ഇന്ത്യൻ തീരങ്ങളിൽ പുതിയതായി മത്സ്യബന്ധന യാനങ്ങൾക്ക് ഇനി അനുമതി നൽകരുതെന്ന് നിർദ്ദേശം

0
124
സമുദ്ര മത്സ്യമേഖലയുടെ സുസ്ഥിര വികസനത്തിന് വികസനരേഖ തയ്യാറായി
പ്രധാന നിർദ്ദേശങ്ങൾ: 
മീൻപിടുത്ത വലകൾക്ക് ലൈസൻസ് ഏർപ്പെടുത്തണം; സമുദ്രോദ്യാനങ്ങൾ രൂപീകരിക്കണം, 
സമുദ്രപഠനം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം; മത്സ്യങ്ങളുടെ മിനിമം ലീഗൽ സൈസ് നിയന്ത്രണം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കണം;
മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ ഉപജീവനം സംരക്ഷിക്കണം
കൊച്ചി: ഇന്ത്യൻ സമുദ്രതീരങ്ങളിൽ പുതിയതായി മത്സ്യബന്ധന യാനങ്ങൾക്ക് ഇനി അനുമതി നൽകരുതെന്ന് നിർദ്ദേശം. മീൻപിടുത്ത ബോട്ടുകളുടെ ആധിക്യം തടയുന്നതിനാണിത്. രാജ്യത്തെ സമുദ്ര മത്സ്യമേഖലയുടെ സുസ്ഥിരവികസനത്തിനായി തയ്യാറാക്കിയ ദേശീയ വികസന രേഖയിലാണ് ഈ നിർദ്ദേശം.
നീതി ആയോഗിന്റെ നിർദ്ദേശത്തോടെ, സിഎംഎഫ്ആർഐയും (കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം) വേൾഡ് വൈൽഡ് ലൈഫ്-ഇന്ത്യയും സംയുക്തമായി നടത്തിയ ശിൽപശാലയിൽ ബന്ധപ്പെട്ട കേന്ദ്രമന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ, സമുദ്രശാസ്ത്രജ്ഞർ, പരിസ്ഥിതി വിദഗ്ധർ, വിവിധ സംസ്ഥാനങ്ങളിലെ ഫിഷറീസ്, വനം, പരിസ്ഥിതി, തീരദേശ പരിപാലനം, വ്യവസായം, സമുദ്രവികസനം തുടങ്ങിയ വകുപ്പുകളിലെ മുതിർന്ന ഉദ്യാഗസ്ഥർ എന്നിവർ ചേർന്നാണ് വികസന രേഖ തയ്യാറാക്കിയത്.
ബോട്ടുകൾക്കു പുറമെ, മീൻപിടുത്ത വലകൾക്കും ബോട്ട് നിർമ്മാണ ശാലകൾക്കും ഇനിമുതൽ ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തണമെന്നും വികസനരേഖയിൽ നിർദ്ദേശമുണ്ട്.
കടലിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിന് സമുദ്രോദ്യാനം, സംരക്ഷിത മേഖല എന്നിവ രൂപീകരിക്കണം. കടലുമായി ബന്ധപ്പെട്ട പ്രകൃതിലോല പ്രദേശങ്ങളെ ജൈവവൈവിധ്യ പൈതൃക മേഖലകളായി പ്രഖ്യാപിക്കണം. കടൽ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിന് സമുദ്രപഠനം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും വികസനരേഖ നിർദ്ദേശിക്കുന്നു.
ചെറുമീനുകളെ പിടിക്കുന്നത് തടയാൻ സിഎംഎഫ്ആർഐ തയ്യാറാക്കിയ വിവിധ മത്സ്യങ്ങളുടെ മിനിമം ലീഗൽ സൈസ് (പിടിക്കാവുന്ന ഏറ്റവും ചെറിയ വലിപ്പം) നിയന്ത്രണങ്ങൾ എല്ലാ തീരദേശ സംസ്ഥാനങ്ങളിലും ഒരുപോലെ നടപ്പിൽ വരുത്തണമെന്നും വികസനരേഖയിൽ പറയുന്നുണ്ട്. നിലവിൽ കേരളത്തിൽ മാത്രമാണ് ഇത് നടപ്പിലാക്കിയിട്ടുള്ളത്.
