യുവതലമുറയ്ക്ക് അമ്മയുടെ ഭാരവാഹിത്വം ഏറ്റെടുക്കാന്‍ താല്‍പര്യമില്ല

0
291
പതിനഞ്ച് വര്‍ഷത്തിലധികമായി താരസംഘടനയായ അമ്മയുടെ നേതൃത്വം പുലര്‍ത്തിവന്ന ജനാധിപത്യവിരുദ്ധ പ്രവണതകള്‍ അതിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. സാമ്പത്തിക തകര്‍ച്ചയിലെത്തിയ പ്രസ്ഥാനത്തെ ട്വന്റി ട്വന്റി എന്ന സിനിമ നിര്‍മിച്ച്
രക്ഷിച്ചത് ദിലീപായിരുന്നു. പിന്നീട് ദിലീപിന്റെ സര്‍വാധിപത്യമാണ് ഒരുപരിധി വരെ അമ്മയില്‍ നടന്നത്. അതിന് തിലകനും ക്യാപ്ടന്‍ രാജുവും മാള അരവിന്ദനും വിനയനും ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ ഇരയായി. ഇത്തരത്തിലുള്ള വ്യക്തിതാല്‍പര്യങ്ങള്‍ സംഘടനയിലൂടെ നടത്തുന്നത് ചോദ്യം ചെയ്യാന്‍ മറ്റ് അംഗങ്ങള്‍ക്ക് പോലും കഴിയാതായി. ഒഴിവാക്കപ്പെട്ടവര്‍ വീട്ടിലിരുന്നു. അപ്പോഴും എല്ലാവരും മൗനം പാലിച്ചു.
എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുകയാണ്. അമ്മയിലെ ഭൂരിപക്ഷം അംഗങ്ങളും നടിയ്‌ക്കൊപ്പമാണ്. അവള്‍ക്ക് നീതി കിട്ടണമെന്നാണ് മനസുകൊണ്ട് ആഗ്രഹിക്കുന്നത്. തല്‍ക്കാലം അവര്‍ മൗനം പാലിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് സിനിമയിലെ ചിലര്‍ അറസ്റ്റിലാവുമെന്ന് ഉറപ്പാണ്. അതോടെ അമ്മയില്‍ വലിയൊരു പൊട്ടിത്തെറി സംഭവിക്കും. ദിലീപ് ഉള്‍പ്പെടെയുള്ള നേതൃത്വം കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകള്‍ക്കെതിരെ പരസ്യമായി രംഗത്ത് വരാന്‍ പലരും തയ്യാറെടുത്തിരിക്കുകയാണ്. അതിനെ എങ്ങനെ നേരിടണമെന്ന് അറിയാതെ മമ്മൂട്ടിയും മോഹന്‍ലാലും ഇന്നസെന്റും അടക്കമുള്ള നിലവിലെ നേതൃത്വം കുഴയുകയാണ്.
ഒന്നുകില്‍ സംഘടന ഇതോടെ തകരും അല്ലെങ്കില്‍ പുതുതലമുറ ഏറ്റെടുക്കാന്‍ തയ്യാറാകണം. എന്നാല്‍ യുവനടന്‍മാര്‍ക്ക് സംഘടനാ പ്രവര്‍ത്തനങ്ങളോട് വലിയ ആഭിമുഖ്യമില്ല. അവരെയും അവരുടെ സിനിമകളെയും ദ്രോഹിക്കുന്ന നിലപാടുകളാണ് എല്ലാ സിനിമാ സംഘടനകളും ഒരു പരിധി വരെ ചെയ്യുന്നത്. ദുല്‍ഖറിന്റെ സി.ഐ.എയ്ക്കുള്ള അപ്രഖ്യാപിത വിലക്ക് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. പിന്നെ ഇത്രയും നാണക്കേടും ആക്ഷേപങ്ങളും ഉണ്ടാക്കിവച്ച സംഘടനയുടെ നേതൃത്വം ഏറ്റെടുക്കാന്‍ പലര്‍ക്കും മടിയാണ്. മമ്മൂട്ടി തന്നെ സംഘടനാ പ്രവര്‍ത്തനം മതിയാക്കാന്‍ ആലോചിക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്.