ഔഷധി പ്രൊഫഷണലിസത്തിന്റെ പാതയിലേക്ക്; ടേൺ ഓവർ 500 കോടി രൂപയായി ഉയർത്തുമെന്ന് കെ.ആർ.വിശ്വംഭരൻ

0
371

മനോജ്‌

തിരുവനന്തപുരം: ഔഷധിയുടെ വാർഷിക വിറ്റുവരവ് 500 കോടി രൂപയായി ഉയർത്തുമെന്ന് ഔഷധി ചെയർമാൻ കെ.ആർ.വിശ്വംഭരൻ 24 കേരളയോട് പറഞ്ഞു. 2020വരെയുള്ള കാലയളവ് ഔഷധി പരമപ്രധാനമായി കരുതുന്നു. ഈ കാലയളവിലാണ് ഔഷധിയുടെ കുതിച്ചു ചാടലിനു ഞങ്ങൾ ആശയങ്ങൾ മെനയുന്നത്.

കെ ആര്‍ വിശ്വംഭരന്‍

നിലവിൽ 100 കോടിരൂപയാണ് ടേൺ ഓവർ. ഇതാണ് 500 കോടിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. അതിനുള്ള ആദ്യ ചുവട് ഉത്പാദനം കൂട്ടുകയാണ് എന്ന് ഞങ്ങൾ കരുതുന്നു. ഒപ്പം ക്വാളിറ്റിയിൽ കോംപ്രമൈസ് ഉണ്ടാകുകയും ചെയ്യരുത്. ഈ കാര്യത്തിൽ ഔഷധിക്ക് നിർബന്ധമുണ്ട്.

ഔഷധി മരുന്നുകൾ ഉപയോഗിക്കുന്നവർ ഒരിക്കലും ഔഷധിയെ കൈവിടരുത്. ഈ രീതിയിലാണ് ഔഷധി നീങ്ങുന്നത്.  വിപണിയിലെ വില നിലവാരം പിടിച്ചു നിർത്തുന്നതിൽ ഔഷധിക്ക് ഒരു വലിയ പങ്ക് ഉണ്ട്. കാരണം ഔഷധി ഒരിക്കലും വലിയ വില ഉത്പ്പന്നങ്ങൾക്ക് ഈടാക്കാറില്ല. കാരണം സർക്കാർ നിയന്ത്രിത സംരംഭമാണ് ഔഷധി. അതുകൊണ്ട് തന്നെ ഔഷധിയുടെ ഉത്പാദനം  കൂട്ടുക  ഞങ്ങളുടെ പരമ പ്രധാന ലക്ഷ്യമായി കരുതുന്നു.  അതിനനുസൃതമായ പദ്ധതികൾ ആണ് ഔഷധിക്കായി ആവിഷ്‌ക്കരിക്കുന്നത്.

ഉത്തരാഖണ്ട് അടക്കമുള്ള നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങൾ മരുന്നുകൾക്ക് വേണ്ടി ഔഷധിയെ സമീപിക്കുന്നുണ്ട്. പക്ഷെ ഔഷധിക്ക് ഈ സംസ്ഥാനങ്ങൾക്ക് മരുന്ന് എത്തിക്കാൻ കഴിയുന്നില്ല. കാരണം കേരളത്തിൽ മരുന്നുകൾക്ക് ഷോർട്ടേജ് വരും, അതുകൊണ്ട് തന്നെ പുതിയ പ്ലാന്റ്, മരുന്നുകളുടെ പ്രൊഡക്ട്ടിവിറ്റി കൂട്ടുക  അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ  കോർപ്പറേറ്റ് പദ്ധതികൾ ആണ് ഔഷധിക്കായി ആവിഷ്‌ക്കരിക്കുന്നത്.