വികസനരേഖയിലെ മറ്റ് നിർദ്ദേശങ്ങൾ
കടൽ സമ്പത്തിന്റെ സുസ്ഥിര പരിപാലനത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവന മാർഗ്ഗം സംരക്ഷിക്കുന്നതിന് പ്രാമുഖ്യം നൽകണം. തീരദേശമേഖലയിൽ താമസിക്കുന്നവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും തീരദേശകൃഷി, ഇക്കോടൂറിസം എന്നിവയിലൂടെ വരുമാനം കണ്ടെത്താൻ സഹായിക്കുകയും വേണം. മത്സ്യമേഖലയുടെ സുസ്ഥിരതയ്ക്ക് ഭീഷണിയായി മാറുന്ന തരം സബ്‌സിഡികൾ നിർത്തലാക്കി ഈ ഫണ്ടുകൾ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉപജീവനം മെച്ചപ്പെടുത്തുന്ന പദ്ധതികൾക്കായി വിനിയോഗിക്കണം.
പാരിസ്ഥിതിക സംരക്ഷണത്തോടൊപ്പം, രാജ്യത്തിന്റെ ജി ഡി പി മെച്ചപ്പെടുത്താൻ സമുദ്രസമ്പത്തിന്റെ സാമൂഹിക-സാമ്പത്തിക സാധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് വിശദമായ മാർഗ്ഗരേഖ വേണം.
ഇന്ത്യയുടെ സമുദ്രതീര പരിധിയ്ക്കുള്ളിൽ മത്സ്യബന്ധന നിയന്ത്രണങ്ങൾ ഏകോപിപ്പിക്കുന്നതിന് സമുദ്ര നിയന്ത്രണ പരിപാലന നിയമം (ഓഷ്യൻ റെഗുലേഷൻ മാനേജ്‌മെന്റ് ആക്ട്) എത്രയും പെട്ടെന്ന് നടപ്പിലാക്കണം. നിയമവിരുദ്ധവും അനിയന്ത്രിതവുമായ മീൻപിടുത്ത രീതികൾ തടയുന്നതിന് ബോട്ടുകളുടെ യാത്രാപഥം നിരീക്ഷിക്കുന്ന വിഎംഎസ് സംവിധാനം കർശനമായി നടപ്പിലാക്കണം.
തീരദേശ മേഖലയിൽ ഏത് തരം വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ മുൻകൂർ സമ്മതം നേടിയിരിക്കണം. തീരദേശ പരിപാലന നിയമങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തീരദേശങ്ങളിൾ ജില്ലാടിസ്ഥാനത്തിൽ സമിതികൾ രൂപീകരിക്കണം. തീരദേശ വികസന പ്രവർത്തനങ്ങളിൽ സ്ത്രീസംഘങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പദ്ധതികൾ ആവിഷ്‌കരിക്കണം.
മത്സ്യത്തൊഴിലാളികൾക്ക് ബദൽ ഉപജീവനമാർഗ്ഗം ഒരുക്കുന്നതിനായി കടൽകൃഷി വികസിപ്പിക്കണം. ഇതിനായി ദേശീയ സമുദ്രകൃഷി നയം രീപകരിക്കണം.
വികസനരേഖ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഒറീസ്സ പ്ലാനിംഗ് ആന്റ് കൺവേർജൻസ് അഡീഷണൽ സെക്രട്ടറി പി കെ ബിസ്വാൽ, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്-ഇന്ത്യ പ്രോഗ്രാം ഡയറക്ടർ ഡോ സേജൽ വോറ എന്നിവർ നേതൃത്വം നൽകി. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വികസനരേഖ തയ്യാറാക്കിയത്. തുടർ നടപടികൾ കൈക്കൊള്ളുന്നതിന് വികസനരേഖ നീതി ആയോഗ് എല്ലാ സംസ്ഥാനങ്ങൾക്കും അയക്കും.