽവച്ച് പനാമ രജിസ്‌ട്രേഷനുള്ള കപ്പൽ കാർമൽ മാത മത്സ്യബന്ധന ബോട്ടിനെ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണതാകുകയും ചെയ്തിരുന്നു. മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്‌മെന്റ് (എംഎംഡി) കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് സമർപിച്ച റിപ്പോർട്ടിൽ ആംബർ എൽ ആണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമാക്കിയിരുന്നു. അപകടം നടന്നശേഷം കപ്പൽ ബാർജിൽ നിന്നും ഡീസൽ അടിക്കുന്നതിനായി ആംഗർ ചെയ്തപ്പോഴാണ് കപ്പലും ജീവനക്കാരെയും കസ്റ്റഡിയിലെടുക്കുന്നത്.
പുറംകടലിലുള്ള കപ്പൽ തീരം വിട്ടുപോകാതിരിക്കാൻ സെക്യുരിറ്റി ഡിപ്പോസിറ്റായി ആറ് കോടി രൂപ കെട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് ബോട്ട് ഉടമ പള്ളുരുത്തി സ്വദേശി നിസാർ നൽകിയ ഹർജി 10ന് ഹൈക്കോടതി പരിഗണിക്കും. നാവിക സേന, കോസ്റ്റ് ഗാർഡ് എന്നിവയുടെ നീരീക്ഷണത്തിലാണ് കപ്പൽ.

അതേസമയം എംഎംഡി വിഭാഗം കപ്പലിൽ നിന്നും പിടിച്ചെടുത്ത വൊയേജ് ഡേറ്റാ റെക്കോർഡർ(വിഡിആർ), ലോഗ് ബുക്ക്, നൈറ്റ് ഓർഡർ ബുക്ക്, ബെൽ ബുക്ക്, ജിപിഎസ് ചാർട്ട്, ജിപിഎസ് ലോഗ് ബുക്ക്, നാവിഗേഷൻ ചാർട്ട് എന്നിവ വിട്ടുകിട്ടുന്നതിനായി പൊലീസ് ഹൈക്കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.  അന്വേഷണം തുടരുന്നതിന് പിടിച്ചെടുത്ത രേഖകളും ക്യാപ്റ്റന്റെയും മറ്റ് ജീവനക്കാരുടെയും മൊഴിയുടെ പകർപ്പുകളും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിഐ പറഞ്ഞു.