മൈക്രോസോഫ്റ്റ് വീണ്ടും ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു

0
119

മൈക്രോസോഫ്റ്റ് ആയിരക്കണക്കിന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. ക്ലൗഡ് കംപ്യൂട്ടിങ്ങിലും ബിസിനസ് സര്‍വീസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടിയാണ് കമ്പനി ഇത്തരത്തിലൊരു ഒഴിവാക്കല്‍ നടത്തുന്നത്.

മാര്‍ക്കറ്റിങ്, സെയില്‍സ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് ഇത് കൂടുതലായും ബാധിക്കുക. ആഗോളതലത്തില്‍ പുനഃസംഘടന പൂര്‍ത്തിയാകുമ്പോള്‍ ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് പുനഃസംഘടനയെന്ന് മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു. എന്നാല്‍ കമ്പനി ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ പിരിച്ചു വിടലിനെക്കുറിച്ച് സൂചിപ്പിക്കുന്നില്ല. അതേസമയം ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

മൈക്രോസോഫ്റ്റിന്റെ ലിനക്‌സ് അധിഷ്ഠിതമായ ക്ലൗഡ് സോഫ്റ്റ്വേറായ ‘അസുര്‍’ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലാണ് കമ്പനിയിപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കമ്പനിയുടെ ബിസിനസ് മെച്ചപ്പെട്ട രീതിയിലാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നതും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഈ മേഖലയില്‍ നിന്നുള്ള വരുമാനം 93 ശതമാനം വര്‍ധിച്ചിട്ടുമുണ്ട്.

സോഫ്റ്റ്‌വെയര്‍ മേഖലയിലെ വരുമാനത്തിലുണ്ടായ ഇടിവാണ് പുതിയ ചുവടു മാറ്റത്തിനു പിന്നില്‍. 2014-2015 കാലഘട്ടത്തില്‍ 3550 ഓളം ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.