പ്രൊഫഷണലിസത്തിന്റെ പാതയിലേക്ക് ഞങ്ങൾ ഔഷധിയെ നയിക്കുകയാണ്. വ്യക്തമായ പദ്ധതികളോടെയാണ് ഔഷധി മുന്നോട്ട് പോകുന്നത്. ഒരു മാസ്റ്റർ പ്ലാൻ ഉത്പാദനം കൂട്ടാനായി ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ആയുർവേദം കേരളത്തിലങ്ങോളമിങ്ങോളം വേര് പടർത്താൻ ഞങ്ങൾ ശ്രമിക്കുന്നു. സംസ്ഥാന പദ്ധതികളും ഫണ്ടുകളും, കേന്ദ്ര പദ്ധതികളും ഫണ്ടുകളും ഞങ്ങളുടെ പദ്ധതികൾക്കുണ്ട്.

പ്രൊഡക്ട്ടിവിറ്റി കൂട്ടുക പ്രധാന ലക്ഷ്യമാകുന്നു. അതുകൊണ്ട് തന്നെ കൂടുതൽ മെഷീനറികൾ സ്ഥാപിക്കേണ്ടതുണ്ട്. ത്വരിത ഗതിയിലുള്ള വളർച്ച വേണമെങ്കിൽ മികച്ച പ്ലാന്റുകൾ  കൂടി വേണം. അതിനു പുതിയ പ്ലാന്റുകൾ തുടങ്ങാൻ ഞങ്ങൾ പദ്ധതിയിടുന്നു. അതിനു റോ മെറ്റീരിയൽ ലഭ്യത ഉറപ്പാക്കണം. തിരുവനന്തപുരത്ത് മുട്ടത്തറ ഒരു പ്ലാന്റ് തുടങ്ങാൻ ഞങ്ങൾ പദ്ധതിയിടുന്നുണ്ട്. കെട്ടിടം പണി ഏകദേശം തീർന്നു. കുറച്ച് ഏക്കർ സ്ഥലമുണ്ട്. അവിടെനിന്ന് പ്രൊഡക്ഷൻ തുടങ്ങണം.

ടേൺ ഓവർ കൂട്ടണമെങ്കിൽ പ്രൊഡക്ഷനിൽ വലിയ വർധനവ് വേണം. അതുകൊണ്ട് തന്നെ ഔഷധി കണ്ണൂരിനെയും പ്രതീക്ഷയോടെ കാണുകയാണ്. കണ്ണൂർ ഒരു വലിയ പ്ലാന്റ് ഔഷധി ലക്ഷ്യമിടുന്നു. അവിടെ സ്ഥലം നൽകാമെന്നു കേരള സർക്കാർ സമ്മതിച്ചിട്ടുണ്ട്. കണ്ണൂർ ഔഷധി പദ്ധതികളെ ഞങ്ങൾ പ്രതീക്ഷയോടെ കാണുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിൽ ഔഷധി നല്ല രീതിയിൽ കെട്ടിപ്പൊക്കാം എന്ന് തന്നെ കരുതുന്നു.

ഞങ്ങൾ ഒരേ സമയം സ്റ്റേറ്റിനേയും, കേന്ദ്രത്തെയും സമീപിക്കുകയാണ്. ഞങ്ങളുടെ പദ്ധതികളിൽ കേന്ദ്ര സർക്കാരിന് താല്പര്യമുണ്ട്. അതുകൊണ്ട് തന്നെ ആയുഷ് പദ്ധതികളിൽ ഉൾപ്പെടുത്തി ഫണ്ട് സമാഹരിക്കാൻ പ്രയാസം കാണില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. 300 കോടി രൂപ ആയുഷ് ഫണ്ടിന് ഔഷധി ശ്രമിക്കുന്നുണ്ട്. അത് ഔഷധിക്ക് ലഭിക്കും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. കാരണം കേന്ദ്ര സർക്കാരിന് ഔഷധിയിൽ പ്രതീക്ഷയുണ്ട്.

ജനങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകാൻ ഞങ്ങൾ പദ്ധതിയിടുന്നുണ്ട്. തൃശൂരിൽ ഞങ്ങൾക്ക് ഒരു തിരുമ്മൽ കേന്ദ്രമുണ്ട്. അത് അടുത്തിടെ ഞങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ട്. 25 ഓളം മുറികൾ ഈ തിരുമ്മൽ കേന്ദ്ദ്രത്തിൽ ഞങ്ങൾ കൂട്ടിയെടുത്തിട്ടുണ്ട്. ജനങ്ങളെ കൂടുതൽ ഔഷധിയുമായി അടുപ്പിക്കുക ലക്ഷ്യമിട്ടാണ് ഈ തിരുമ്മൽ കേന്ദ്രം ഞങ്ങൾ സ്ഥാപിച്ചിട്ടുള്ളത്.

പിന്നെ ഞങ്ങളുടെ മുന്നിലുള്ളത് ടൂറിസമാണ്. വിദേശികൾ വളരെ പ്രതീക്ഷയോടെയാണ് നമ്മുടെ ആയുർവേദ ചികിത്സാ രീതികളെ കാണുന്നത്. പലപ്പോഴും അവർ തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്.  യഥാർത്ഥ ആയുർവേദ രീതികൾ അവർക്ക് ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. ആ രീതിയിൽ ഒരു ബോധവത്ക്കരണം ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടത്താൻ ഔഷധിക്ക് പദ്ധതിയുണ്ട്.

വലിയ രീതിയിൽ ഔഷധിക്ക് ഒരു മുന്നേറ്റം നടത്താൻ ടൂറിസം വഴിയുള്ള നീക്കങ്ങൾ സഹായിക്കുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഇപ്പോൾ കേരളത്തിൽ വിവിധ രോഗങ്ങൾ പിടിമുറുക്കുന്നു. രോഗം വന്നു കഴിഞ്ഞിട്ടാണ് നമ്മൾ ചികിത്സ തേടുന്നത്. എന്തുകൊണ്ട് നമുക്ക് രോഗം വരുന്നതിനു മുൻപ് തന്നെ അതിനു മുൻകരുതൽ സ്വീകരിച്ചു കൂടാ എന്നൊരു ചോദ്യം ഉണ്ട്. ആയുർവേദത്തിൽ അതിനു പ്രതിവിധിയുണ്ട്. ഈ കാര്യം ഔഷധി പ്രചാരണങ്ങളിൽ ഞങ്ങൾ ഉയർത്തിപ്പിടിക്കും.

ആയുർവേദത്തിലേക്ക് ജനങ്ങളെ കൈകൊർപ്പിക്കുക എന്നൊരു ലക്ഷ്യം കൂടെ ഔഷധി സൂക്ഷിക്കുന്നു. കേരളത്തിലെ ആയുർവേദ രംഗത്ത് ഔഷധിക്ക് വലിയ റോൾ ഉണ്ട്. ഈ റോൾ ഔഷധി ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യും. ഇപ്പോൾ ഔഷധിക്ക് മുന്നിലുള്ള വലിയ കാര്യം ജിഎസ്ടിയാണ്.

അഞ്ചര ശതമാനം ജിഎസ്ടി 12.5 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ആയുർവേദ മരുന്നുകൾക്ക് വില ഉയരുന്ന ഒരു ഘട്ടമാണിത്. ഞങ്ങൾ ഇതിനെതിരേ സംസ്ഥാന സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും സമീപിച്ചിട്ടുണ്ട്. കാര്യങ്ങൾ ഔഷധിക്ക് അനുകൂലമായി ഉയർത്തണമെന്നു  ഞങ്ങൾ പദ്ധതിയിടുന്നു. ജിഎസ്ടി പ്രശ്‌നങ്ങൾ മറികടക്കുകയാണ് പ്രധാന ലക്ഷ്യം.

ഒരു ഔഷധി ടീം കെട്ടിപ്പൊക്കാൻ ആണ് വ്യക്തിപരമായി ഞാൻ ശ്രദ്ധിക്കുന്നത്. ത്വരിത ഗതിയിലുള്ള വളർച്ച സാധ്യമാകണമെങ്കിൽ ഒരു ടീം കൂടെ വേണം. ഔഷധിയിലും ഒരു ടീം വർക്കിനാണ് എന്റെ ശ്രമം. വിശ്വംഭരൻ പറയുന്നു.