വന്‍ വ്യവസായികളുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം. വിജയ് മല്യയുടെ കിംഗ് ഫിഷര്‍ അടക്കമുള്ള 63 കമ്പനികളുടെ 7000 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളുന്നത്. കിംഗ് ഫിഷറിന്റേത് മാത്രമായി 1021 കോടി രൂപയാണ് എഴുതിത്തള്ളുന്നത്.
വായ്പകള്‍ തിരിച്ചടക്കുന്നതില്‍ ബോധപൂര്‍വ്വം വീഴ്ച വരുത്തുന്നവരെന്ന് എസ്ബിഐ തന്നെ കണ്ടെത്തിയ 100 കമ്പനികളില്‍ 63 കമ്പനികളുടെ വായ്പകളാണ് എഴുതിത്തള്ളാന്‍ പോകുന്നത്. എല്ലാ കമ്പനികളുടേതുമായി 7000 കോടി രൂപയാണ് ഇത്തരത്തില്‍ എഴുതിത്തള്ളുക. വായ്പകള്‍ അഡ്വാന്‍സ് അണ്ടര്‍ കളക്ഷന്‍ അക്കൌണ്ട് എന്ന പ്രത്യേക സ്കീമിലേക്ക് മാറ്റിയാണ് ഈ നടപടി. വിജയ് മല്യയുടെ കിംഗ് ഫിഷറാണ് ആനുകൂല്യം ലഭിക്കുന്ന പ്രമുഖ കമ്പനി.
ഭക്ഷ്യ എണ്ണ നിര്‍മ്മാതാക്കളായ കെഎസ് ഓയില്‍ കമ്പനിയുടെ 596 കോടി, സൂര്യ ഫാര്മസ്യൂട്ടികിന്റെ 526 കോടി, ജിഇടി പവറിന്റെ 400 കോടി, എസ്എഐ ഇന്‍ഫോ സിസ്റ്റത്തിന്റെ 376 കോടി രൂപ എന്നിവയാണ് ആനുകൂല്യം ലഭിക്കുന്ന മറ്റ് പ്രമുഖര്‍.