ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യാ കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് സംബന്ധിച്ച് സാക്കിയാ ജഫ്രി ഫയല്‍ ചെയ്ത കേസില്‍ അടുത്തമാസം ഒമ്പതിന് ഗുജറാത്ത് ഹൈക്കോടതി വിധി പറയും. കേസില്‍ കഴിഞ്ഞമാസം വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. ഇതിനു പുറമെ സാക്കിയയുടെയും എസ്ഐടിയുടെയും നിലപാട് കൂടി അറിഞ്ഞ ശേഷമാണ് കേസ് വിധിപറയാനായി മാറ്റിവച്ചത്. വംശഹത്യ നടക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുള്‍പ്പെടെയുള്ള ഉന്നതരായ പ്രതികളെ കുറ്റവിമുക്തരാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നടപടിയെ ചോദ്യം ചെയ്താണ് സാക്കിയ ജഫ്രി ഹരജി നല്‍കിയത്. മോദിയുള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കാന്‍ സാക്കിയാ ജഫ്രി സുപ്രിംകോടതിയെ സമീപിച്ചതിനെതുടര്‍ന്നാണ് കേസന്വേഷണത്തിനായി സി ബിഐ ഡയറക്ടര്‍ ആയിരുന്ന ആര് കെ രാഘവന്റെ നേതൃത്വത്തില്‍ എസ്ഐടിയെ നിയോഗിച്ചത്. എന്നാല്‍, സംഭവം അന്വേഷിച്ച എസ്ഐടി കീഴ്ക്കോടതിയില്‍ കേസ് അവസാനിപ്പിച്ചതായി 2012 ഫെബ്രുവരിയില്‍ റിപോര്‍ട്ട് നല്‍കുകയാണ് ചെയ്തത്.
എസ്ഐടിയുടെ ഈ നടപടി ചോദ്യംചെയ്ത് സാക്കിയാ ജഫ്രി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗൂഢാലോചനയിലും മറ്റും നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന നേരിട്ടുള്ള തെളിവുകളില്ലെന്നു പറയുന്ന എസ്ഐടിയുടെ 600 പേജുള്ള റിപോര്‍ട്ടില്‍, പക്ഷേ മോദിക്കു ശുദ്ധിപത്രം നല്‍കിയിരുന്നില്ല. മോദിക്കെതിരേ സാഹചര്യത്തെളിവുകള്‍ ധാരാളമുണ്ടെന്നും റിപോര്‍ട്ടിലുണ്ടായിരുന്നു. എസ്ഐടിയുടെ അന്തിമ റിപോര്‍ട്ട് അംഗീകരിച്ച നടപടിയെ സാക്കിയാ ജഫ്രി വിചാരണക്കോടതിയില്‍ ചോദ്യം ചെയ്തെങ്കിലും ഹരജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് 2014 ല്‍ സാക്കിയ ഹൈക്കോടതിയെ സമീപിച്ചത്. 2002ലെ സംഭവത്തെ വംശഹത്യ എന്നുപറയാനാവില്ലെന്ന വിചാരണകോടതിയുടെ നിലപാടിനെയും അവര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. സുപ്രിംകോടതിയുടെ കര്‍ക്കശമായ മേല്‍നോട്ടത്തിലാണ് എസ്ഐടി കേസ് അന്വേഷിച്ചതെന്നും അതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് മോദിയുള്പ്പെടെയുള്ളവര്ക്കെതിരായ ക്രിമിനല്‍ ഗൂഢാലോചനക്കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നുമാണ് എസ്ഐടിയുടെ നിലപാട്. മോദിയുള്‍പ്പെടെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന 58 പ്രതികള്‍ക്കെതിരേയാണ് ആരോപണം.