ആരാണ് മോഡി പറഞ്ഞ യോനാതൻ നെതന്യാഹൂ ?

0
45175

യോനതന്‍ നെതന്യാഹു എന്ന ഒരൊറ്റ പരാമർശം കൊണ്ട് ഇസ്രയേൽ ജനതയുടെ മനസ്സിൽ ഇടം പിടിക്കാനായ നയതന്ത്ര ഇടപെടലാണ്  മോഡിയെ മോഡി ആക്കുന്നത്

by അനീഷ് ഐക്കുളത്ത്

ചരിത്രപരമായ ഇസ്രയേൽ സന്ദർശനത്തിന് ബെൻ ഗുവാരിൻ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി പരാമർശിച്ചത് ഒരു പേരാണ്… യോനാതൻ നെതന്യാഹൂ… നാൽപ്പത്തിയൊന്നു വർഷം മുൻപ് ഒരു സൈനീക നീക്കത്തിൽ കൊല്ലപെട്ട ഒരാളെ എന്തിന് ഇന്ത്യൻ പ്രധാനമന്ത്രി പരാമർശിക്കണം? ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂവിന്റെ മൂത്ത സഹോദരൻ എന്ന നിലയിൽ ആണോ അത് ? അല്ല!

ഇസ്രയേൽ പര്യടനത്തിൽ യഹൂദ ജനതയുടെ നെഞ്ചിൽ തൊടാൻ മോഡി പ്രയോഗിച്ച പബ്ലിക് റിലേഷൻ ട്രിക്ക് ആണ് യോനാതനെ സ്മരിച്ചത്. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇസ്രയേൽ ജനത വീരാരാധനയോടെ കാണുന്ന ഒരു സൈനികൻ. അതും ഇസ്രയേൽ സൈന്യത്തിന്റെ പ്രഹരശേഷിയും കാര്യക്ഷമതയും ലോകത്തിനു മുന്നിൽ വിളിച്ചു പറഞ്ഞ ഉഗാണ്ടയിലെ എന്റീബീ വിമാനത്താവള ഓപ്പറേഷനിലെ നായകൻ. യഹൂദർ ജീവൻ വെച്ച് വിലപേശിയ ജർമ്മൻ-അറബ് തീവ്രവാദികളെ കീഴ്പ്പെടുത്തി മോഡിയുടെ സന്ദർശനം തുടങ്ങിയ അതെ ജൂലൈ നാലിൽ നാല് പതിറ്റാണ്ട് മുൻപ് നടന്ന സൈനിക നീക്കത്തിൽ ഇസ്രയേലിന് നഷ്ടമായ ഒരേ ഒരു ജീവൻ… സ്വന്തം സഹോദരന്റെ പേരും പരാമർശിച്ച് ഇസ്രയേൽ സൈനിക ചരിത്രത്തിലെ നാഴികകല്ലും തൊട്ട് സ്വതസിദ്ധമായ ശൈലിയിൽ മോഡി കത്തിക്കയറുമ്പോൾ ഇസ്രയേൽ പ്രധാനമന്ത്രി നിർനിമമേഷനായി ഇരുന്നു പോയി എന്ന് വ്യക്തം. ഒരൊറ്റ പരാമർശം കൊണ്ട് ഇസ്രയേൽ ജനതയുടെ മനസ്സിൽ ഇടം പിടിക്കാൻ ആയ ആ നയതന്ത്ര ഇടപെടൽ ആണ് മോഡിയെ മോഡി ആക്കുന്നത്.

