ബിജെപി ഹമീദ് അന്‍സാരിക്ക് മുന്നില്‍ തലകുനിച്ച മൂന്നു ഘട്ടങ്ങള്‍

0
105

 by വെബ്‌ ഡെസ്ക്

രാജ്യം പതിനാലാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചൂടേറിയ ചർച്ചകളിലാണ്. അതിനാൽ തന്നെയാകണം ആഗസ്ത് അഞ്ചിന് നടക്കാൻ പോകുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് രാഷ്ട്രീയകക്ഷികൾ സ്ഥാനാർഥി ആരെന്നു പ്രഖ്യാപിച്ചിട്ടുമില്ല. അപ്രതീക്ഷിത തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ഹരം കൊള്ളുന്ന കേന്ദ്രസർക്കാരിന് ഒരുപക്ഷെ ഉപരാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനം, തങ്ങളുടെ രാഷ്ട്രപതി കരുനീക്കത്തെ ബാധിക്കുമോ എന്ന പേടിയും ഉണ്ടാകാം. മോഡിയുടെ അടുത്ത നീക്കത്തെ പ്രതീക്ഷിച്ചു കൊണ്ടാണ് പ്രതിപക്ഷപാർട്ടികളും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്നത്. എന്തെല്ലാമായാലും ഇപ്പോൾ ഉപരാഷ്ട്രപതി സ്ഥാനം അലങ്കരിക്കുന്ന ഹമീദ് അൻസാരിക്ക് ഇനിയൊരു അവസരം കൂടി ലഭിക്കാൻ സാധ്യതയില്ല എന്നാണു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. രണ്ടായിരത്തി ഏഴില്‍  ബിജെപിയുടെ നജ്മ ഹെപ്തുള്ളയെയും, രണ്ടായിരത്തി പന്ത്രണ്ടിൽ ബിജെപിയുടെ തന്നെ ജസ്വന്ത് സിങിനെയും പരാജയപ്പെടുത്തിയ ഹമീദ് അൻസാരിയെ കോൺഗ്രസ് മൂന്നാം അംഗത്തിനിറക്കാൻ സാധ്യത വളരെ കുറവാണ്. ആഗസ്ത് പത്തിനാണ് അദ്ദേഹം പ്രസ്തുത പദവിയിൽ നിന്നും വിശ്രമിക്കുക.

രണ്ടായിരത്തി പന്ത്രണ്ടിൽ രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് യു.പി.എ  നേതൃത്വത്താൽ പരിഗണിക്കപ്പെട്ട, പിന്നീട് പ്രണബ് മുഖർജിക്കായി വഴി മാറിയ ഹമീദ് അൻസാരി സ്ഥാനം ഒഴിയുമ്പോൾ ഓർമയിൽ വരുന്നത് അദ്ദേഹത്തിന്റെ പേരിൽ ഉയർത്തപ്പെട്ട വിവാദങ്ങളുമാണ്. മുത്തലാഖ് അടക്കമുള്ള സ്വന്തം മതത്തിലെ യാഥാസ്ഥിതിക ആചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിയ, കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം ആവശ്യമെന്ന വീക്ഷണം പങ്കു വെച്ച, സ്വന്തം മതേതരനിലപാടുകളിൽ ഉറച്ചു നിന്ന അൻസാരി പക്ഷെ സംഘപരിവാർ പാളയത്തിന് എന്നും അപ്രിയനായിരുന്നു. അദ്ദേഹത്തിന്റെ മതം ഉയർത്തിക്കാണിച്ചു കൊണ്ട് പോലും എതിരാളികൾ താറടിക്കാൻ പോലും എതിരാളികൾ തുനിഞ്ഞു എങ്കിലും പരാജയപ്പെടുകയാണ് ഉണ്ടായത്. സ്വന്തം ആദർശമൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ എന്നും ശ്രമിച്ച അൻസാരി പക്ഷെ പലപ്പോഴും സ്വന്തം രാഷ്ട്രീയ ചായ്വുകൾക്ക് വശംവദനായി ഏകപക്ഷീയമായ നിലപാടുകൾ കൈക്കൊണ്ടുവോ എന്ന് സംശയം ജനിപ്പിക്കുന്ന സംഭവങ്ങളും അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടായിട്ടുമുണ്ട്. ഹമീദ് അൻസാരി പടിയിറങ്ങുമ്പോൾ ഓർമയിലെത്തുന്ന മൂന്നു സംഭവങ്ങൾ.

