റാമല്ല സന്ദര്‍ശിക്കാതെ കടുത്ത ഇസ്രായേല്‍ പ്രണയം കാട്ടി മോഡി

0
186

ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി, പലസ്തീന്‍ അനുകൂല ഇന്ത്യന്‍ നയം മാറുന്നു

മോഡിക്ക് വന്‍ വരവേല്‍പ്പ്, ഇസ്രയേല്‍ ലക്ഷ്യം ആയുധക്കച്ചവടം

 

ഇന്ത്യയുടെ പരമ്പരാഗത പലസ്തീൻ അനുകൂലനിലപാട് ചവറ്റുകുട്ടയിൽ തള്ളി ഇസ്രയേലിന്റെ ആതിഥ്യം സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി സയണിസ്റ്റ് സൌഹൃദം ഊട്ടിയുറപ്പിക്കുന്നു. ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ മോഡി പലസ്തീൻ മേഖലയിലേക്ക് തിരിഞ്ഞുനോക്കാതെ മൂന്നു ദിവസം ഇസ്രയേലിൽ ചെലവഴിക്കും. ഇസ്രയേൽ സന്ദർശിക്കുന്ന ലോകനേതാക്കൾ നിഷ്പക്ഷത പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പലസ്തീനിലെ റമല്ലയും സന്ദർശിക്കാറുണ്ട്. മോഡി ആ പതിവും തെറ്റിച്ച് ഇസ്രയേലിനോടുള്ള കൂറ് വ്യക്തമാക്കുകയാണ്.

യുഎൻ പ്രമേയങ്ങളെയും അന്താരാഷ്ട്ര ധാരണകളെയും ലംഘിച്ച് പലസ്തീനെ ചോരയിൽമുക്കുന്ന അധിനിവേശരാഷ്ട്രത്തെ അകറ്റിനിർത്തുന്നതിനാലാണ് 70 വർഷമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിപോലും ഇസ്രയേലിന്റെ ആതിഥ്യം സ്വീകരിക്കാതിരുന്നത്. ‘പ്രത്യേക പലസ്തീൻരാഷ്ട്രം’ എന്ന പലസ്തീൻകാരുടെ ആവശ്യത്തെ ഇന്ത്യ പിന്തുണച്ചിട്ടുമുണ്ട്. ഈ നിലപാടിനെ എതിർക്കുകയും സയണിസ്റ്റ് ഹിംസയിൽ ആവേശംകൊള്ളുകയും ചെയ്യുന്ന ആർഎസ്എസിന്റെ വിദേശനയം നടപ്പാക്കുകയുമാണ് മോഡി. ഇന്ത്യ ഇന്ധനത്തിനായി ആശ്രയിക്കുന്ന അറബ് രാഷ്ട്രങ്ങളെ മോഡിയുടെ ‘ഇസ്രയേലിപ്രേമം’ പ്രകോപിപ്പിക്കും.

അമേരിക്കൻ സമ്മർദത്തിന് വഴങ്ങി നരസിംഹറാവു സർക്കാരാണ് 1992ൽ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചത്. ഇതിന്റെ 25-ാം വർഷത്തിലാണ് മോഡിയുടെ ഇസ്രയേൽ സന്ദർശനം. ഭീകരതയ്‌ക്കെതിരെ മുന്നണിയുണ്ടാക്കാനെന്ന പേരിൽ ഇസ്രയേലിൽനിന്ന് ആയുധങ്ങൾ വാങ്ങിക്കൂട്ടുകയാണ് മോഡിയുടെ സന്ദർശനലക്ഷ്യം. ഡ്രോണുകളും റഡാറുകളും സൈബർ സുരക്ഷാ സാങ്കേതികവിദ്യയും ഇസ്രയേൽ കമ്പനികളിൽനിന്ന് വാങ്ങാൻ കരാറൊപ്പിടും. മൂന്ന് ദിവസത്തെ ഇസ്രയേലി സന്ദർശനം പൂർത്തിയാക്കുന്ന മോഡി അവിടെനിന്ന് പന്ത്രണ്ടാം ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ജർമനിയിലേക്ക് പോകും.

പലസ്തീൻ ജനതയ്‌ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളോട് കണ്ണടയ്ക്കുന്ന ഏഷ്യൻ രാഷ്ട്രനേതാവെന്ന നിലയിൽ മോഡിക്ക് വൻ വരവേൽപ്പാണ് ഇസ്രയേൽ ഒരുക്കിയത്. പ്രോട്ടോക്കോൾ മാറ്റിവച്ച് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവും മുതിർന്ന മന്ത്രിമാരും മോഡിയെ സ്വീകരിക്കാൻ ബെൻ ഗുറിയോൻ വിമാനത്താവളത്തിലെത്തി. മോഡിക്കൊപ്പം മൂന്നുദിവസവും എല്ലാ പരിപാടികളിലും നെതന്യാഹു പങ്കെടുക്കും. വിമാനത്താവളത്തിൽ മൂന്നുതവണ കെട്ടിപ്പുണർന്ന ഇരുനേതാക്കളും ‘സുഹൃത്ത്’ എന്നാണ് അഭിസംബോധന ചെയ്തത്. മോഡിയെ ലോകനേതാവെന്ന് വിശേഷിപ്പിച്ച നെതന്യാഹു 70 വർഷമായി രാഷ്ട്രം നിങ്ങളെ കാത്തിരിക്കുകയായിരുന്നുവെന്നും പറഞ്ഞു. ഇന്ത്യ-ഇസ്രയേൽ സഹകരണത്തിന് ആകാശംപോലും അതിരല്ലെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.

മുൻ ധാരണകൾ തിരുത്തുന്ന അതീവ പ്രാധാന്യമുള്ള സന്ദർശനമാണ് തന്റേതെന്നു പറഞ്ഞ മോഡി, ഇസ്രയേലുമായി ഏറ്റവുമടുത്ത ബന്ധം സൃഷ്ടിക്കാനാണ് എത്തിയതെന്നും പറഞ്ഞു. ജറുസലേമിനടത്തുള്ള പൂക്കൃഷിത്തോട്ടം ഇരുനേതാക്കളും സന്ദർശിച്ചു. ഇസ്രയേലി ജമന്തിപ്പൂവിന് മോഡിയെന്ന് പേരിട്ടു. വൈകിട്ട് ഹോളോകോസ്റ്റ് മ്യൂസിയം സന്ദർശിച്ച മോഡി നെതന്യാഹുവിന്റെ അത്താഴവിരുന്നിലും പങ്കെടുത്തു. ബുധനാഴ്ച ഇസ്രയേൽ പ്രസിഡന്റ് റ്യൂവെൻ റിവ്‌ലിനെ സന്ദർശിക്കുന്ന മോഡി ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.