1976 ലെ ഒരു ജൂൺ 27നായിരുന്നു എട്ടു ദിവസം ഇസ്രയേലിനെ മുൾമുനയിൽ നിർത്തിയ, നെതന്യാഹു ദേശീയ ഹീറോ ആയ സംഭവങ്ങളുടെ തുടക്കം. 248 യാത്രക്കാരുമായി ടെൽ അവീവിൽ നിന്നും പാരീസ് ലക്ഷ്യമാക്കി പറന്നുയർന്ന എയർ ഫ്രാൻസ് വിമാനം പോപ്പുലർ ഫ്രന്റ് ഫോർ ദി ലിബറേഷൻ ഓഫ് പാലസ്തീന്റെയും ജർമ്മൻ റവല്യൂഷനറി സെല്ലിലെയും രണ്ടു വീതം അംഗങ്ങൾ ചേർന്ന് ഹൈജാക്ക് ചെയ്തു. ഇസ്രായേലിൽ തടവിൽ കഴിയുന്ന നാൽപതു പലസ്തീൻ പോരാളികളെയും മറ്റു നാല് രാജ്യങ്ങളിലായി തടവിൽ ഉള്ള പതിമൂന്നു പേരെയും വിട്ടു കിട്ടണം എന്നായിരുന്നു ആവശ്യം. ഏതൻസിൽ ലാൻഡ് ചെയ്ത ശേഷം, ബെൻഗാസി വഴി വിമാനം ചെന്ന് നിന്നത് അക്കാലത്തെ കുപ്രസിദ്ധ ആഫ്രിക്കൻ ഭരണകർത്താവായ  ഈദി അമീന്റെ ഉഗാണ്ടയിലെ മുഖ്യ വിമാനത്താവളമായ എൻഡബേ ആയിരുന്നു. വിമാനത്തിൽ നിന്നും എയർപോർട്ടിലെ പഴയ കെട്ടിടത്തിലേക്ക് ബന്ധികളെ മാറ്റിയ ഹൈജാക്കർമാമർ ഇസ്രയേലി ജൂതൻ, ഇസ്രായേലി അല്ലാത്ത ജൂതൻ, മറ്റു മതസ്ഥർ എന്നിങ്ങനെ തരം തിരിച്ചു.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ജൂതർ അല്ലാത്ത 148 പേരെ വിട്ടയക്കുകയും അവരെ പാരീസിലേക്ക് എത്തിക്കുകയും ചെയ്തു അമീന്റെ ഭരണകൂടവും ഹൈജാക്കർമാരും. 84 ഇസ്രയേലി വംശജരെയും പത്തു ഫ്രഞ്ച് യുവാക്കളെയും വിട്ടു കൊടുക്കാതെ പോകില്ല എന്ന് ശഠിച്ച പന്ത്രണ്ടു എയർ ഫ്രാൻസ് ജീവനക്കാരെയും വിട്ടയച്ചില്ല. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഓരോ ബന്ധികളെയായി കൊന്നൊടുക്കും എന്ന ഭീഷണി ഉയർന്നതോടെയാണ് ഉഗാണ്ടൻ സൈന്യത്തിന്റെയും ഹൈജക്കർമാരുടെ വെല്ലുവിളി അതിജീവിച്ച് കമാൻഡോ ഓപ്പറേഷന് ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗമായ മൊസാദും സൈന്യവും തുനിഞ്ഞത്. മൊസാദിന്റെ പ്രഹരശേഷി ലോകം അറിഞ്ഞ ആദ്യത്തെ ലോകതല ഓപറേഷൻ ആയിരുന്നു അത്. സൈന്യത്തെ നയിക്കാൻ നിയോഗിക്കപെട്ടത് ന്യൂയോർക്കിൽ ജനിച്ച ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ പഠിച്ച, ഗൊലാൻ കുന്നുകളിൽ യുദ്ധം നയിച്ച യോനാതൻ. ഇസ്രായേലി സൈന്യത്തിന്റെ മൂന്നാമത്തെ പരമോന്നത ബഹുമതി നന്നേ ചെറുപ്പത്തിൽ തന്നെ സ്വന്തമാക്കിയ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായ യോനാതൻ.

കെനിയയുടെ പിന്തുണയോടെ ബന്ധികൾക്കായി പോരാട്ടം തുടങ്ങാൻ ദിവസങ്ങളോളമാണ് മൊസാദ് ഒരുക്കങ്ങൾ നടത്തിയത്. ഹൈജാക്കർമാർ ജൂലൈ നാല് ആണ് തടവുകാരെ മോചിപ്പിക്കാൻ ഉള്ള അവസാന തീയതി എന്ന് അന്ത്യശാസനം നൽകിയതോടെ അന്തിമ ഓപ്പറേഷന് മൊസാദും സൈന്യവും ഒരുങ്ങി. ഇതിനുള്ളിൽ തടവുകാരെ മോചിപ്പിച്ചു ബന്ധികളെ രക്ഷിക്കാനുള്ള ആലോചനയും തുടങ്ങിയിരുന്നു. ഇദി അമീന് മൗറീഷ്യസിൽ പോകേണ്ടത് ഉള്ളതിനാൽ കിട്ടിയ അധിക അവധിയാണ് ഇസ്രായേലിന് തുണയായത്. ഇതിനിടയിൽ പി.എൽ.ഒ ചെയർമാൻ യാസർ അറാഫത്തിന്റെ അഭ്യർത്ഥന വരെ ഹൈജാക്കർമാരെ തേടി എത്തിയെങ്കിലും അവർ വിട്ടു വീഴ്ചയ്ക്ക് തയാറായില്ല. ജൂലൈ മൂന്നിനാണ് അന്തിമ ഓപ്പറേഷന് അനുമതി കിട്ടിയത്. കെനിയ പങ്കുവെച്ച ഇന്റലിജൻസ് വിവരങ്ങൾ വെച്ച് രണ്ടു ബോയിംഗ് വിമാനങ്ങളും കാർഗോ വിമാനങ്ങളും ആയിട്ടാണ് ഇസ്രയേൽ സൈന്യം യാത്ര തിരിച്ചത്.

