അതിര്‍ത്തി സംഘര്‍ഷം : മോഡി – ജിൻ പിങ് കൂടിക്കാഴ്ച്ച റദ്ദാക്കി

0
163

ജി 20 ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങ്ങും തമ്മിൽ കൂടിക്കാഴ്ചയുണ്ടാകില്ല. നിലവിൽ കൂടിക്കാഴ്ച്ചയ്ക്ക് സാഹചര്യം അനുയോജ്യമല്ലെന്നാണ് ചൈനയുടെ പ്രതികരണം. ജൂലൈ 7,8 ദിവസങ്ങളായി ജർമനിയിലെ ഹാംബർഗിൽ നടക്കുന്ന ഉച്ചകോടിക്കിടെ മോദിയും ഷി ജിങ്പിങ്ങും തമ്മിൽ കൂടിക്കാഴ്ച്ച നടക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

സിക്കിം വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ദിവസങ്ങളായി പ്രശ്നം നിലനിൽക്കുകയാണ്. ഭൂട്ടാൻ, ഇന്ത്യ, ചൈന എന്നിവയുടെ അതിർത്തിയിലുള്ള ഡോക്ലാമിൽ ചൈനീസ് സൈന്യം റോഡ് പണിഞ്ഞതിനെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തത്.അതിനിടെ തർക്കപ്രദേശമായ ദോക് ലായിൽ റോഡ് നിർമിക്കാനുള്ള ശ്രമത്തിന്റെ പേരിൽ വിഘടിച്ചു നിൽക്കുന്ന ഇന്ത്യയെ, ‘സിക്കിം കാർഡ്’ കാട്ടി ഭീഷണിപ്പെടുത്താൻ ചൈനയുടെ ശ്രമം തുടങ്ങി . അതിർത്തിയിൽനിന്ന് സേനയെ പിൻവലിക്കാൻ ഇന്ത്യ തയാറായില്ലെങ്കിൽ, സ്വതന്ത്ര രാജ്യം വേണമെന്ന സിക്കിം ജനതയുടെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് മുഖപ്രസംഗത്തിൽ വ്യക്തമാക്കി. സിക്കിം വിഷയത്തിലെ നിലപാട് ഭരണകൂടം പുനഃപരിശോധിക്കണം. അതിർത്തി കടന്നുള്ള പ്രകോപനങ്ങൾക്ക് വലിയ വില നൽകേണ്ടിവരുമെന്നുള്ള മുന്നറിയിപ്പ് ഇന്ത്യയ്ക്കു നൽകാൻ ഇതാവശ്യമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

2003 മുതൽ സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കിയ നടപടി ചൈന അംഗീകരിക്കുന്നുണ്ട്. എന്നാൽ അതിർത്തി പ്രശ്നം തുടർന്നാൽ ഈ നിലപാടിലും മാറ്റം വരുത്തുമെന്നാണ് ഭീഷണി. സ്വാതന്ത്ര്യത്തിനായി ആഗ്രഹിക്കുന്ന നിരവധിപ്പേർ ഇപ്പോഴും സിക്കിമിലുണ്ട്. രാജ്യാന്തര സമൂഹം സിക്കിമിനെക്കുറിച്ച് ചർച്ച ചെയ്യുന്നത് അവരെ ഈ ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ പ്രേരിപ്പിക്കും. സിക്കിമിന്റെ പരമാധികാരത്തിനുമേൽ ഇന്ത്യ കടന്നുകയറ്റം നടത്തുകയാണെന്ന് വരുത്തിത്തീർക്കാനാണ് ചൈനയുടെ ശ്രമം. 1975ൽ ഹിതപരിശോധനയിലൂടെ രാജാവിനെ പുറത്താക്കിയാണ് സിക്കിമിനെ ഇന്ത്യയുടെ ഭാഗമാക്കിയത്.

സമ്മർദത്തിലാക്കി നിയന്ത്രിക്കുകയെന്നതാണ് ഭൂട്ടാനുമേൽ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നയം. സിക്കിമിനെ ഏറ്റെടുത്ത ഇന്ത്യൻ നടപടി ഇന്നും ഭൂട്ടാനൊരു ദുഃസ്വപ്നമാണ്. ഇന്ത്യയുടെ നിയന്ത്രണത്തിൽ കുടുങ്ങിയിരിക്കുന്നതാൽ അവർക്ക് അയൽരാജ്യമായ ചൈനയുമായോ യുഎന്നിലെ മറ്റേതെങ്കിലും സ്ഥിരാംഗ രാജ്യവുമായോ നയതന്ത്രബന്ധത്തിലേർപ്പെടാൻ സാധിച്ചിട്ടില്ല. ഭൂട്ടാന്റെ പ്രതിരോധ മേഖലയിലും ഇന്ത്യയ്ക്കാണ് നിയന്ത്രണം. നിലവിലെ അതിർത്തി പ്രശ്നത്തിന്റെ മൂലകാരണമിതാണെന്നും ഗ്ലോബൽ ടൈംസ് പറയുന്നു.ഭൂട്ടാനു സഹായം നൽകാനെന്ന മറവിൽ ദോക് ലായിലെ ചൈനയുടെ റോഡു നിർമാണം തടസ്സപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഭൂട്ടാനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ചൈന ശ്രമിക്കണമെന്നും ഗ്ലോബൽ ടൈംസ് ആവശ്യപ്പെടുന്നു.