“നടിമാർ മോശമാണെങ്കില്‍ അവര് ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും” ഇന്നച്ചൻ വിവാദത്തിലേക്ക്

0
145

തൃശ്ശൂര്‍: സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ചില നടിമാരുടെ ആരോപണങ്ങള്‍ക്കെതിരെ ഇന്നസെന്‍റ്. തന്നോട് ആരും ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നു പറഞ്ഞ ഇന്നസെന്‍റ് നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടിവരുമെന്നും പറഞ്ഞു. താരസംഘടനയായ അമ്മയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ തൃശൂരിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇന്നസെന്റിന്‍റെ പരാമര്‍ശം.
ആ കാലമൊക്കെ പോയില്ലേ എന്റെ പൊന്നുപെങ്ങളേ. ഒരു സ്ത്രീയോട് വളരെ മോശമായിട്ട് ഒരു കാര്യം ചോദിച്ചാല്‍ ആ നിമിഷം തന്നെ ഈ ഇരിക്കുന്നതുപോലുള്ള പത്രക്കാരോടും ആള്‍ക്കാരോടും ആളുകള്‍ പറയും, ആ സ്ത്രീ പറയും. അങ്ങനെയൊരു സംഭവമേയില്ല. പിന്നെ അവര് മോശമാണെങ്കില്‍ അവര് ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും. അതല്ലാതെ ഒരാളും ഇല്ല കേട്ടോ. വളരെ ക്ലീന്‍ ക്ലീന്‍ ലൈനിലാണ് ആ വക കാര്യങ്ങള്‍ നടക്കുന്നത്’ എന്നാണ് ഇന്നസെന്റ് മറുപടി നല്‍കിയത്. നടിമാരെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഈ മറുപടിയിപ്പോള്‍ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായിക്കഴിഞ്ഞു.

നടിമാരോട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചോദിക്കുന്നത് അവരുടെ കടമപോലെയാണെന്ന് പാര്‍വ്വതി പറഞ്ഞിരുന്നു. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്ന പരിപാടിയിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞുകൊണ്ട് നടന്‍മാരും സംവിധായകന്‍മാരും ആവശ്യപ്പെടും. എല്ലാവരും ഒരു പോലെയാണ്. അങ്ങനെ പറഞ്ഞിട്ടുള്ളവരോടൊപ്പം ജോലി ചെയ്തില്ല. അതുകൊണ്ടായിരിക്കാം കുറച്ചു കാലം സിനിമകള്‍ വരാതിരുന്നതെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.