സ്ത്രീവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല: ഇന്നസെന്റ്

0
99

രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്ത്രീവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ‘അമ്മ’ പ്രസിഡന്റ് ഇന്നസെന്റ്. വാർത്താ സമ്മേളനത്തിനിടെ നടത്തിയ ചില പരാമർശങ്ങൾ ഉദ്ദേശിക്കാത്ത വിധം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തിൽ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുൻകാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് പറയാൻ ഉദ്ദേശിച്ചത്.

സ്ത്രീവിരുദ്ധമായ ഒരു ഘടകവും സിനിമയിലില്ല എന്ന ഒരു പ്രസ്താവനയേ ആയിരുന്നില്ല അതെന്നും ഇന്നസെന്റ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി.സമൂഹത്തിന്റെ ഭാഗമായ ചലച്ചിത്ര രംഗത്തും നിലവിലുള്ള സാമൂഹ്യ പ്രവണതകൾ പ്രതിഫലിക്കും എന്നത് യാഥാർഥ്യമാണ്. സ്ത്രീവിരുദ്ധമായ എല്ലാത്തരം പ്രവണതകളേയും ചെറുക്കാനുള്ള ശ്രമങ്ങൾ സംഘടന എന്ന നിലയിൽ ‘അമ്മ’ നിർവഹിക്കും. സന്ദർഭത്തിൽ നിന്നടർത്തിമാറ്റി വാക്കുകളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ ഒഴിവാക്കേണ്ടതാണെന്നും ഇന്നസെന്റ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ‘അമ്മ’യുടെ യോഗത്തിനുശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് ഗണേഷ് കുമാറും മുകേഷും നടത്തിയ പ്രതികരണത്തിൽ ക്ഷമ ചോദിക്കുന്നതിനായിരുന്നു ഇന്നസെന്റ് മാധ്യമങ്ങളെ കണ്ടത്. ഈ വാർത്താ സമ്മേളനത്തിലാണ് ഇന്നസെന്റ് സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയത് എന്നാണ് ആരോപണം.