ആകാംക്ഷയും ആവേശവുമുണര്‍ത്തി കുട്ടികളുടെ ആകാശയാത്ര

0
136
കൊച്ചി അന്താരാഷ്ട്ര വിമാനത്താളത്തില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ആഘോഷങ്ങളുടെ പെരുമഴ. പുറത്ത് തകര്‍ത്തു പെയ്യുന്ന മഴയെ അതിജീവിക്കുന്ന ആരവങ്ങള്‍ ഒരുക്കി എറണാകുളം,തൃശൂര്‍, ഇടുക്കി ജില്ലകളിലെ പതിനൊന്ന് സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള 58 കുട്ടികള്‍. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കൊച്ചിന്‍ വെസ്റ്റ്, കൊച്ചിന്‍ ട്രൈസിറ്റി എന്നീ റോട്ടറി ക്ലബുകള്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി വിങ്‌സ് ഓഫ് ലവ് എന്ന പേരില്‍ നടത്തിവരുന്ന ആകാശയാത്ര പദ്ധതിയുടെ മൂന്നാം സീസണിലെ യാത്രയായിരുന്നു ഇന്നലെ. ഇരുകൈകളുമില്ലാതെ ജനിച്ചെങ്കിലും നിശ്ചയദാര്‍ഡ്യം കൊണ്ട് ഗ്രാഫിക് ഡിസൈനറായി പേരെടുത്ത ജിലുമോള്‍ മാരിയറ്റിനും ഇത് ആദ്യ വിമാന യാത്രയായിരുന്നു.
ആകാശക്കാഴ്ചകള്‍ കുട്ടികളില്‍ ആവേശവും അത്ഭുതവുമുണര്‍ത്തി. ആദ്യ വിമാന യാത്രയുടെ അമ്പരപ്പും ചിലര്‍ക്കുണ്ടായി.  രാവിലെ 10-ന് നെടുമ്പാശേരിയില്‍ നിന്നും പുറപ്പെട്ട വിമാനം പത്തേകാലോടെ തിരുവനന്തപുരത്ത് എത്തിചേര്‍ന്നു. വിമാനത്താവളത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍  ചെയര്‍പേഴ്‌സണ്‍ ശോഭ കോശി കുട്ടികളെ മധുരം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് കുട്ടികള്‍ തിരുവനന്തപുരം മൃഗശാലയും, മറ്റ് വിനോദ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. ടെലിവിഷനിലും, ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള മൃഗങ്ങളെ നേരില്‍ കണ്ടപ്പോള്‍ കുട്ടികളുടെ ആവേശം പറഞ്ഞറിയിക്കുവാന്‍ പറ്റാത്തതാണെന്ന് ബാലാവകാശ കമ്മീഷന്‍ അംഗവും, അടിമാലി കാര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപികയുമായ സിസ്റ്റര്‍ ബിജി ജോസ് സി.എം.സി പറഞ്ഞു.
വിമാനത്തില്‍ യാദൃശ്ചികമായി  സഹയാത്രികരായെത്തിയ എ.ഡി.ജി.പി കെ.പദ്മകുമാര്‍ ഐ.പി.എസ്,  ഫാല്‍ക്കണ്‍ ഗ്രൂപ്പ് എം.ഡി എന്‍.എ മുഹമ്മദ്കുട്ടി തുടങ്ങിയവരും കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നുള്ള 11 അധ്യാപകരുടെ നേതൃത്വത്തില്‍ റോട്ടറി ക്ലബ്ബംഗങ്ങളായ ജ്യോതി രാമചന്ദ്രന്‍, പി.ആര്‍.വി. നായര്‍, സാബു കേളത്ര, റോമിലാല്‍ മാധവന്‍ എന്നിവരായിരുന്നു ഇത്തവണത്തെ യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. വിങ്‌സ് ഓഫ് ലവ് എന്ന പേരില്‍ നടത്തിവരുന്ന ഈ പദ്ധതി വരും വര്‍ഷങ്ങളിലും തുടരുമെന്ന് സംഘാടക സമതി സെക്രട്ടറി ബിബു പുന്നൂരാന്‍ പറഞ്ഞു.