തിരിച്ചുവരവിനായി പ്രാര്‍ഥിച്ച് മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് മൂന്നു മാസം

0
227


ഗൃഹനാഥൻ മരിച്ചവിവരം രഹസ്യമാക്കി മൃതദേഹം അടക്കംചെയ്യാതെ ഭാര്യയും മക്കളും വീടിനുള്ളിൽ മൂന്നുമാസം സൂക്ഷിച്ചു. മൃതദേഹത്തിന് ജീവൻവയ്ക്കുമെന്ന അന്ധവിശ്വാസത്തിലായിരുന്നു കുടുംബം. ഇതിനായി വീട്അടച്ച് പ്രാർഥനയിൽ മുഴുകിയിരിക്കുകയായിരുന്നു കുടുംബം. മലപ്പുറം മൂർക്കനാട് പഞ്ചായത്തിലെ കൊളത്തൂരിലാണ് സാക്ഷരകേരളത്തെ ഞെട്ടിച്ച സംഭവം.

അമ്പലപ്പടിക്കു സമീപം പാറമ്മൽ അങ്ങാടിയിൽ താമസിക്കുന്ന വാഴയിൽ സെയ്ദാ(50)ആണ് മരിച്ചത്. പുതപ്പിൽമൂടിയ ജഡം അഴുകി ദ്രവിച്ച നിലയിലാണ്. അസ്ഥികൾ തെളിഞ്ഞുവന്നിരുന്നു. പെരിന്തൽമണ്ണ സിഐ സാജു കെ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പൊലീസ് സർജന്റെ തേൃത്വത്തിൽ പോസ്റ്റ് മോർട്ടം നടത്തും. ബന്ധുക്കളിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

സെയ്ദ് മരിച്ച വിവരം നാട്ടിലാരും അറിഞ്ഞിരുന്നില്ല. മരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും മറ്റാരെയും അറിയിക്കാതെ വീട്ടിലെ അടച്ചിട്ട മുറിയിൽ സൂക്ഷിച്ച് പ്രർഥന നടത്തുകയായിരുന്നു ഭാര്യയും മൂന്ന് മക്കളും. കരുവമ്പലം സ്വദേശിയായ സെയ്ദ് പുത്തൻ പീടികയിലുള്ള മദ്രസയിൽ അധ്യാപകനായിരുന്നു. മൂന്നു മാസമായി വീട് അടച്ചിട്ട നിലയിലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. രണ്ട് മാസം മുമ്പാണ് ഭാര്യാസഹോദരൻ മരിച്ചത്. എന്നാൽ സെയ്ദിന്റെ വീട്ടിൽനിന്ന് ആരും അവിടേക്ക് പോയില്ല. കഴിഞ്ഞ ദിവസം സെയ്ദിന്റെ സഹോദരൻ വിവാഹം ക്ഷണിക്കാൻ ചെന്നപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് പൊലീസ് എത്തി വാതിൽ ബലമായി തുറന്നപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ഭാര്യ റാബിയയും രണ്ട് പെൺമക്കളുമാണ് വീട്ടിൽ സ്ഥിരതാമസം. മൂത്ത മകൻ ഉവൈസ് മദ്രസാ അധ്യാപകനാണ്.

ആത്മീയ ചിന്തകളിൽ വ്യാപരിച്ചിരുന്ന കുടുംബമാണിതെന്ന് അയൽവാസികൾ പറയുന്നു. മൂത്ത മകനെ ഒഴികെ മറ്റാരെയുംവീടിനു പുറത്തേക്ക് കാണാറില്ലത്ര. രാത്രി വീട്ടിൽ വെളിച്ചം കാണാറുണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ ഭക്ഷണം പാകം ചെയ്തിരുന്നതിന്റെ സൂചനയുമുണ്ട്. പൊലീസ് സംഭവം വിശദമായി അന്വേഷിക്കുന്നുണ്ട്.