ദീന്‍ദയാലിനെയും ഗാന്ധിയെയും പിടിച്ച് മോഡിയെ വിമര്‍ശിച്ച് വി.എച്ച്.പി

0
155

ഭാവി പ്രതീക്ഷകൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിലെന്ന് വിഎച്ച്പി നേതാവ്  സുരേന്ദ്ര ജെയിൻ

ദീന്‍ദയാല്‍ ഉപാധ്യായ, മഹാത്മാഗാന്ധി, ആചാര്യ വിനോഭാവേ എന്നിവരുടെ ഗോസംരക്ഷണ നയം ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ച് വിശ്വ ഹിന്ദു പരിഷത്ത്. ഗോരക്ഷയുടെ പേരിൽ കൊലപാതകങ്ങൾ അരുതെന്ന നരേന്ദ്ര മോദിയുടെ പരസ്യ പ്രസ്താവനയോടുള്ള വിഎച്ച്പിയുടെ പ്രതികരണം അകൽച്ച പ്രകടമാക്കുന്നതായി.ഗോഹത്യ നടത്തുന്നവർക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കണമെന്ന യുപി പൊലീസിന്റെ നിലപാടിനെ പ്രകീർത്തിച്ച വിഎച്ച്പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ, ഭാവി പ്രതീക്ഷകൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിലാണെന്നും ധ്വനിപ്പിച്ചു.വാജ്‌പേയി സർക്കാരിന്റെ കാലത്ത് അയോധ്യ വിഷയത്തിൽ ബിജെപി നേതൃത്വവുമായി ഇടഞ്ഞ വിഎച്ച്പി നേതാക്കൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയിൽ പ്രതീക്ഷ പ്രകടിപ്പിച്ചതിനു സമാനമാണു സാഹചര്യങ്ങൾ.

 

ഗോസംരക്ഷണത്തിനു ജനസംഘം താത്വികാചാര്യൻ ദീൻ ദയാൽ ഉപാധ്യായ നൽകിയിരുന്ന പ്രാധാന്യം ‘മിത്ര’ങ്ങൾ മനസിലാക്കണമെന്നു  സുരേന്ദ്ര ജെയിൻ മോദിക്കെതിരെ ഒളിയമ്പു തൊടുത്തു. രാജ്യത്തിന്റെ ഭാവിക്കു ഗോകേന്ദ്രീകൃത കൃഷിയാണു ദീൻ ദയാൽ ഉപാധ്യായ മുന്നോട്ടുവച്ചിരുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.ഗോമാംസം ഭക്ഷിക്കുന്നവർ ആ ഭക്ഷണശീലം ഉപേക്ഷിക്കാനാണ് മഹാത്മാഗാന്ധി ഉപദേശിച്ചത്. ഗോവധനിരോധന നിയമത്തിനായി ആചാര്യ വിനോബാ ഭാവെ മരണം വരെ നിരാഹാരത്തിനൊരുങ്ങി. ഗോവധനിരോധനത്തിന് കേന്ദ്രം നിയമം കൊണ്ടുവന്നു നടപ്പാക്കിയാലേ പ്രക്ഷോഭങ്ങൾ അവസാനിക്കുകയുള്ളുവെന്നാണു വിഎച്ച്പി നിലപാട്.

കൊലപാതകങ്ങളെ വിമർശിക്കുമ്പോൾ ഗോരക്ഷകർ കൊല്ലപ്പെട്ട സംഭവങ്ങളും ‘മിത്ര’ങ്ങൾ പരിശോധിക്കണമെന്നു ജെയിൻ പറഞ്ഞു.  ‘ഗോരക്ഷകർക്കെതിരെ ഇറച്ചി ലോബി’ ഗോവധ അനുകൂലികൾ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അൻപതിലേറെ പൊലീസുകാരെയും ഗോരക്ഷകരെയും കൊലപ്പെടുത്തിയിട്ടുണ്ടെന്നും യഥാർഥത്തിൽ ഗോരക്ഷകർ ഭീകരരല്ല, ഇരകളാണെന്നുമാണ് വിശ്വ ഹിന്ദു പരിഷത്ത് നയം. ഗോരക്ഷയുടെ പേരിൽ മനുഷ്യരെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് വിഎച്ച്പി നേതാവിന്റെ ഈ പരാമർശം.

ഗോരക്ഷയുടെ കാര്യത്തിൽ അക്രമത്തിനു സ്ഥാനമില്ല. എന്നാൽ എല്ലാവർക്കുമെന്നതുപോലെ ഗോരക്ഷകർക്കും സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്. ഗോരക്ഷാവ്രതമെടുത്തിട്ടുള്ളവരെ അവഹേളിക്കുകയാണ് ഇറച്ചി ലോബിയുടെ ലക്ഷ്യം – പരിഷത് രാജ്യാന്തര സെക്രട്ടറി സുരേന്ദ്ര ജയിൻ കുറ്റപ്പെടുത്തി.’നോട്ട് ഇൻ മൈ നെയിം’ എന്ന പേരിൽ ഈയിടെ നടത്തിയ പ്രതിഷേധത്തെ ജയിൻ വിമർശിച്ചു. ഈ പ്ലക്കാർഡ് പിടിത്തക്കാർക്ക് സ്വാർഥ താൽപര്യമാണുള്ളത്. ഗോരക്ഷയെന്ന ദിവ്യപ്രതിജ്ഞയെ അവഹേളിക്കാനാണ് അവർ ശ്രമിക്കുന്നത്. കശ്മീരിൽ പോരാടുന്ന ധീര സൈനികരെ ചോദ്യം ചെയ്യുന്ന ഇവർ വധശിക്ഷ ലഭിച്ച യാക്കൂബ് മെമനു പിന്തുണ നൽകുകയും ചെയ്യുന്നു – അദ്ദേഹം പറഞ്ഞു.