മമ്മൂട്ടി വിളിച്ച് പറഞ്ഞു; മോഹന്‍ലാല്‍ ഐ.വി ശശിക്ക് ഡേറ്റ് കൊടുത്തു പക്ഷെ, നിര്‍മാതാവില്ല

0
548
ഒരു കാലത്ത് മലയാളസിനിമ അടക്കിഭരിച്ചിരുന്ന ഐ.വി ശശി പുതിയൊരു സിനിമ ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുന്നു. മോഹന്‍ലാല്‍ ചിത്രം ചെയ്യണമെന്ന് സംവിധായകന് ആഗ്രഹമുണ്ട്. മമ്മൂട്ടി ഇക്കാര്യം മോഹന്‍ലാലിനെ വിളിച്ച് പറഞ്ഞു. ശശി സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിനും ആഗ്രഹമുണ്ട്. ലാല്‍ സമ്മതിച്ചു. ഇതിനിടെ സീമയും മോഹന്‍ലാലിനെ വിളിച്ചു. ഡേറ്റ് തരാമെന്ന് താരം ഉറപ്പ് നല്‍കി. ഒരുപാട് കഥകള്‍ കേട്ടെങ്കിലും ഐ.വി ശശിക്ക് ഇഷ്ടമായില്ല. അങ്ങനെ പുതിയൊരു തിരക്കഥാകൃത്തിന്റെ കഥ ഇഷ്ടമായി. പക്ഷെ, അപ്പോഴും പ്രശ്‌നം ഉണ്ടായി. ഐ. വി ശശി എന്ന സംവിധായകന് നിര്‍മാതാക്കളെ കിട്ടാനില്ല.
മുമ്പ് സോഹന്‍ റോയി ഐ.വി ശശിയെ വെച്ച് ഒരു സിനിമ നിര്‍മിക്കുന്നു എന്ന് അനൗണ്‍സ് ചെയ്തതാണ്. കുവൈറ്റ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു അത്. എന്നാല്‍ പിന്നീട് എന്തുകൊണ്ടോ അത് നടന്നില്ല. മോഹന്‍ലാല്‍ ചിത്രം നിര്‍മിക്കാനും സോഹന്‍ റോയി തയ്യാറായില്ല. ഐ.വി ശശിയുമായി ബന്ധമുള്ള ചിലര്‍ ഗോകുലം ഗോപാലനെ സമീപിച്ചു. എന്നാല്‍ അദ്ദേഹം ഒന്നും പറഞ്ഞില്ല. കുറേ ചിത്രങ്ങളുടെ തെരക്കിലാണെന്ന് പറഞ്ഞു. എന്നാല്‍ ഗോകുലത്തിന്റെ വളരെ വേണ്ടപ്പെട്ട ഒരാള്‍ സീമയോട് പറഞ്ഞു; ചേച്ചീടെ മകന്‍ അനു പ്രിയദര്‍ശന്റെ ശിഷ്യനല്ലേ, അവനെ വച്ച് പടം ചെയ്യാമെന്ന്. എന്നാല്‍ സീമക്ക് അതില്‍ താല്‍പര്യമില്ല.
ഒരു നല്ല സിനിമയോടെ സംവിധാനം നിര്‍ത്തണമെന്നാണ് ഐ.വി ശശിയുടെ ആഗ്രഹം. എന്നാല്‍ ഈ സിനിമ സൂപ്പര്‍ഹിറ്റായാല്‍ ശശി സാര്‍ വീട്ടിലിരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട്. പ്രായാധിക്യവും ശാരീരിക പ്രശ്‌നങ്ങളും ശശി സാറിനെ അലട്ടുന്നുണ്ട്. എന്നാല്‍ പുതിയ ട്രെന്‍ഡൊന്നും ശശി സാറിന് അറിയാത്തത് കൊണ്ടാണ് നിര്‍മാതാക്കള്‍ മുന്നിട്ടിറങ്ങാത്തതെന്ന് ആക്ഷേപമുണ്ട്. എന്തായാലും ശക്തമായ തിരക്കഥയായതിനാല്‍ താമസിക്കാതെ പ്രമുഖ നിര്‍മാതാക്കള്‍ ശശി സാറിനെ തേടിയെത്തുമെന്ന് ഉറപ്പാണ്.