എല്ലാം ശരിയാക്കാന്‍ ഇനി ആര് വരും?’ സര്‍ക്കാരിനെതിരെ ഹൈക്കോടതി

0
96

കൊച്ചി: സർക്കാരിനെതിരേ രൂക്ഷ പരാമർശവുമായി വീണ്ടും ഹൈക്കോടതി. എല്ലാം ശരിയാക്കാൻ ഇനി ആര് വരുമെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ ലൗ ഡെയ്ൽ റിസോർട്ടുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. റിസോർട്ട് നിൽക്കുന്നത് സർക്കാർ ഭൂമിയിലാണെന്നും ഒഴിപ്പിക്കുന്നതിന് സർക്കാരിന് തടസമില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ കേസിന്‍റെ വിധി പകർപ്പിലാണ് സർക്കാരിനോട് സുപ്രധാന ചോദ്യങ്ങൾ ഹൈക്കോടതി ഉന്നയിക്കുന്നത്.

കെട്ടിടം ഉള്‍പ്പെടെയുള്ള 22 സെന്റ് സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാം. ഭൂമിയില്‍ സര്‍ക്കാരിനാണ് പരിപൂര്‍ണ അവകാശമെന്നും പാട്ടക്കാരന് അവകാശമുന്നയിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. പാല സ്വദേശി തോമസ് മൈക്കിളിന്റെ കൈവശമുണ്ടായിരുന്ന ഭൂമി പാട്ടക്കാലാവധിക്ക് ശേഷം വി.വി. ജോര്‍ജിന് മറിച്ച് വില്‍ക്കുകയായിരുന്നു. ഇക്കാര്യം രേഖകള്‍ പരിശോധിച്ചതില്‍നിന്നും ബോധ്യപ്പെട്ട് സബ് കലക്ടര്‍ 48 മണിക്കൂറിനകം ഭൂമി വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയായിരുന്നു. ഈ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ജോര്‍ജ്ജ് കോടതിയെ സമീപിച്ചത്.
ഇതൊഴിപ്പിക്കാനുളള ശ്രമം നിര്‍ത്തിവെക്കണമെന്നും സബ്കളക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുമായിരുന്നു സിപിഐ, കോണ്‍ഗ്രസ്, സിപിഐഎം സംഘം പിന്നാലെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് ചര്‍ച്ചയായിരുന്നു. സബ്കളക്ടറുടെ നടപടി ന്യായമാണെന്നും ഇതൊഴിപ്പിക്കണമെന്നുമുളള നിലപാടാണ് റവന്യുവകുപ്പ് സ്വീകരിച്ചത്. അതേസമയം യോഗം വിളിക്കാമെന്നാണ് ഇതില്‍ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ യോഗത്തിന്റെ ആവശ്യമില്ലെന്നും സബ്കളക്ടറുടേത് ശരിയായ നിലപാടാണെന്നായിരുന്നു റവന്യുമന്ത്രി പ്രകടിപ്പിച്ചതും. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുന്നതും റവന്യുമന്ത്രിയും സിപിഐയും വിട്ടുനില്‍ക്കുന്നത് അടക്കമുളള തുടര്‍വിവാദങ്ങള്‍ ഉണ്ടാകുന്നതും.