1 . അവിചാരിതമായി രാജ്യസഭ പിരിച്ചു വിട്ട ഉപരാഷ്ട്രപതി

രണ്ടായിരത്തി പതിനൊന്ന് ഡിസംബർ 30. പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്ന ദിവസം. അണ്ണാ ഹസാരെയുടെ ജനലോക് പാൽ ബിൽ ചൂടേറിയ ചർച്ചകൾക്ക് വഴി വെയ്ക്കുകയും, ഒരുപക്ഷെ പ്രസ്തുത വിഷയത്തിൽ അതെ ദിവസം തന്നെ വോട്ടിങ് ഉണ്ടാകാനുള്ള സാധ്യത ശക്തമാവുകയും ചെയ്തു. ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കെ, അർദ്ധരാത്രിയോടടുത്ത് സ്വന്തം ഇരിപ്പിടത്തിൽ എത്തിയ രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി അപ്രതീക്ഷിതമായി താത്കാലികമായി സഭ പിരിച്ചു വിടുന്നു എന്നുത്തരവിട്ടു. ബിജെപിയെ കൂടാതെ മറ്റു പല കക്ഷികളും കേന്ദ്രസർക്കാരിനെതിരെ നിലയുറപ്പിച്ച സങ്കീർണ്ണ ഘട്ടത്തിൽ സർക്കാരിനെ വോട്ടിങ്ങിലെ തോല്‍‌വിയില്‍ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് അൻസാരി ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത് എന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ഉപരാഷ്ട്രപതി കേന്ദ്രസർക്കാരിന്റെ വക്താവായി പ്രവർത്തിക്കുന്നു എന്ന് വിമർശിച്ച ബിജെപി , ഇക്കാരണത്താൽ ആണ് രണ്ടായിരത്തി പന്ത്രണ്ടിൽ ജസ്വന്ത് സിംഗിനെ രംഗത്തിറക്കിയതും.

2 . അന്താരാഷ്ട്ര യോഗ ദിനത്തിലെ അസാന്നിധ്യം മൂലം ഉയർന്ന വിവാദങ്ങൾ

രണ്ടായിരത്തി പതിനാലിൽ പ്രധാനമന്ത്രിപദം നേടിയ മോഡി ഏറ്റവും കൂടുതൽ പരസ്യം ചെയ്‌തൊരു വിഷയമായിരുന്നു യോഗ.പിന്നീട് ഐക്യരാഷ്ട്ര സഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിക്കുകയുമുണ്ടായി. തൊട്ടടുത്ത വര്ഷം നൂറ്റിതൊണ്ണൂറോളം രാജ്യങ്ങളോടൊപ്പം കേന്ദ്രസർക്കാരും അന്താരാഷ്ട്ര യോഗാദിനം രാജ്യവ്യാപകമായി ആഘോഷിച്ചുവെങ്കിലും, അതോടൊപ്പം ഒരു വിവാദവും കൊട്ടിഘോഷിക്കപ്പെട്ടു. യോഗാദിനത്തിന്റെ ആഘോഷവേദികളിൽ നിന്നും ഹമീദ് അൻസാരി വിട്ടു നിന്നു എന്ന വിവാദം ഉയർന്നു വന്നതും സംഘപരിവാർ പാളയത്തിൽ നിന്ന് തന്നെയാണ്. പതിവുപോലെ മോഡി ഭക്തർ ഹമീദ് അൻസാരി എന്ന പേരിനെ മുതലെടുത്തുകൊണ്ടുള്ള പ്രചാരണങ്ങളും സജീവമാക്കി. യോഗാദിനത്തിലെ ഉപരാഷ്ട്രപതിയുടെ അസാന്നിധ്യത്തെ സോഷ്യൽ മീഡിയയിൽ നിശിതമായി വിമർശിച്ചു കൊണ്ട് ആർഎസ്എസ് സഹചാരിയായ ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് രംഗത്തു വന്നുവെങ്കിലും പ്രസ്തുത പരാമർശങ്ങളെല്ലാം കേന്ദ്രസർക്കാരിന് തന്നെ പാരയായി മാറുന്നതാണ് പിന്നീട് കണ്ടത്.

ഉപരാഷ്ട്രപതി ദിവസവും യോഗ പരിശീലിക്കുന്ന വ്യക്തിയാണെന്നും യോഗ ദിനത്തിൽ അദ്ദേഹം സ്വവസതിയിൽ യോഗ ചെയ്തുവെന്നും അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിച്ചതോടെ വിമർശനങ്ങൾ അസ്ഥാനത്തായി. പരിപാടി സംഘടിപ്പിക്കുന്ന മന്ത്രിയുടെ ഓഫീസ് ക്ഷണിച്ചിരുന്നെങ്കിൽ പതിവായി യോഗ പരിശീലിക്കുന്ന അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുമായിരുന്നുവെന്നും അൻസാരിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി. ഹമീദ് അൻസാരിയെ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിലേക്കു ക്ഷണിച്ചിരുന്നില്ലെന്നു അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കിയതോടെ രാം മാധവിന്റെ വിമർശനം സ്വന്തം സർക്കാരിനെതിരെയുള്ള ആയുധമായി മാറുകയാണ് ഉണ്ടായത്. ജനങ്ങളിൽ വിജാതീയത സൃഷ്ടിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ ശബ്ദമുയർത്തിയതോടെ വിവാദം കൊഴുക്കുകയും, കേന്ദ്രസർക്കാർ പ്രതിരോധത്തിലാവുകയും ചെയ്തു. പ്രധാനമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതിയെ ക്ഷണിക്കുന്നതു പ്രോട്ടോക്കോൾ പ്രകാരം ഉചിതമല്ലെന്നും, പ്രധാനമന്ത്രി മുഖ്യതിഥിയാകുന്ന ചടങ്ങിൽ പ്രോട്ടോക്കോൾ പ്രകാരം അദ്ദേഹത്തേക്കാൾ ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന ഉപരാഷ്ട്രപതിയെ ക്ഷണിക്കേണ്ടതില്ലെന്നുമുള്ള ന്യായവാദങ്ങളുമായി കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യെസോ നായിക്കും രംഗത്തെത്തി.അവസാനം രാം മാധവിന്റെ പരാമർശങ്ങൾ യോഗ ദിനത്തിന്റെ മഹിമയ്ക്ക് കോട്ടം വരുത്തിയെന്ന് പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് വിവാദങ്ങളിൽ നിന്നും തടിതപ്പുകയാണ് ഉണ്ടായതും.

