പള്‍സര്‍  ഏറ്റെടുത്തത് ഒന്നിലേറെ ക്വട്ടേഷനുകൾ ?

0
2321

നടിയെ ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയത് അവരുടെ വിവാഹം മുടക്കാനെന്ന് അന്വേഷണത്തിൽ ഏതാണ്ടു വ്യക്തമായിട്ടുണ്ട്

by വെബ്‌ ഡെസ്ക്

നടിയെ ആക്രമിച്ച കേസിൽ പള്‍സര്‍ സുനി ഒരേ സമയം ഒന്നിലേറെ ക്വട്ടേഷനുകൾ ഏറ്റെടുത്തിരിക്കാം എന്ന സംശയത്തിൽ പോലീസ്. നടിയുടെ വിവാഹ നിശ്ചയ മോതിരവും ചിരിച്ച മുഖവും പതിഞ്ഞ ചിത്രം വേണമെന്ന നിര്‌ദേശം പള്‍സറിന് ലഭിച്ചതാണ് ഇത്തരം ഒരു സംശയത്തിലേക്ക് പോലീസിനെ നയിച്ചിരിക്കുന്നത്. ദിലീപുമായി അഭിപ്രായ വ്യത്യാസം ഉണ്ടെന്നും വൈരാഗ്യം ഇല്ലെന്നും നടി നേരത്തെ നല്കിയ മൊഴിയിൽ ഉറച്ചു നിന്നാൽ മറ്റൊരു ക്വട്ടെഷനുള്ള സാധ്യതയും പോലീസ് തേടും.

കേസ് പുതിയ വഴിത്തിരിവിൽ എത്തിയ ശേഷം നടി നല്കിയ മൊഴിയും പൾസർ നടത്തിയ ചില വെളിപ്പെടുത്തലും ആണ് പോലീസിന്റെ പുതിയ സന്ദേഹത്തിന്റെ കാരണം. അഭിപ്രായ വ്യത്യാസം ഉണ്ടെന്നു നടിയും ദിലീപും തുറന്നു സമ്മതിച്ചതാണ്. അത് വൈരാഗ്യ സ്വഭാവം ഉള്ളതല്ല എന്ന നിലപാട് ആണ് നടി മൊഴിയെടുപ്പിൽ വ്യക്തമാക്കിയത്. തനിക്ക് സിനിമാ മേഖലയിൽ പലരുമായും അഭിപ്രായ വ്യത്യാസം ഉണ്ടെന്നും അന്ന് നടി പറഞ്ഞിരുന്നു. പീഡന സമയത്ത് പള്‍സര്‍ നടിയുടെ ചിരിച്ച മുഖവും വിവാഹ നിശ്ചയ മോതിരവും പതിയുന്ന ദൃശ്യം വേണമെന്ന് ക്വട്ടേഷൻ നല്കിയ ആൾ ആവശ്യപെട്ടു എന്ന് പറയുന്നത് പോലീസിന് കിട്ടിയ തെളിവുകളിൽ വ്യക്തമാണ് . ഇതോടെയാണ് നടിയുടെ വ്യക്തി ജീവിതം തകര്ക്കാനുള്ള ശ്രമം ഉണ്ടായിരുന്നോ എന്ന സന്ദേഹം പോലീസിന് ഉയര്ന്നത്.

നടിയെ ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയത് അവരുടെ വിവാഹം മുടക്കാനെന്ന് അന്വേഷണത്തിൽ ഏതാണ്ടു വ്യക്തമായിട്ടുണ്ട് . ക്വട്ടേഷനു പുറമേ, ഇതേ ദൃശ്യങ്ങൾ ഉപയോഗിച്ചു നടിയെ ബ്ലാക്ക്‌മെയിൽ ചെയ്തു പണം തട്ടാൻ സുനി സ്വന്തമായി തീരുമാനിച്ചിരുന്നുവെന്നും പൊലീസ് കരുതുന്നു. പ്രതിശ്രുത വരൻ നൽകിയ വിവാഹ വാഗ്ദാന മോതിരം ഉൾപ്പെടുത്തി ചിരിക്കുന്ന മുഖത്തോടെ നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ വേണമെന്നു ക്വട്ടേഷൻ നൽകിയ വ്യക്തി നിർബന്ധം പിടിച്ചുവെന്നു മൊഴിയുണ്ട്. വിവാഹം മുടങ്ങുന്നതു കൊണ്ടു ക്വട്ടേഷൻ നൽകിയ വ്യക്തിക്കുള്ള ലാഭമെന്തെന്നു പൊലീസ് പരിശോധിക്കുകയാണ്. അതിക്രമത്തിന് ഇരയായ നടിയുടെ അഭിനയ – വ്യക്തി ജീവിതത്തെപ്പറ്റി നിർണായക വിവരങ്ങൾ അറിയാവുന്ന നടൻ ദിലീപ്, സംവിധായകൻ നാദിർഷാ എന്നിവരെ ചോദ്യം ചെയ്താൽ വ്യക്തമായ വിവരം ലഭിക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

