കാസർകോട്ട് മുന്‍ ലീഗ് ജില്ലാ സെക്രട്ടറി അടക്കം 250 പേര്‍ സിപിഎമ്മില്‍ 

0
72

മുസ്‌ളിംലീഗിന്റെ ന്യൂനപക്ഷവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കാസർകോട് ജില്ലയിൽ ലീഗ് വിട്ട നേതാക്കളും പ്രവര്‍ത്തകരും സി.പി.എമ്മിന്റെ ഭാഗമായി.  ലീഗ് മുൻ ജില്ലാ സെക്രട്ടറി കെ കെ അബ്ദുള്ളക്കുഞ്ഞി, മഞ്ചേശ്വരം മണ്ഡലം മുൻ കൌൺസിലർ എം എ ഉമ്പു മുന്നൂർ, മംഗൽപാടി പഞ്ചായത്ത് കൌൺസിലർമാരായ മുഹമ്മദ് ചിത്തൂർ, മുസ്തഫ ഉപ്പള ഉൾപ്പെടെ ഇരുനൂറ്റമ്പതോളം ലീഗ് നേതാക്കളും പ്രവർത്തകരുമാണ് കുമ്പളയില്‍ നടന്ന ചടങ്ങില്‍ സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചത്.ലീഗ് വിട്ടെത്തിയവരെ പൊതുസമ്മേളനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചുവന്ന ഹാരമണിയിച്ച് സ്വീകരിച്ചു.

സംഘപരിവാർ നടത്തുന്ന വർഗീയഫാസിസത്തെ ചെറുക്കാൻ ലീഗിന് കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ആ പാർടിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അബ്ദുള്ളക്കുഞ്ഞി പറഞ്ഞു. ഫാസിസത്തിനെതിരെയുള്ള സിപിഎം നിലപാട് ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റുന്നതാണ്. സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചത് അഭിമാനത്തോടെയാണ്. ഭക്ഷണത്തിൽ ഫാസിസ്റ്റ് ഭരണകൂടം ഇടപെട്ടപ്പോൾ ലീഗിന് ഒരു പ്രതിരോധവും ഉയർത്താൻ കഴിഞ്ഞില്ല. കാസർകോട് ജില്ലയിൽ ലീഗ് നേതൃത്വം മാഫിയകളുടെ കൈകളിലാണ്. വരുംദിവസങ്ങളിൽ ജില്ലയിൽ കൂടുതൽ നേതാക്കളും പ്രവർത്തകരും ലീഗ് വിടുമെന്നും അബ്ദുള്ളക്കുഞ്ഞി വ്യക്തമാക്കി.

ലീഗ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചവരെ അഭിമാനത്തോടെ പാർടി സ്വാഗതം ചെയ്യുകയാണെന്ന് കോടിയേരി പറഞ്ഞു. സിപിഎം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയനയങ്ങൾക്കേ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാവൂവെന്ന് ബോധ്യപ്പെട്ടതിനാലാണ് ഇവർ പാർടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചത്. അബ്ദുള്ളക്കുഞ്ഞിയും സഹപ്രവർത്തകരും നല്ലസമയത്താണ് സിപിഎമ്മിലേക്ക് വരുന്നത്. ലീഗ് വിടുന്നവർക്ക് പാർടി എല്ലാവിധ പരിഗണനയും നൽകുമെന്നും കോടിയേരി പറഞ്ഞു.