3 . ദേശീയതയെ മാനിക്കാത്ത ഉപരാഷ്ട്രപതി !

യോഗ വിവാദം പോലെ തന്നെ അദ്ദേഹത്തിന്റെ പേരിലെ മതത്തെ ആയുധമാക്കാൻ എതിരാളികൾ ശ്രമിച്ചു പരാജയപ്പെട്ട ഒരു വിവാദമായിരുന്നു രണ്ടായിരത്തി പതിനഞ്ചിലെ റിപ്പബ്ലിക് ആഘോഷദിനത്തിൽ പ്രചരിപ്പിക്കപ്പെട്ട സല്യൂട്ട് വിവാദം. റിപ്പബ്ലിക് ദിനത്തിൽ ദേശീയഗാനം ആലപിച്ചു കൊണ്ട് പതാക ഉയർത്തവേ രാഷ്ട്രപതിയും, പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കരും സല്യൂട്ട് നൽകുകയും, ഉപരാഷ്ട്രപതി സല്യൂട്ട് നൽകാതിരിക്കുകയും ഉണ്ടായി. ഇതുവഴി ദേശീയതയെ തന്നെ അപമാനിക്കുകയാണ് ഹമീദ് അൻസാരി ചെയ്തതെന്ന് സംഘപരിവാർ അണികളും, നേതൃസ്ഥാനീയരും വരെ സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ചു. പക്ഷെ ഇത്തവണയും വിമർശകർക്ക് നാണം കെടാനായിരുന്നു വിധി. പ്രോട്ടോകോൾ പ്രകാരം സർവ്വസൈന്യാധിപനായ രാഷ്ട്രപതിയും സൈനീക വേഷത്തില്‍ ഉള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും  മാത്രമാണ് പരേഡിന്റെ സല്യൂട്ട് സ്വീകരിക്കേണ്ടതെന്നും, ദേശീയ ഗാനസമയത്ത് സല്യൂട്ട് നൽകേണ്ടതെന്നും; മറ്റുള്ളവർ എല്ലാം അറ്റൻഷൻ ആയി നിൽക്കേണ്ടതെന്നും ഉപരാഷ്ട്രപതി ഓഫിസിൽ നിന്നും അറിയിച്ചതോടെ വിവാദങ്ങൾ ഉയർത്തിക്കൊണ്ടു വന്നവർ തന്നെ, തീയണച്ചു സ്വയം രക്ഷപ്പെടാൻ പരക്കം പാഞ്ഞു. പ്രധാനമന്ത്രിക്ക് പ്രോട്ടോകോൾ അറിയില്ലേ എന്ന പ്രതിപക്ഷ ചോദ്യം കൂടി ഉയർന്നതോടെ, താൻ കുഴിച്ച കുഴിയിൽ വീഴാനായിരുന്നു ബി.ജെ.പി  അണികളുടെ വിധി.

രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തിൽ പശുവിന്റെ രാഷ്ട്രീയത്തിനും, വർഗീയ ധ്രുവീകരണത്തിന്റെ കുടില തന്ത്രങ്ങൾക്കും ആക്കം കൂടുന്ന വേളയിൽ തന്നെയാണ് മാനുഷിക മൂല്യങ്ങൾക്കും, പുരോഗമന നിലപാടുകൾക്കും വേണ്ടി നില കൊണ്ടിരുന്ന പ്രണബ് മുഖർജിയും, ഹമീദ് അൻസാരിയും പടിയിറങ്ങുന്നത് എന്നതും ആശങ്കാജനകമായ വസ്തുതകളാണ്. മതേതര ഇന്ത്യ എന്ന സങ്കൽപം തന്നെ തകർന്നടിയുന്ന രംഗങ്ങൾക്കാകും ഇനിയുള്ള നാളുകൾ സാക്ഷ്യം വഹിക്കുന്നതും.