അതിക്രമത്തിന് ഇരയായ നടിയോടു വ്യക്തിപരമായി ശത്രുതയുള്ള ഒന്നിലധികം പേർ മലയാള സിനിമാരംഗത്തുണ്ടെന്ന സൂചനയാണ് പൊലീസിനു തലവേദന സൃഷ്ടിക്കുന്നത്. നടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന അവരോടു കടുത്ത പ്രണയം ഉണ്ടായിരുന്ന ഒരു യുവ സംവിധായകൻ ഉണ്ട്. അയാള്ക്ക് ഈ സംഭവത്തിൽ എന്തെങ്കിലും റോൾ ഉണ്ടോ എന്നും പോലീസ് തിരയുന്നുണ്ട്. പള്‍സറുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ഈ യുവ സംവിധായകൻ സ്വന്തം വിവാഹ ശേഷവും നടിയുമായി അടുപ്പം സൂക്ഷിക്കാൻ ഔത്സുക്യം കാട്ടിയിരുന്നു. പ്രണയ നൈരാശ്യം മൂലം എങ്ങനെ അവൾ വേറെ കെട്ടണ്ട എന്ന നിലപാടിലേക്ക് ഇയാൾ എത്തിയോ എന്നും പള്‍സര്‍ ഈ ഉദ്യമവും ഏറ്റെടുത്തിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതെല്ലാം ഉറപ്പിക്കാനും ദിലീപിന് വ്യക്തി വിരോധമില്ല എന്ന മുൻ മൊഴിയിൽ ഇപ്പോഴും ഉറച്ചു നില്ക്കുന്നുണ്ടോ എന്നും അറിഞ്ഞ ശേഷമേ പോലീസിന് പുതിയ ക്വട്ടേഷൻ സാധ്യത തേടേണ്ടത് ഉള്ളൂ.

ദിലീപിനെയും നാദിര്ഷായെയും ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഇവർ കുറ്റം ചെയ്തതിനുള്ള തെളിവുകൾ പൊലീസിന്റെ പക്കലുണ്ടായിരുന്നില്ല. എന്നാൽ, നാദിർഷാ ചോദ്യം ചെയ്യലിനോടു നിസ്സഹകരിച്ചതും സുനിലുമായുള്ള മുൻപരിചയം സംബന്ധിച്ച ചോദ്യങ്ങൾക്കു ദിലീപ് പരസ്പര വിരുദ്ധമായി മൊഴി നൽകിയതും അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കി. ഇതോടെയാണ് ചോദ്യം ചെയ്യൽ 13 മണിക്കൂർ നീണ്ടുപോയത്. ദിലീപുമായി സുനിലിനു മുൻപരിചയമുണ്ടെന്നു തോന്നിപ്പിക്കുന്ന തെളിവുകൾ പല ഭാഗത്തു നിന്നും ലഭിച്ചതോടെയാണ് അന്വേഷണ സംഘവും ദിലീപിനെ സംശയിച്ചത്. സുനിൽ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചതായുള്ള ദിലീപിന്റെ പരാതിയും അന്വേഷണത്തിന്റെ മുന ഇവരിലേക്കു തിരിയാൻ വഴിയൊരുക്കി. എന്നാൽ, ഇവരുടെ അറസ്റ്റ് സംബന്ധിച്ചു സംഘത്തിൽ ഏകാഭിപ്രായമായിട്ടില്ല.

ക്വട്ടേഷൻ യഥാർഥത്തിൽ ആർക്കുവേണ്ടിയായിരുന്നു, ഒന്നിലധികം പേരുടെ താൽപര്യ പ്രകാരമാണോ സുനിലും സംഘവും കുറ്റകൃത്യം ചെയ്തത്, ക്വട്ടേഷന്റെ മറവിൽ നടിയെ നേരിട്ടു ബ്ലാക്ക്‌മെയിൽ ചെയ്തു പണം തട്ടാൻ സുനിൽ സ്വന്തം നിലയിൽ നീങ്ങിയിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ലഭിക്കുന്നതോടെ മാത്രം അറസ്റ്റ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ ആലോചനയെങ്കിലും ഇത് അനന്തമായി നീളാനിടയില്ല.