ഉഗാണ്ടൻ വിമാനത്താവളത്തിൽ ഇറങ്ങിയ യോനാതനും സംഘവും ഇദി അമീനെ അനുകരിച്ചാണ് ആക്രമണം തുടങ്ങിയത്. അമീൻ സഞ്ചരിക്കുന്ന തരത്തിൽ ഉള്ള കറുത്ത ബെൻസ് കാറും അകമ്പടിയായി ലാൻഡ്‌റോവറുമെല്ലാം ആയി യാത്ര തുടങ്ങിയപ്പോൾ ആരും സംശയിച്ചില്ല എന്നാൽ അമീൻ വെളുത്ത ബെൻസിലേക്ക് ഒരാഴ്ച മുൻപ് മാറിയ കഥ അറിയാവുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ അവരെ തടഞ്ഞു. പിന്നെ അര മണിക്കൂർ നീണ്ട ഒരു പോരാട്ടം. ഹൈജാക്കർമാരെ കൊന്ന് ബന്ധികളെ മോചിപ്പിച്ചു വിമാനത്തിൽ എത്തിച്ചപ്പോളാണ് ഉഗാണ്ടൻ സൈന്യം വിവരം അറിഞ്ഞത്. ബന്ധികളെ തിരികെ പിടിക്കാനുള്ള ഉഗാണ്ടൻ സൈന്യത്തിന്റെ ശ്രമം ചെറുക്കുന്നതിനിടെ അവരുടെ പ്രത്യാക്രമണത്തിൽ യോനാതൻ കൊല്ലപ്പെട്ടു. 45 ഉഗാണ്ടൻ സൈനികരും ഏഴു ഹൈജക്കർമാരുമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപെട്ടത്. കൃത്യമായ ആസൂത്രണംമൂലം ഉഗാണ്ടൻ അതിർത്തി പിന്നിട്ടു 58 മിനിട്ടിനുള്ളിൽ ഓപ്പറേഷൻ പൂർത്തീകരിച്ചത് ഇസ്രായേലി സൈന്യത്തിനും മൊസാദിനും വലിയ ഖ്യാതിയാണ് സമ്മാനിച്ചത്.

യോനാതന്റെ മൃതദേഹം ദേശീയ ഹീറോ പരിവേഷത്തോടെയാണ് സംസ്‌ക്കരിച്ചത്. മൂത്ത സഹോദരന്റെ മരണത്തോടെ ഇസ്രയേലിൽ എത്തിയ ബെഞ്ചമിൻ നെതന്യാഹൂവിന് രാഷ്ട്രീയത്തിൽ ഉയരങ്ങൾ കീഴടക്കാനും ഇസ്രയേൽ പ്രധാനമന്ത്രിപദം വരെ കൈയ്യാളാനും സഹായിച്ചത് പേരിനൊപ്പമുള്ള നെതന്യാഹൂ എന്ന പേര് കൊണ്ട് കൂടിയാണ് എന്നാണ് ഇസ്രയേൽ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ആ പേര്, ബെഞ്ചമിൻ നെതന്യാഹൂവിനും ഇസ്രയേൽ ജനതയ്ക്കും ഏറെ പ്രിയങ്കരമായ ഒരു പേര് പരമാർശിയച്ചു കൊണ്ടാണ് മോഡിയുടെ ഇസ്രയേൽ യാത്ര തുടങ്ങിയത്. ഇന്ത്യ ഇതുവരെ പുലർത്തിയിരുന്ന വിദേശകാര്യ നയത്തിൽനിന്നും ഗതിമാറി ഇസ്രയേൽ അനുകൂലമായ ഒരു നിലപാടിലേക്ക് ചുവട് മാറുമ്പോൾ ആ ജനതയുടെ ഹൃദയം തൊട്ടെടുക്കാൻ മോഡി നടത്തിയ മാസ്റ്റർ സ്ട്രോക്ക്. അതാണ് യോനാതൻ നെതന്യാഹു എന്ന നാമം.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യോനാദന്റെ കല്ലറക്കരികെ