അമിത് ഷായുടെ വാഹനവ്യൂഹം ഇടിച്ച് പശുവിന് ഗുരുതര പരിക്ക്

0
116

ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വാഹനവ്യൂഹം ഇടിച്ച് പശുവിന് ഗുരുതര പരിക്കേറ്റു. ഒഡിഷയിലെ ജജ്പുർ ജില്ലയിൽ സന്ദർശനം നടത്തവേയാണ് സംഭവം. അമിത് ഷായുടെ വാഹന വ്യൂഹത്തിലെ ഒരു വാഹനമാണ് പശുവിനെ പരിക്കേൽപിച്ചത്.

ജർഗഡ് ജില്ലയിലെ ബദചാന പോലീസ് സ്റ്റേഷൻ പരിധിയിലെ ബാന്ദോളിക്ക് സമീപമുള്ള ദേശീയ പാതയിലാണ് അപകടമുണ്ടായത്.ബനാദ്‌ലോയിലെ റോഡ് മുറിച്ച് കടക്കവെയാണ് വാഹനം പശുവിനെ ഇടിച്ചിട്ടത്. ഈ സമയം അമിത് ഷായുടെ വാഹനം കടന്നുപോയിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അമിത് ഷായുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന മുതിർന്ന ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ പ്രതാപ് സാരംഗിന്റെ നേതൃത്വത്തിൽ ചില പാർട്ടി പ്രവർത്തകർ ചേർന്ന് പരിക്കേറ്റ പശുവിനെ ചികിത്സയ്ക്കായി ക്രമീകരണങ്ങൾ ഒരുക്കിയെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ മൃഗത്തിന്റെ ചികിത്സയ്ക്കായി നടപടികൾ സ്വീകരിക്കാൻ ജർഗഡ് ജില്ലാ കളക്ടറോട് സാരംഗി ആവശ്യപ്പെട്ടു.കളക്ടർ രഞ്ജൻ കുമാർ ദാസ് പശുവിനായി അടിയന്തിര നടപടി സ്വീകരിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ബറചാന, ബരീരി പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റ പശുവിനെ വെറ്റിനറി ഡോക്ടർമാരുടെ സഹായത്തോടെ പരിശോധിച്ചതായും പശുവിപ്പോൾ സുഖം പ്രാപിച്ചു വരുന്നതായും അധികൃതർ അറിയിച്ചു.